Sunday, April 11, 2010

കമന്റാകര്‍ഷണയന്ത്രം - ബ്ലോഗ് ഷോപ്പിങ്ങ്

നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടെന്നു കരുതുക. കമന്റുകള്‍ ഒന്നും വരുന്നില്ല എന്തു ചെയ്യും? നിങ്ങള്‍ കമന്റാള മഹാരാജാവിനെ പ്രകീര്‍ത്തിച്ചു നോക്കുക. ഒന്നും രണ്ടുമല്ല ആയിരക്കണക്കിനു കമന്റുകള്‍ കൊണ്ട് നിങ്ങളുടെ കമന്റു ബോക്സ് നിറയും. പോസ്റ്റുകള്‍ ഇടുന്ന നിമിഷം മുതല്‍ കമന്റുകള്‍ നിറയുന്നതു കണ്ട് നിങ്ങള്‍ക്ക് സായൂജ്യമടയാം..

അതുകൊണ്ട് സുഹൃത്തുക്കളെ നിങ്ങള്‍ക്കീവിധം കമന്റുകള്‍ കിട്ടണമെന്നു ആഗ്രഹമുണ്ടെങ്കില്‍ കമന്റുകളുടെ ദേവന്‍ കമന്റാള മഹാ‍രാജാവിനെ ആരാധിക്കുക. പിന്നെ ഞങ്ങളുടെ കമന്റാകര്‍ഷണയന്ത്രം എന്ന പ്രോഡക്റ്റും വാങ്ങുക. പിന്നെ കണ്ടോളൂ കമന്റാള മഹാരാജാവ് നിങ്ങളുടെ ബ്ലോഗില്‍ എങ്ങനെ തന്റെ സാന്നിദ്യം അറിയിക്കുന്നതെന്ന്

യന്ത്രം ഉപയോഗിക്കേണ്ട രീതി:

കമന്റാകര്‍ഷണ യന്ത്രം നന്നായി കുളിച്ചതിശേഷം മാത്രമേ തുറക്കാവൂ. യന്ത്രത്തിന്റെ മഹത്തത്തെ വെല്ലുവിളിച്ച് കുളിക്കാതെയും പല്ലു തേയ്ക്കാതെയും യന്ത്രം തുറന്ന ഒരാളുടെ ബ്ലോഗില്‍ നിന്നും കമന്റു ബോക്സ് അപ്രത്യക്ഷമായതായും വേറൊരാളുടെ ഒരു പോസ്റ്റില്‍ നിന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച് വച്ചിരുന്ന അമ്പതോളം കമന്റുകള്‍ നഷ്ടപ്പെട്ടതായും ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു.

അതിനുശേഷം വീടിന്റെ തെക്കുവടക്കു മൂലയില്‍ ഒരു ചൊമല തുണി (കോഴി ബ്ലഡ് പുരണ്ടത് അത്യുത്തമം) വിരിക്കുക. അതിനുശേഷം ബ്ലോഗ് തുറക്കാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ അതിലെടുത്തു വയ്ക്കുക. യന്ത്രം അടങ്ങുന്ന യു.എസ്.ബി സ്റ്റിക്ക് എടുത്ത് കമ്പ്യൂട്ടറിന്റെ യു.എസ്.ബി സ്ലോട്ടില്‍ കുത്തുക. എന്നിട്ട് കമന്റാകര്‍ഷണമന്ത്രം പതിനാറായിരത്തി എട്ടു തവണ ചൊല്ലുക. മന്ത്രം അറിയാത്തവര്‍ പേടിക്കേണ്ട. യന്ത്രത്തിന്റെ കൂടെ ഇതിന്റെ സി.ഡിയും തന്നിട്ടുണ്ട്.

