Saturday, September 5, 2009

ഉപ്പുചാക്കും ബൈക്കും പിന്നെ ഞാനും

ഉച്ചക്ക്, തിപ്പസാന്ദ്ര മോട്ടിസില്‍ നിന്ന് ഇഡ്ഡലി വലുപ്പമുള്ള പകുതിവെന്ത ചോറും പിടഞ്ഞോണ്ടിരിക്കുമ്പം ഫ്രൈ ചെയ്ത പോലുള്ള(ആ ഷെയ്പ്പാണു)നല്ല ഫ്രഷ് മത്തീം കഴിച്ച് വലിച്ചൂനീട്ടിയൊരു ഏമ്പക്കവും വിട്ട് 80 കിലോ വരുന്ന ഒരു ഉപ്പു ചാക്കും ബൈക്കില്‍ വലിച്ചു കേറ്റി ഓഫീസിലേക്കു തിരിച്ചു. ഇടക്കിടക്ക് ഉപ്പ് ചാക്കിരുന്ന് ഇളകി എന്റെ ബാലന്‍സ് തെറ്റിക്കുന്നുണ്ടായിരുന്നു. വയറുനിറച്ച് ഭക്ഷണം കുത്തിയിറക്കിയതല്ലേ...ഗ്യാസിന്റെ പ്രോബ്ളമായിരിക്കും എന്നൊക്കെ വിചാരിച്ച് ഞാന്‍ ക്ഷമിച്ചു.

സുരഞ്ജന്‍ ദാസ് റോഡില്‍ നല്ല തിരക്ക്. ഫസ്റ്റ് ഗിയറിലിട്ട് എടുക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ടോര്‍ക്കില്‍‍ ബാക്കിലുള്ള ഉപ്പുചാക്കിന്റെ കുടവയറ് വന്നെന്നെ ഇടിച്ചു താഴേക്കിടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സി വി രാമന്‍ നഗര്‍ റോഡിലേക്ക് പ്രവേശിച്ചതോടെ തിരക്കൊഴിഞ്ഞു. നല്ല വിശാലമായ റോഡ്. ദശാവതാരത്തിലെ “കാ കറുപ്പാനുക്കും” മൂളിക്കൊണ്ട് ആക്സിലറേറ്റര്‍ തിരിച്ചു..സ്പീഡ് കൂടി കൂടി വന്നു...60 - 70 - 75 - 80 ... സി വി രാമന്റെ പ്രതിമയുടെ അടുത്തുള്ള റൌണ്ടില്‍ വണ്ടി തിരിക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ സ്പീഡ് ഉണ്ടായിരുന്നെന്നു തോന്നുന്നു. ഡണ്‍ലപ്പിന്റെ പുതിയ 20 ഇഞ്ച് ടയറാണു ബാക്കിലെന്ന വിശ്വാസത്തില്‍ നല്ലപോലെ ചരിഞ്ഞ് വളവു തിരിഞ്ഞു.

ഇനിയുള്ളത് “ലോക്കിങ്ങ് ഡാന്‍സു“ പോലെയെ ഓര്‍മ്മയുള്ളൂ. കണ്ട്രോള്‍ പോയ ഞാന്‍/ബൈക്ക്...ശൂന്യാകാശ സഞ്ചാരികളെ പോലെ എയറില്‍ നില്‍ക്കുന്ന ഞാന്‍...തെറിച്ചു വീണ് ഉരുണ്ടു പിരണ്ടു പോകുന്ന ഞാന്‍...നിലത്തുവീണ് ഉരഞ്ഞ് തീപ്പൊരി പാറിച്ചോണ്ട് പോകുന്ന ബൈക്ക്.....പൊട്ടിച്ചിതറുന്ന മിററുകളുടെ ശബ്ദം...