അതിനുശേഷം യു.എസ്.ബി സ്റ്റിക്ക് ഓപ്പണ്‍ ചെയ്ത്, യന്ത്രത്തിന്റെ ഹൈ റെസലൂഷന്‍ പിക്ചര്‍ കമ്പ്യൂട്ടറിന്റെ ബാക്ക് ഗ്രൌണ്ട് പിക്ചര്‍ ആക്കുക. ലോ റെസലൂഷന്‍ പിക്ചര്‍ കമന്റു വേണമെന്നു ആഗ്രഹിക്കുന്ന ബ്ലോഗിന്റെ ഹെഡ്ഡര്‍ ഇമേജ് (മരമാക്രി ചെയ്യുന്നതു പോലെ) ആയും സ്ഥാപിക്കുക. നിങ്ങളുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്ന മറ്റുള്ള ബ്ലോഗേഴ്സ് ഹെഡ്ഡര്‍ കാണുന്നമാത്രയില്‍ പോസ്റ്റു പോലും വായിക്കാതെ കമന്റുന്നതായിരിക്കും.

സുഹൃത്തുക്കളെ ഈ യന്ത്രം നിങ്ങളുടെ ബ്ലോഗര്‍ ബന്ധുക്കള്‍ക്കോ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കോ സമ്മാനമായി കൊടുക്കാവുന്നതാണ്. അതുമൂലം അവര്‍ക്ക് കമന്റുകള്‍ കൂടുകയും നിങ്ങളോടുള്ള നന്ദിയും കടപ്പാടും കൂടുകയും ചെയ്യും. ബ്ലോഗേഴ്സ് അല്ലാത്തവര്‍ക്കു കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

ബ്ലോഗറല്ലാത്ത ഒരാള്‍ക്ക് ഈ യന്ത്രം കിട്ടുകയും അയാള്‍ അപ്പോള്‍ തന്നെ ബ്ലോഗര്‍ അക്കൌണ്ട് ഉണ്ടാക്കി പോസ്റ്റ് ഇടുകയും അതില്‍ വരുന്ന കമന്റുകളുടെ എണ്ണം കണ്ട് മതിമറന്ന് സ്വന്തം ജോലി ഉപേക്ഷിക്കുകയും തന്മൂലം കുടുബം പട്ടിണിയാകുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു.

ഇതിഹാസങ്ങളില്‍ പറഞ്ഞ ആ സമയം ഇതാ സമാഗതമാ‍യിരിക്കുന്നു. കലികാലത്ത് ബ്ലോഗര്‍ എന്ന വംശം ജനിക്കുമെന്നും അവര്‍ കമന്റുകള്‍ക്കായി കേഴുമെന്നും. ദീര്‍ഘദൃഷ്ടിയുള്ള മുനിവര്യന്മാരുടെ ആയിരക്കണക്കിനു വര്‍ഷത്തെ പ്രയത്നഫലമായിട്ടാണ് ഈ യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്നാം ലോക മഹായുദ്ധം പെണ്ണിനോ പണത്തിനോ അധികാരങ്ങള്‍ക്കോ ആയിരിക്കില്ലെന്നും മറിച്ച് കമന്റുകള്‍ക്കു വേണ്ടിയായിരിക്കുമെന്നും പ്രശ്ത തത്വ ചിന്തകള്‍ എം. വി. കൃഷ്ണകുമാര്‍ പ്രവചിച്ചിരുന്നല്ലോ.

അതിനാല്‍ തന്നെ കമന്റാകര്‍ഷണയന്ത്രം വാങ്ങി ബ്ലോഗില്‍ ഞാട്ടുക.

ബാറ്റാ ചെരുപ്പിന്റെ വിലപോലെ യന്ത്രത്തിനു വെറും 9999 റുപ്പീ‍സ് മാത്രമേയുള്ളൂ. യന്ത്രം മണി ബാക്ക് ഗ്യാരണ്ടിയോടെയാണ് വരുന്നത്. ഇനി ഏതെങ്കിലും കാരണവശാല്‍ നിങ്ങള്‍ പ്രതീക്ഷിച്ച പോലെ യന്ത്രം വര്‍ക്ക് ആകുന്നില്ലെങ്കില്‍ യന്ത്രത്തിന്റെ വില ഞങ്ങള്‍ തിരിച്ചു തരുന്നതാണ്, ഹാന്‍ഡിലിങ്ങ് ചാര്‍ജായ 5000 രൂപ ഒഴിച്ച്.

യന്ത്രം, സ്ഥാപിച്ചിരിക്കുന്ന ബ്ലോഗില്‍ നിന്ന് കട്ട് പേസ്റ്റ് ചെയ്ത് സ്വന്തം ബ്ലോഗിലിട്ടാല്‍ വര്‍ക്ക് ചെയ്യണമെന്നില്ല. കമ്പ്യൂട്ടര്‍ ബാക്ക്ഗ്രൌണ്ടിലുള്ള യന്ത്രത്തിന്റെ കോഡും ബ്ലോഗിലെ യന്ത്രത്തിന്റെ കോഡും മാച്ച് ആകണമെന്നു സാരം.

സ്പെഷ്യല്‍ ഓഫര്‍: ഇപ്പോള്‍ രണ്ടു യന്ത്രം വാങ്ങുന്നവര്‍ക്ക് ഒരു ഫോളോവേഴ്സ് ആകര്‍ഷണയന്ത്രം ഫ്രീ.
* ഹാന്‍ഡിലിങ്ങ് ചാര്‍ജ്ജസ് എക്സ്ട്രാ

Saturday, April 10, 2010

പി ഫോര്‍ ?

ബാംഗ്ലൂരില്‍ വന്നു അല്ലറചില്ലറ ജോലിയൊക്കെയായി ജീവിച്ചോണ്ടിരുന്ന സമയത്താണ് സഹ പഠിയന്മാരായാ അബുവും സുല്ഫിക്കറും കൂടി ഒരു ഞായറാഴ്ച്ക് ബാംഗ്ലൂരിലേക്ക് എത്തിയത്.

ജോലി? - ജോബ് ഹണ്ടിങ്ങ്

അല്ലെങ്കിലേ ഞെങ്ങി ഞെരുങ്ങി ഞങ്ങള്‍ നാലു പേര്‍ കഴിയുന്ന റൂമിലേക്ക് ഇനി രണ്ടവന്മാരേം കൂടി കൂട്ടിയാല്‍ വാടകയിനത്തില്‍ കുറവുകിട്ടുമെങ്കിലും വാചകയിനത്തില്‍ കഷ്ടപ്പെടുമെന്നതിനാലാണ് ഒരു പേയിങ്ങ് ഗസ്റ്റ് അക്കോമഡേഷന്‍ നോക്കികൂടെ എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവെച്ചത്.

എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടേ. നീ തന്നെ ഒരെണ്ണം ഒപ്പിച്ചു താ എന്നായി അവന്മാര്‍. ആകെ ഒരേയൊരു കണ്ടീ‍ഷന്‍ മാത്രം. ഭക്ഷണം കിട്ടിയില്ലെങ്കിലും വേണ്ടില്ല, മലയാള പടം കളിക്കുന്ന, വല്യ പൈസയൊന്നും ഇല്ലാത്ത ഒരു തിയേറ്റര്‍ ചുറ്റുവട്ടത്തുണ്ടായിരിക്കണം.

ആ ഒരു കണ്ടീ‍ഷന്റെ ചുവടു പിടിച്ചാണു സുലേഖാ ഡോട്ട് കോം വഴി ശിവാജി നഗറില്‍ മോശമല്ലാത്ത ഒരു പി.ജി കണ്ടുപിടിച്ചത്. ശിവാജി നഗറിലാവുമ്പോള്‍ രണ്ടുണ്ട് കാര്യം. “സംഗീതില്‍” നിന്ന് മലയാളം പടവും സന്ദീപില്‍ നിന്ന് മൊഴിമാറ്റം ചെയ്ത “മല്യാളം” പടവും കാണാം..:).