എല്ലാം ഒന്നു ശാന്തമാകുന്നതുവരെ ഭൂമിദേവിയെ സാഷ്ടാംഗം നമസ്കരിച്ച് കിടന്നു. കുറച്ചു കഴിഞ്ഞ്, ഉറങ്ങുന്നതു പോലെ കിടന്ന് പെട്ടെന്നെന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോള്‍ തലപൊക്കി നോക്കുന്ന വിശ്വസ്തനായ ശ്വാനനേ പോലെ ഞാന്‍ തല ഉയര്‍ത്തി. ദോണ്ടേ അപ്പുറത്ത് നമ്മുടെ ഉപ്പുചാക്കു നിന്ന് മേല് പറ്റിയ പൊടിയൊക്കെ തട്ടിക്കളയുന്നു...ഒന്നു എഴുന്നേല്‍ക്കാന്‍ നോക്കി. വലതുകാല്‍ മുട്ട് ഭയങ്കര വേദന...അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒന്നു നോക്കിയപ്പോഴേക്കും ഉണ്ടായിരുന്ന ബോധം കൂടി പോയി. പിന്നെ റിസര്‍വിലുണ്ടായിരുന്ന കുറച്ച് ബോധം എടുത്ത് വീണ്ടും നോക്കി. ചുവന്ന ജീന്‍സ്..അവിടെം ഇവിടേം ഒക്കെ കീറിയിട്ടുണ്ട്. ഇതെപ്പ വേടിച്ച്? ഇതേത് ഫാഷന്‍? പിന്നെ മനസിലായി രക്തമാണെന്ന്..

ചക്കചുളയില്‍ ഈച്ച വന്നപോലെ പെട്ടെന്നാണു ആളുകൂടിയത്..കാണാന്‍ വര്‍ണ്ണാഭമായ കാഴ്ച്ചയാണല്ലോ.. അപ്പോഴേക്കും രണ്ടുപേര് ബൈക്കെടുത്ത് റോഡ് സൈഡിലേക്ക് മാറ്റി.രണ്ടുപേര്‍ വന്നു തൂക്കി എന്നെയും സൈഡാക്കി. ഞാന്‍ ബോധം കെടണോ അതോ വേണ്ടയോ എന്നൊക്കെ ആലോചിച്ചോണ്ടിരുന്നു. ഉപ്പുചാക്കാണേല്‍ കൈയ്യിലേ ഒരു പോറലും പൊക്കി പിടിച്ച് അവിടുള്ളോരോട് എല്ലാം വിസ്തരിച്ചോണ്ടിരിക്കുന്നു.

കാലുമ്മേ നോക്കിയാല്‍ കരച്ചില്‍ വരും..ഒടിഞ്ഞു എന്നുള്ളത് നൂറു ശതമാനം...നിലത്ത് കുത്താനും വയ്യ പൊക്കാനും വയ്യ..ഇനി എത്ര നാള്‍ പ്ലാസ്റ്ററിട്ട് കിടക്കണം..അങ്ങനെ വരുകാണേല്‍ നാട്ടില്‍ പോകാം..ഫ്ലൈറ്റില്‍ പോണോ അതോ ട്രെയിനില്‍ പോണോ..ഒരു മാസം എന്താ‍യാലും മെഡിക്കല്‍ ലീവ് എടുക്കാം..ഇനി ഒരു മാസം കഴിയുമ്പോള്‍ ശരിയായിട്ടില്ലാന്നു പറഞ്ഞ് വീ‍ണ്ടും ലീവ് നീട്ടാം...മനോരാജ്യം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു.

അപ്പോഴേക്കും നമ്മുടെ ഉപ്പ് ചാക്ക് വേറോരു സുഹൃത്തിനെ വിളിച്ച് കാറും പൈസയുമായി വരാന്‍ പറഞ്ഞു. ഞങ്ങളെ റോഡ് സൈഡിലിരുത്തി എല്ലാ‍വരും പിരിഞ്ഞു. കടുത്തവേദനയിലും വായിനോട്ടത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഇടക്കിടക്ക് ചിലരെല്ലാം വന്ന് വഴി ചോയിച്ചോണ്ടിരുന്നു. ശവങ്ങള്‍ക്ക് കണ്ണില്ലേ? ഇവിടൊരുത്തന്‍ ചോരയൊലിപ്പിച്ചിരി‍ക്കുന്നത് കണ്ടൂടേ? കുറച്ചു കഴിഞ്ഞപ്പോള്‍ ആ വഴിക്ക് ഒരു സഹപ്രവര്‍ത്തകന്‍ വരുന്നു..