തിങ്കളാഴ്ച്ക രാവിലെ തന്നെ പി.ജി യുടെ അഡ്രസ്സും വേടിച്ച് കൂടും കുടുക്കയുമെടുത്ത് അവന്മാര്‍ സ്ഥലം കാലിയാക്കി. നോം ഓഫീസിലേക്കും സ്കൂട്ടായി.

-------------------------------------------------------------------------------------------------

ശനിയും ഞായറുമെല്ലാം ഉച്ചക്കുറങ്ങി ശീലിച്ചതിനാലാകാം ഉച്ച ഭക്ഷണം കഴിച്ചതോടെ ശക്തമായ ഉറക്കം വന്നത്. ഉറക്കം തൂങ്ങി ..തൂങ്ങി... ഇത്തായി വീണ് കീബോര്‍ഡും തലയിടിച്ച് മോണിറ്ററും നശിപ്പിക്കേണ്ടല്ലോ എന്ന ഒരേയൊരു...ആ‍ ഒരൊറ്റ ചിന്തകൊണ്ട് മാത്രമാണ് വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ തീരുമാനിച്ചത്.

ബ്ലോഗുവായനേം കമന്റലും കാരണം അവതാളത്തിലായ പ്രൊജക്ടിനിടയില്‍ അര പോയിട്ട് കാല്‍ ലീവ് പോലും കിട്ടാന്‍ പോകുന്നില്ല എന്ന തിരിച്ചറിവുള്ളതിനാല്‍ കണ്ണൊക്കെ നന്നായി തിരുമ്മി ചുവപ്പിച്ചാണ് പി.എമ്മിന്റെ ക്യൂബ് ലക്ഷ്യമാക്കി നീങ്ങിയത്.

സര്‍.. ഹാഫ് ഡേ ലീവ് വേണം... മദ്രാസ് ഐ ആണെന്നാ തോന്നുന്നത് എന്നു പറഞ്ഞതും അതുവരെ ക്രൂദ്ധനായി എന്റെ നേരെ തുറിപ്പിച്ചോണ്ടിരുന്ന കണ്ണുകള്‍ ഇറുക്കി അടച്ച് മുഖം 180 ഡിഗ്രി വശത്തോട്ട് ചരിച്ച് ...ഒക്കെ മാന്‍....ടെയ്ക്ക് ഇറ്റ്...ഈഫ് യു വാണ്ട് ടെയ്ക്ക് ഓഫ് ടുമാറോ ആള്‍സോ... എന്നു പറഞ്ഞ് ആട്ടി പുറത്താക്കി.

മൂസ സ്റ്റോര്‍സില്‍ നിന്ന് ഒരു ലൈം സോഡയും കഴിച്ച് വീട്ടിലെത്തിയപ്പോഴാണ് ആ കാഴ്ച്ക കണ്ടത്. കാലത്ത് കൂടും കുടുക്കയുമായി സലാം ചൊല്ലി പിരിഞ്ഞ അവന്മാര്‍ വീടിന്റെ പടിയില്‍ കാമുകീ കാമുകന്മാരെ പോലെ തോളോടു തോള്‍ ചേര്‍ന്നിരുന്ന് ഉറങ്ങുന്നു.

“എന്തു വാടാ? പി. ജി ശരിയായില്ലേ?” ഞാന്‍ ചോദിച്ചു

“ഞങ്ങള്‍ക്ക് അവിടെ അഡ്മിഷന്‍ തരില്ലെന്ന് അവര് തീര്‍ത്ത് പറഞ്ഞു“

“അതെന്താ...അവിടെ ഒഴിവുണ്ടെന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞതാണല്ലോ”

“ഒഴിവുണ്ട്...ഇപ്പോഴും...പക്ഷേ ഞങ്ങള്‍ക്കു തരില്ലെന്ന്” സുല്ഫി പറഞ്ഞു

“എന്താ ഉണ്ടായതെന്ന് തെളിച്ചു പറ”



“പി.ജി യുടെ ഓണര്‍ ഞങ്ങളോട് പേര് ചോദിച്ചു..... ഞാന്‍ അബൂബക്കര്‍ സിദ്ധിക്ക് ന്നും അവന്‍ സുല്ഫിക്കര്‍ അലീന്നും പറഞ്ഞതോടെ അതുവരെ എന്തൊക്കെയോ കുത്തിക്കുറിച്ചോണ്ടിരുന്ന അങ്ങേര് ഞങ്ങളെ കണ്ണാടീന്റെ മോളീല്‍ കൂടി ഒരു നോട്ടം നോക്കി. കണ്ണൂരാണ് വീടെന്നു പറഞ്ഞതും അങ്ങേര് എഴുത്തു കുത്തൊക്കെ നിര്‍ത്തി കണ്ണാട ഊരി. പാസ്പോര്‍ട്ടിന്റെ കോപ്പി വേണമെന്നു പറഞ്ഞിട്ടാ‍ണ് സുല്ഫീനെ അവിടെ ഇരുത്തി ഞാന്‍ കോപ്പി എടുക്കാന്‍ പോയത്. തിരിച്ചു വരുമ്പോള്‍..ഇവന്‍ പുറത്തു നില്‍ക്കുകയായിരുന്നു. ”

“എന്താടാ സുല്ഫീ ഉണ്ടായേ” ഞാന്‍ ആകാംഷാഭരിതനായി.

“അബു പുറത്തു പോയ സമയത്ത് അങ്ങേരെന്നോട് മുഴുവന്‍ പേര് ചോദിച്ചു. ഞാന്‍ സുല്ഫിക്കര്‍ അലി.പി എന്നും പറഞ്ഞു. അപ്പോ അങ്ങേര്‍ക്ക് സംശയം പി ആണോ അതോ ബി ആണോ എന്ന്“

“അപ്പോള്‍ നീയെന്തു പറഞ്ഞു”

“ ഞാന്‍ പറഞ്ഞ് പി ഫോര്‍ പാക്കിസ്ഥാന്‍ ന്ന്”


“എന്റെ പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ”

Friday, April 9, 2010

ഭദ്രകാളീ കാവിലേക്ക് - 2

ഭാഗം ഒന്ന് ഇവിടെ

ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് ദേവദത്തന്‍ കണ്ണുതുറന്നത്. ഒരു വശത്തിരുന്ന് ബ്രഹ്മന്‍ നമ്പൂതിരിപ്പാട് വ്രണങ്ങളില്‍ പച്ചിലമരുന്നുകള്‍ ചതച്ച് കെട്ടുന്നു. ദേവന്‍ കണ്ണു തുറക്കുന്നത് കണ്ട് ബ്രഹ്മന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തെ നോക്കി മന്ദഹസിച്ചു.

താനിപ്പോഴും മരിച്ചിട്ടില്ല എന്നതും ബ്രഹ്മന്‍ നമ്പൂതിരിപ്പാടിന്റെ മരുന്നുപുരയില്‍ താനെങ്ങനെ എത്തി എന്നതും ദേവദത്തനെ അതിശയിപ്പിച്ചു. നീരു വന്നു വീര്‍ത്ത ഇടതു കാലിലെ ലേപനത്തില്‍ നിന്നും ബഹിര്‍ഗമിച്ച ഗന്ധം തികച്ചും മനം പുരട്ടിക്കുന്നു

ഞാന്‍ എങ്ങനെ?...

ദേവാ എല്ലാം ഞാന്‍ പറഞ്ഞു തരാം..ഇപ്പോള്‍ നീ സ്വസ്ഥമായി ഉറങ്ങൂ.

===================================================================


യുക്തിവാദി സംഘം ജില്ലാതല പ്രസിഡന്റ് ഹരിപ്രസാദ് ടൌണില്‍ നിന്ന തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇന്നും വളരെ വൈകിയിരിക്കുന്നു. ടൌണില്‍ നിന്നുള്ള അവസാന ബസ്സ്. ഇതും കൂടി കിട്ടിയില്ലായിരുന്നെങ്കില്‍ ഇന്നും ആ വൃത്തികെട്ട ലോഡ്ജ് തന്നെ ആശ്രയിക്കേണ്ടി വന്നേനെ.