“എന്താണിഷ്ടാ? ചോറും കഴിച്ച് നടക്കാനിറങ്ങിയതാണോ” അങ്ങേരുടെ ചോദ്യം

“എന്റെ ഗഢീ ദേ..ലങ്ങട് നോക്ക്” ബൈക്ക് ചൂണ്ടി “ദേ ദിങ്ങട് നോക്ക്” മുട്ടു ചൂണ്ടി .

“ഓ മൈ ഗോഡ്..വാട്ടീസ് ദിസ് മാന്‍..അപകടം കണ്ടതോടെ അങ്ങേര് മലയാളം മറന്നു.

“ഗഢീ ദിസ് ഈസ് മൈ പൊട്ടിയ മുട്ട്...ദാറ്റീസ് മൈ ബൈക്ക്” ദേഷ്യം പരിഹാസമായി ബഹിര്‍ഗമിച്ചു..മുട്ടില്‍ നിന്ന് ചോരയും...

അപ്പോഴേക്കം കാര്‍ സുഹൃത്ത് കാറുമായെത്തി. ചാക്കുകെട്ടും സഹയും ചേര്‍ന്നെന്നെ കാറില്‍ ലോഡ് ചെയ്തു.

“മണിപ്പാലീല്‍ പൂവാലേ?” കാര്‍ സുഹൃത്ത് ചോയിച്ചു

“എന്റെ ഗഢീ..ഞാന്‍ നിനക്കിതുവരെ ഉപദ്രവൊന്നും ചെയ്തട്ടില്ലില്ലോ. പിന്നെന്തിനാ മണിപ്പാല്?..പനിപിടിച്ച് പോയോനെ രണ്ടു ദിവസം നിരീക്ഷണത്തില്‍ വച്ച ടീമുകളാ..നിരീക്ഷണം മാത്രമല്ല...ചെസ്റ്റ് എക്സറേ, ലിവര്‍ സ്കാന്‍ പിന്നെ ഒരു തുള്ളി ബ്ലഡ് കിട്ട്യാ അതുവച്ച് ചെയ്യാന്‍ പറ്റുന്ന എല്ലാ ടെസ്റ്റുകളും നടത്തി, മൂന്നാം ദിവസം പാരസെറ്റമോള്‍ എഴുതിതന്നതും കൂടെ 9000 രൂപേടെ ബില്ലു നീട്ടിയതും അതുകണ്ട് പനി കൂടിതും ഒന്നും മറക്കാന്‍ പറ്റില്ല. നീ സി. എം .എച്ചിലേക്ക് വിടടെ”

സി. എം .എച്ചിലെത്തി. ഞാനും വീല്‍ ചെയറിലും ഉപ്പു ചാക്കു നടന്നും ക്വാഷ്വാലിറ്റിയില്‍ കയറി. ചെന്നപാടെ ഉപ്പ് ചാക്ക് വിളിച്ചു പറഞ്ഞു “വി ഹാഡ് ആന്‍ ആക്സിഡന്റ്”. തൊലഞ്ഞു..വീണൂന്നു പറഞ്ഞാല്‍ പോരേ.

ഹെഡ് നഴ്ശിന്റെ വക കൊസ്റ്റ്യന്‍ ചെയ്യല്‍. ആക്സിഡന്റ് എപ്പോള്‍ എവിടെ? ആര് ആരെ ഇടിച്ചു?