പ്രസ് ക്ലബില്‍ നടന്നതെല്ലാം ആലോചിച്ചപ്പോള്‍ ഹരിയുടെ ചുണ്ടില്‍ ചിരിപൊട്ടി. സിദ്ധനാണെന്നു പറഞ്ഞ വന്നവന്റെ പപ്പും പൂടയും വരെ പറിച്ചെടുത്തു. കുറച്ചു കണ്‍കെട്ടു വിദ്യകള്‍ പഠിച്ചാ‍ല്‍ സിദ്ധനാകാമെന്നാണ് എല്ലാ‍വരുടെയും വിചാരം എന്നു തോന്നുന്നു. പക്ഷേ അയാളെ അത്രയ്ക്കും പരിഹസിക്കേണ്ടിയിരുന്നില്ല. നിറഞ്ഞ കണ്ണുകളോടെയാണ് അയാള്‍ അവിടെ നിന്നും ഇറങ്ങിയത്. പോകുമ്പോള്‍ ഒരു നിമിഷത്തേക്ക് തന്റെ നേരെ തിരിഞ്ഞു നോക്കിയിരുന്നു. എന്തായിരുന്നു ആ കണ്ണുകളിലെ ഭാവം? ദൈന്യതയോ അതോ രൌദ്ര്യമോ?

പുറത്തേയ്ക്ക് ഏന്തി നോക്കി. കുറ്റാകൂരിരുട്ട്. താഴേക്കാട് ആല്‍ത്തറ എത്തുമ്പോള്‍ വിളിക്കണമെന്ന് ഒരിക്കല്‍ കൂടി കണ്ടക്ടറെ ഓര്‍മ്മിപ്പിച്ചു.


ആല്‍ത്തറ സ്റ്റോപ്പില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു. വഴി വിജനമായിരുന്നു. കറുത്തവാവിനെ തോല്‍പ്പിക്കുമാറ് കനത്ത ഇരുട്ട്. നക്ഷത്രങ്ങള്‍ ഒന്നു പോലുമില്ലാത്ത ആകാശം. ഒരിലപോലും അനങ്ങുന്നില്ല. രാമേട്ടന്റെ കടയുടെ അവശിഷ്ടങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ ഹരി ഒരു നിമിഷം അദ്ദേഹത്തെ കുറിച്ചോര്‍ത്തു . കടയുടെ കഴുക്കോലില്‍ തൂങ്ങിയാടുന്ന ശരീരം ഇപ്പോഴും ഓര്‍മ്മയുണ്ട്. അപമൃത്യു ആണെന്ന് ചില അന്ധവിശ്വാസികള്‍ പറയുന്നുണ്ടെങ്കിലും അതൊരു ആത്മഹത്യയായി മാത്രമേ തനിക്കു തോന്നുന്നുള്ളു. പക്ഷേ ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് കാര്യമാണ് രാമേട്ടനുണ്ടായിരുന്നത്?

വീണ്ടും മുന്നോട്ടു നടന്നു. വല്ലച്ചിറ കഴിഞ്ഞപ്പോള്‍ അകലെ വീട്ടില്‍ നിന്ന് വെളിച്ചം കണ്ടു തുടങ്ങി. രാത്രിയേറെ ആയിട്ടും ഇപ്പോഴും തന്നെ കാത്തിരിക്കുകയാണ് പാവം അമ്മ.

ഒരിളം കാറ്റ് ഹരിയെ തഴുകിയൊഴുകി പോയി. കാറ്റിന്റെ രൌദ്ര്യം ഏറിയതും ആരോ എടുത്തെറിഞ്ഞ പോലെ ചിറപൊക്കത്തെ മഹാഗണി കടയോടെ പുഴകി വഴിക്കു കുറുകെ വീണതും നിമിഷങ്ങള്‍ കൊണ്ടു കഴിഞ്ഞു.

ആകാശത്ത് നക്ഷത്രങ്ങള്‍ വിരിയുന്നതും പാലപ്പൂവിന്റെ മണം അന്തരീക്ഷത്തില്‍ നിറയുന്നതു ഹരി അറിഞ്ഞു. മറിഞ്ഞു കിടക്കുന്ന മഹാഗണിയുടെ പുറകില്‍ നിന്നും രക്തപങ്കിലമായ രണ്ടു കണ്ണുകള്‍ തെളിഞ്ഞു വന്നു .

“‘ദൈവമേ, രക്ഷിക്കണേ “

ജീവിതത്തില്‍ ആദ്യമായി ദൈവത്തെ വിളിച്ചപേക്ഷിച്ചു കൊണ്ട് വീടു ലക്ഷ്യമാക്കി ഓടി.

ആല്‍മരത്തിലെ ഓരോ ഇലയെയും പ്രകമ്പനം കൊള്ളിക്കുമാറ്, ക്രൂരമായൊരു അട്ടഹാസം അന്തരീക്ഷത്തില്‍ മുഴങ്ങി.


തുടരും

Monday, April 5, 2010

ഭദ്രകാളീ കാവിലേക്ക് -1

വിശാലമായ നെറ്റിത്തടം...നീണ്ടു വളര്‍ന്ന ദീക്ഷകള്‍...ഉരുക്കു പോലത്തെ ശരീരം... ആതമവിശ്വാസം തുളുമ്പുന്ന മുഖം... പ്രകാശം സ്ഫുരിക്കുന്ന കണ്ണുകള്‍.. പൊടിമണ്ണു നിറഞ്ഞ മണ്‍പാതയിലൂടെ ദേവദത്തന്‍ അതിവേഗം നടന്നു. കാണുന്നവര്‍ക്ക് നടക്കുകയല്ല ഓടുകയാണെന്നേ തോന്നൂ. ഓരോ പാദസ്പര്‍ശനത്തിലും പൊടിമണ്‍ധൂളികള്‍ പാറിപ്പറക്കുന്നു. വഴിയില്‍ എതിരെ വന്നിരുന്നവരെല്ലാം ദേവദത്തനായി വഴിമാറി, തൊഴുതു നിന്നു. മുന്നോട്ടു പോകും തോറും വഴിയരികില്‍ കാണപ്പെട്ടിരുന്ന ഗ്രാമീണ ഭവനങ്ങളുടെ എണ്ണവും കുറഞ്ഞു വന്നു. വഴി വിജനമായിരിക്കുന്നു. പതിയെ പതിയെ വിശാ‍ലമായിരുന്ന മണ്‍പാത ഒരു ഒറ്റയടിപാതയ്ക്കു വഴിമാറി. സൂര്യാ‍സ്ത്മയത്തിനു ഇനിയും സമയം ഏറെയുണ്ട്.


അര്‍ദ്ധരാത്രീ....മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങള്‍..വൃശ്ചികമാസത്തിലെ ആ തണുപ്പിലും ദേവദത്തന്‍ വിയര്‍ത്തു. ചീവിടുകളുടെ ശബ്ദം... താനൊറ്റയ്ക്കല്ലെന്ന ഒരു തോന്നല്‍ അവനുള്ളില്‍ ഉടലെടുത്തു. കൈയ്യിലെ ചൂട്ടുകറ്റ ആഞ്ഞുവീശീകൊണ്ട് ദേവദത്തന്‍ നടന്നു. രാത്രിയുടെ രണ്ടാം യാമം കഴിയുന്നതിനു മുമ്പേ ഭദ്രകാളി കോവിലില്‍ പ്രവേശിക്കണം..മൂന്നാം യാമം തുടങ്ങുന്നതോടെ അതുവരെ ഉറങ്ങുകയായിരുന്ന ദേവി ശിഷ്യഗണങ്ങളുമായി പുറത്തേയ്ക്കുവരും...ആദ്യം കാണുന്നവനെ കൊന്ന് രക്തം കുടിച്ച് ദാഹമടക്കും...