“അയ്യോ സിസ്റ്ററേ ആരും ആരേം ഇടിച്ചിട്ടില്ല. ഞങ്ങള് ആരുടെയും പ്രേരണയില്‍ വീണതല്ല..സ്വന്തമായി വീണതാ“

“ഷുവര്‍”

“ഷുവര്‍ ഷുവര്‍”

ബെഡ്ഡില്‍ കേറ്റി കിടത്തി ഡോക്ടര്‍ വന്ന് അവിടെം ഇവിടെം ഒക്കെ ഞെക്കി വേദന ഉണ്ടോന്നു ചോദിച്ചു. ഞെക്കുന്നതിന്റെ ഫോഴ്സ് കുറഞ്ഞതാ‍ണോ അതോ ഞെക്കുന്നതിനേക്കാള്‍ വേദന മുമ്പേ ഉള്ളതിനാലാണോ, ഒന്നും തോന്നിയില്ല. പൊട്ടിയ സ്തലത്ത് എന്തോ സ്പ്രേ അടിച്ചതും..സ്വര്‍ഗ്ഗം കണ്ടതും ഇപ്പഴും നല്ല ഓര്‍മ്മ.

ഉപ്പുചാക്കിനു ടെറ്റനസ് ഇഞ്ചകഷന്‍ കൊടുക്കാന്‍ ചെന്നതും പാന്റ് പകുതി ഊരി ബെഡ്ഡില്‍ കേറി കമിഴ്ന്നു കിടന്നു. ഇഞ്ചക്ഷന്‍ എടുക്കാന്‍ വന്ന സിസ്റ്റര്‍ കയ്യിലെടുത്താല്‍ മതിയെന്നു പറഞ്ഞപ്പോള്‍ ഉപ്പു ചാക്കിന്റെ മുഖത്തുണ്ടായ ഭാവമാറ്റം...ഹോ...ഈ ജന്മത്തില്‍ അവനെ ഒതുക്കാന്‍ ഈയൊരു സംഭവം മാത്രം മതി..ദൈവമായിട്ടാണ് ഇതെനിക്ക് കാണിച്ചുതന്നത് :)

തിരിച്ചും മറിച്ചും കാലു പരിശോധിച്ച ഡോക്ടര്‍ നെറ്റി ചുളിച്ച് എന്തോ ആലോചിച്ച് വേഗം എക്സറേ എടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ” ഒടിഞ്ഞു മച്ചാ”

പക്ഷേ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞാനും ഒപ്പം ഡോക്ടറും അത്ഭുതപ്പെട്ടുപോയി. അതുവരെ വീല്‍ ചെയറീന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിച്ചോണ്ട് ഡോക്ടര്‍ പറയുവാ

“നോ ഫ്രാക്ചര്‍ മേന്‍...യു ക്യാന്‍ ഗെറ്റ് ബാക്ക് ടു യുവര്‍ വര്‍ക്ക്”. സത്യമായും ഫീലിങ്ങ്സ് ആയിപോയി...


വാല്‍ക്കഷണം :ഇപ്പോ ചില ശ‌വങ്ങള്‍ ഞാന്‍ വീണ സ്ഥലത്തിന് പുതിയ പേരിട്ടിരിക്കുന്നു - “ജിഹേഷ് കോര്‍ണ്ണര്‍” ന്ന് :(

3870

33 comments:

Typist | എഴുത്തുകാരി said...

മാഷേ, ഇതു സ്വന്തം അനുഭവം തന്നെയാണോ (അതോ കഥയാണോ- എന്നെ തല്ലല്ലേ!).
കാല്‍ ഒടിഞ്ഞാല്‍ മിനിമം മൂന്നാഴ്ച്ചയാ കണക്കു് - പ്ലാസ്റ്റര്‍. അപ്പഴറിയാം അതിന്റെ സുഖം, ഞാന്‍ അനുഭവിച്ചിട്ടുള്ളതാണേയ്.

കുഞ്ഞന്‍ said...

ജിഹേഷണ്ണാ‍..

ഇത്രയല്ലെ പറ്റഇയൊള്ളൂ..ഭാഗ്യം..! ആരുടെയെന്ന ചോദ്യത്തിന് പ്രസക്തിയില്ല.

മരിക്കാതെ സ്വര്‍ഗം കണ്ടില്ലെ..അതു പോരെ...

ആ ഉപ്പുംച്ചാക്ക് ആരാണ് വല്ല പ്രമുഖ ബ്ലോഗറാണൊ..എന്തായാലും നമ്മുടെ ശ്രീയായിരിക്കില്ല..!

ശ്രീ said...

"അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒന്നു നോക്കിയപ്പോഴേക്കും ഉണ്ടായിരുന്ന ബോധം കൂടി പോയി. പിന്നെ റിസര്‍വിലുണ്ടായിരുന്ന കുറച്ച് ബോധം എടുത്ത് വീണ്ടും നോക്കി. ചുവന്ന ജീന്‍സ്..അവിടെം ഇവിടേം ഒക്കെ കീറിയിട്ടുണ്ട്. ഇതെപ്പ വേടിച്ച്? ഇതേത് ഫാഷന്‍?"

ജിഹേഷ് ഭായ്... ചിരിപ്പിച്ചു... ഈ ആക്സിഡന്റു കഥ വായിച്ച് ചിരിയ്ക്കാന്‍ പാടില്ലെന്ന് ബൂലോകത്ത് നിയമം ഒന്നൂല്യാല്ലോ ല്ലേ? ;)

ഇതു പോലൊരു ആക്സിഡന്റ്
എനിയ്ക്കും പറ്റിയിട്ടുണ്ട്. ഉരഞ്ഞു തൊലി പോകുന്നതിന്റെ ആ ഒരു വേദന... ഹൌ! ഓര്‍ക്കുമ്പോ തന്നെ ഒരു കുളിര്... ! ;)

ശ്രീ said...

ദേ... കുഞ്ഞന്‍ ചേട്ടാ... ഡോണ്ടൂ ഡോണ്ടൂ...

ഉപ്പും ചാക്കോ... ഹിഹി. എന്നാലും അതാരായിരിയ്ക്കും???

nandakumar said...

ഡൊംലൂര്‍ ഭാഗത്തിന് നീ താമസം തുടങ്ങിയതില്‍ പിന്നെ ‘ആക്രാന്തം മൂല’എന്നൊരു പേരുണ്ടായിരുന്നു. ദാ ഇപ്പോ സി.വി.രാമന്‍ നഗറിനും നിന്റെ പേര്.
അല്ല ഈ കൈനറ്റിക്ക് ഹോണ്ടക്ക് എന്നു മുതലാ ഗിയര്‍ ഉണ്ടായത്? പുതിയ മോഡലാ??
നിന്റെ ഓരോ കാര്യങ്ങള് ...

നന്നായിരിക്കുന്നു.

മെലോഡിയസ് said...

വായനോട്ടത്തിന് ഒരു കുറവും ഇല്ലാന്ന് മനസിലായി.അല്ലേല്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലാല്ല്ലോ..;) എന്നിട്ട് എല്ലാം ഭേദമായില്ലേ?

Rare Rose said...

ലീവെടുത്ത് നാട്ടില്‍ പോകുന്നതുള്‍പ്പെടെയുള്ള സുന്ദരസ്വപ്നങ്ങള്‍ക്ക് തടയിടാനായിരുന്നോ ആ ഡോക്ടറുടെ റിപ്പോര്‍ട്ട്...കാല്‍ മുട്ട് ഒന്നു ഉരഞ്ഞതിന്റെ ദു:ഖപ്രകടനങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി ഒടിവോ ചതവോ പറ്റിയോന്നു....എല്ലാം ഭേദമായോ ഇപ്പോള്‍..:)

ഗുപ്തന്‍ said...

ഈ ഉപ്പുചാക്ക് ആണാണോ പെണ്ണാണോ... ചുമ്മാ :)

കുറ്റ്യാടിക്കാരന്‍|Suhair said...
This comment has been removed by the author.
കുറ്റ്യാടിക്കാരന്‍|Suhair said...