ചൂട്ടുകറ്റയില്‍ ബ്രഹ്മന്‍ നമ്പൂതിരിപ്പാട് ജപിച്ച് കെട്ടിത്തന്ന നാലു നൂലുകളില്‍ രണ്ടെണ്ണം കത്തിക്കഴിഞ്ഞിരിക്കുന്നു. മൂന്നാം നൂല് കത്തി തുടങ്ങുമ്പോള്‍ മുതല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എവിടെ നിന്നാണ് തടസ്സങ്ങള്‍ വരുക എന്ന് പ്രവചിക്കുക അസാധ്യം.

യാത്ര ആരംഭിക്കുന്നതിനു മുമ്പേ ബ്രഹ്മ്ന്‍ നമ്പൂതിര്‍പ്പാട് പറഞ്ഞതെല്ലാം ഒന്നുകൂടി മനസിലോര്‍ത്തു. “നേരെ കാവില്‍ കയറുക... ശ്രീകോവിലിനു തെക്കുള്ള വാതിലിലൂടെ താഴേയുള്ള ഭൂഗര്‍ഭ അറയില്‍ പ്രവേശിക്കുക....അറവാതിലില്‍ നിന്ന് ആറടി മുന്നോട്ടുവച്ച് ആദ്യം കാണുന്ന താളിയോല ഗ്രന്ഥം എടുത്ത് മൂന്നാമത്തെ ഓലയിലെ ആറാമത്തെ മന്ത്രം ഉരുവിട്ടു കൊണ്ട് തിരിഞ്ഞു നടക്കുക. ഇല്ലത്തെത്തുന്നതുവരെ തിരിഞ്ഞു നോക്കുകയോ മന്ത്രം തെറ്റി ചൊല്ലുകയോ ചെയ്യരുത്..”



മൂന്നാം നൂല്‍ കത്തി തീരാറായിരിക്കുന്നു... ചിവീടുകളുടെ ശബ്ദം കേള്‍ക്കാനേയില്ല...ഹൃദയതാളം ഏറുന്നതായി ദേവദത്തനു തോന്നി... തനിക്കു പിന്നില്‍ ആരോ ഉള്ളതായി ഒരു തോന്നല്‍...

“ശ്രീശത്രു-വിധ്വംസിനീ ദേവതാ..മമ ശത്രു-പാദ-മുഖ-ബുദ്ധി-ജിഹ്വാ-കീലനാര്ഥ..
ശത്രു-നാശാര്ഥം.. മമ സ്വാമി-വശ്യാര്ഥേ വാ ജപേ പാഠേ ച വിനിയോഗഃ

ശത്രു വിധ്വംസിനീ മന്ത്രം ഉരുവിട്ട് ദേവദത്തന്‍ യാത്ര തുടര്‍ന്നു.... അപകടം ഏതുരൂപത്തില്‍ വേണമെങ്കിലും വരാം... ഓരോ കാലടികളും കരുതലോടെ വച്ച് മുന്നോട്ടു നീങ്ങി...പെട്ടെന്ന് ഒരു കൈത്തലം ദേവദത്തന്റെ ചുമലുകളില്‍ പതിച്ചു. ഇടതുകൈകൊണ്ട് പതിനാറായിരം തവണ ഉരുക്കഴിച്ച ഏലസില്‍ തെരുപ്പിടിച്ച് പതിയെ തിരിഞ്ഞു.

ആയിരം സൂര്യന്മാര്‍ ഒരുമിച്ചുദിച്ച പോലുള്ള ഒരു വെള്ളി വെളിച്ചം തന്റെ കണ്ണുകളില്‍ വീഴുന്നതും ശരീരം തളരുന്നതും ദേവദത്തനറിഞ്ഞു.

(തുടരും)