ഹി ഹി... ഗൊള്ളാം മച്ചൂ...

ജിഹേഷ് കോര്‍ണര്‍ എന്ന പാവനമായ ആ സ്ഥലം കാണാന്‍ എനിക്ക് കൊതിയാവുന്നു...

അടുത്ത പ്രാവശ്യം വീഴുമ്പോള്‍ കാലൊടിയട്ടെ എന്ന് ആശംസിക്കട്ടേ?

ജിജ സുബ്രഹ്മണ്യൻ said...

ലവേഴ്സ് കോര്‍ണര്‍ ലവേഴ്സ് കോര്‍ണര്‍ ന്നു കേട്ടിട്ടുണ്ട്.ജിഹേഷ് കോര്‍ണര്‍ എന്നു ആദ്യം കേള്‍ക്കുകയാ..ഈശ്വരാ ആ സ്ഥലം കാണാന്‍ ഉള്ള ഭാഗ്യം എന്നാണൊ ഉണ്ടാവുക.ആ വീഴ്ച്ച കാണാന്‍ പറ്റിയില്ലല്ലോ എന്നോറ്ക്കുമ്പോള്‍ ഒരു ഇത്.....

ദിലീപ് വിശ്വനാഥ് said...

ഇതിപ്പൊ മോട്ടിസിലെ ഫുഡിന്റെ കുഴപ്പമാണോ? ആവാം അല്ലേ? എന്തായാലും ആ വളവ് തിരിഞ്ഞപ്പോള്‍ എതിര്‍സൈഡില്‍ നിന്നും വന്ന പെണ്‍കുട്ടികളുടെ കാര്യം എഴുതാതിരുന്നത് മോശമായിപ്പോയി..

പപ്പൂസ് said...

ങാഹാ! ഈ ജിഹേഷ് കോര്‍ണറ് ഞാന്‍ നിത്യേന പാസ് ചെയ്യുന്ന സ്ഥലമാണല്ലോ! ന്നാലും... :-(

മണിപ്പാലിനെ പറ്റി പറഞ്ഞതു നേര്. ഒരു മുട്ടപ്പഫ്സ് കഴിച്ച കുറ്റത്തിന് ഏഴു ദിവസം വാര്‍ഡ് തടവും രൂപ പിഴയുമടക്കേണ്ടി വന്ന ഒരു ചുള്ളനുണ്ടായിരുന്നു ഞങ്ങടെ കൂടെ. :-)

എന്നാലും ഉപ്പുചാക്ക്... ;-)

പപ്പൂസ് said...

*7000 രൂപ പിഴയുമടക്കേണ്ടി വന്ന...

തിരുത്തി വായിക്കുക!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നാലും ആ വീഴ്ചേല്‍ എന്തൊക്കെ ആലോചിച്ചുകൂട്ടി ഒറ്റയിരുപ്പിനുതന്നെ.

ശ് ശ് ഏതാ ആ ഉപ്പുംചാക്ക്? ഞാന്‍ ആരോ‍ടും പറയില്ല

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചോദിക്കാന്‍ മറന്നു സ്വര്‍ഗ്ഗം എങ്ങനിരിക്കൂം?

ശ്രീലാല്‍ said...

ഹ..ഹ.. ഇതെനിഷ്ടായി... അല്ല മഗാ..ആ ബൈക്കില്‍ കയറി ചോപ്പറില്‍ പോകുന്നതുപോലെ പോയോ.. ഹെന്റമ്മോ.? ചിന്തിക്കാന്‍ വയ്യ.. എടാകൂ‍ടത്തില്‍ എന്ന് എഴുതി പ്രത്യേകം വെയ്ക്കേണ്ട ആവശ്യമില്ലായിരുന്നു.എന്നാലും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടല്ലോ.. നല്ലതുതന്നെ.

ബൈ ദ വേ, ഉപ്പുചാക്ക് ഇഞെക്ഷന്‍ എടുക്കാന്‍ വേണ്ടി പാന്റ് പകുതി ഊരി റെഡിയായത് വായിച്ചു ചിരിച്ചു പോയി. സജീവേട്ടന്റെ നിതം‌ബരേഖകളാണ് ഓര്‍മ്മവന്നത്.. :) (ഇപ്പൊള്‍ മാത്രമല്ല.. ആര് ഇന്‍‌ജക്ഷനെടുക്കുന്നതിനെപ്പറ്റിപ്പറഞ്ഞാലും എനിക്ക് അപ്പൊ അതേ ഓര്‍മ്മവരൂ. )

എഴുത്ത് ഉഗ്രനായിട്ടുണ്ട്.

പാമരന്‍ said...

കൊള്ളാം മാഷെ. ചിരിച്ചുപോയി :) വീണാല്‍ ചിരിക്കാത്തവന്‍ ബന്ധുവല്ലെന്നല്ലേ..

പൊറാടത്ത് said...

ജിഹേഷ് ഭായ്..സത്യം പറ..ആ വളവ് തിരിയണ നേരത്ത് ആരട്യാ വായേ നോക്കീത്..??

എന്തായാലും, നല്ല രസികന്‍ വിവരണം..

Sharu (Ansha Muneer) said...

ഹഹഹ.... അടിപൊളി. വീണ വീഴ്ചയില്‍ എന്തൊക്കെ സ്വപ്നങ്ങള്‍... :)

മഴത്തുള്ളി said...

ജിഹേഷും വായീല്‍ നോക്കാന്‍ പെണ്‍കുട്ടികളും ഉള്ളകാലത്തോളം ഇനിയും ജിഹേഷ് കോര്‍ണറുകള്‍ ധാരാളം ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ;)

എന്നാലും പാവം ഉപ്പുചാക്കിന് ഇഞ്ചക്ഷനെടുക്കാന്‍ വന്ന നേഴ്സെന്താ കയ്യിലെടുക്കാമെന്നു പറയാന്‍ കാരണം?? :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലെ എന്റിഷ്ടാ ദേണ്ടെ കുഞ്ഞന്‍ ചേട്ടന്‍ എന്താണ്ടൊക്കെ പറഞ്ഞു ഭലിപ്പിക്കുന്നു.. ഇതിനൊന്നും ഞന ഉത്തരവാദിയല്ല കെട്ടൊ..
പിന്നെ അതേ ഇക്കാലത്ത് വായനോട്ടം കൂടുമ്പൊള്‍ വായേല്‍ ഈച്ചകയറാതെ നോക്കണെ സ്വാമിയേ......:))
ഇനി അടുത്ത വീഴ്ചവീണേക്കരുത് ആ...

ഗീത said...

ഉപ്പുചാക്കും കുറേ പെണ്‍കുട്ട്യോളും കൂടി വരുത്തിയ വിന...

ഇനി ഉപ്പുചാക്കിനേം വച്ചുപോകുമ്പോഴെങ്കിലും പെണ്‍‍പിള്ളെരെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ പോകല്ലേ...

കാര്‍വര്‍ണം said...

സാധാരണ പിന്നിലിരിക്കുന്നവന്റെ ഷേപ്പണല്ലോ മാറുക ഇതെന്തു പറ്റി.

അങ്ങനെ വീണ വ്ഴിയാണോ തലയിലെ തൊപ്പി കീറിപ്പോയത്

G.MANU said...

കാലുമ്മേ നോക്കിയാല്‍ കരച്ചില്‍ വരും..ഒടിഞ്ഞു എന്നുള്ളത് നൂറു ശതമാനം...നിലത്ത് കുത്താനും വയ്യ പൊക്കാനും വയ്യ..ഇനി എത്ര നാള്‍ പ്ലാസ്റ്ററിട്ട് കിടക്കണം..അങ്ങനെ വരുകാണേല്‍ നാട്ടില്‍ പോകാം..ഫ്ലൈറ്റില്‍ പോണോ അതോ ട്രെയിനില്‍ പോണോ..ഒരു മാസം എന്താ‍യാലും മെഡിക്കല്‍ ലീവ് എടുക്കാം..ഇനി ഒരു മാസം കഴിയുമ്പോള്‍ ശരിയായിട്ടില്ലാന്നു പറഞ്ഞ് വീ‍ണ്ടും ലീവ് നീട്ടാം...മനോരാജ്യം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു

machaaa kodu kai

Tomkid! said...

കലക്കി മച്ചൂ...വീഴാന്‍ കാരണം ടേണ്‍ എടുത്തതാണോ? അതോ വല്ല പൈങ്കിളിയേയും കണ്ട് ശ്രദ്ധ മാറിയതോ?

ഉപാസന || Upasana said...

ഉപ്പുചാക്കിനെ അങ്ങ് വര്‍ണ്ണിച്ച് പൊലിപ്പിക്കാമായിരുന്നു.
ചില നഗ്നമായ സത്യങ്ങള്‍ ഭായി വിളിച്ചു പറഞ്ഞിരിയ്ക്കുന്നു.

1. ഭായി ഒരു വായിനോക്കിയാനെന്ന കാര്യം. :-)
2. ജോലിയില്‍ ഉദാസീനത കാണിക്കുന്ന പതിവുണ്ട്. കാലൊടിഞ്ഞാല്‍ നാട്ടില്‍ പോയി മഴക്കാലം ആസ്വദിയ്ക്കാമെന്ന ഗൂഢവിചാരത്റ്റില്‍ നിന്ന് അത് മനസ്സിലാക്കാം. :-)

ഇനിയുമെത്രയോ സത്യങ്ങള്‍ പറയാനിരിയ്ക്കുന്നു.

തുടക്കം അത്ര ഏശിയില്ല.
ബട്ട് മിഡില്‍ കഴിഞ്ഞതോടെ നന്നായി.
ഗുഡ്.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: മണിപ്പാലുകാര്‍ ഇത്ര ഭീകരരോ..?

ആമി said...

അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒന്നു നോക്കിയപ്പോഴേക്കും ഉണ്ടായിരുന്ന ബോധം കൂടി പോയി. പിന്നെ റിസര്‍വിലുണ്ടായിരുന്ന കുറച്ച് ബോധം എടുത്ത് വീണ്ടും നോക്കി. ചുവന്ന ജീന്‍സ്..അവിടെം ഇവിടേം ഒക്കെ കീറിയിട്ടുണ്ട്. ഇതെപ്പ വേടിച്ച്? ഇതേത് ഫാഷന്‍?
നന്നായി ചിരിപ്പിച്ചു

സുല്‍ |Sul said...

ജിഹേഷെ
നല്ല എഴുത്ത്. മറ്റുള്ളവരുടെ വീഴ്ചയിലെപ്പോഴും ഒരു ചിരിയുണ്ടല്ലോ മനുജന്. എന്നാലും സ്വന്തം വീഴ്ചയും നീ ചിരിയാക്കി.

-സുല്‍

കുറുമാന്‍ said...

മാഷെ ഇത് വായിച്ച് ഒരുപാട് ചിരിച്ചു (വീണ് കാലൊടിഞ്ഞ കാര്യം പറഞ്ഞപ്പോള്‍ ചിരിക്കുന്നോ പണ്ടാരക്കാലാ എന്ന് പറയല്ലെ). നല്ല എഴുത്ത്.

ബഹുവ്രീഹി said...

പോസ്റ്റ് രസായി മാഷെ.

വിക്രമാദിത്യന്‍ said...

-:)

smitha adharsh said...

ജിഹേഷേ...വരാന്‍ വൈകി..സാരമില്ലല്ലെ...നന്നായി ചിരിച്ചു
ഈ ജിഹേഷ് കോര്‍ണര്‍ കലക്കി.