Showing posts with label 7976. Show all posts
Showing posts with label 7976. Show all posts

Sunday, April 11, 2010

കമന്റാകര്‍ഷണയന്ത്രം - ബ്ലോഗ് ഷോപ്പിങ്ങ്

നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടെന്നു കരുതുക. കമന്റുകള്‍ ഒന്നും വരുന്നില്ല എന്തു ചെയ്യും? നിങ്ങള്‍ കമന്റാള മഹാരാജാവിനെ പ്രകീര്‍ത്തിച്ചു നോക്കുക. ഒന്നും രണ്ടുമല്ല ആയിരക്കണക്കിനു കമന്റുകള്‍ കൊണ്ട് നിങ്ങളുടെ കമന്റു ബോക്സ് നിറയും. പോസ്റ്റുകള്‍ ഇടുന്ന നിമിഷം മുതല്‍ കമന്റുകള്‍ നിറയുന്നതു കണ്ട് നിങ്ങള്‍ക്ക് സായൂജ്യമടയാം..

അതുകൊണ്ട് സുഹൃത്തുക്കളെ നിങ്ങള്‍ക്കീവിധം കമന്റുകള്‍ കിട്ടണമെന്നു ആഗ്രഹമുണ്ടെങ്കില്‍ കമന്റുകളുടെ ദേവന്‍ കമന്റാള മഹാ‍രാജാവിനെ ആരാധിക്കുക. പിന്നെ ഞങ്ങളുടെ കമന്റാകര്‍ഷണയന്ത്രം എന്ന പ്രോഡക്റ്റും വാങ്ങുക. പിന്നെ കണ്ടോളൂ കമന്റാള മഹാരാജാവ് നിങ്ങളുടെ ബ്ലോഗില്‍ എങ്ങനെ തന്റെ സാന്നിദ്യം അറിയിക്കുന്നതെന്ന്

യന്ത്രം ഉപയോഗിക്കേണ്ട രീതി:

കമന്റാകര്‍ഷണ യന്ത്രം നന്നായി കുളിച്ചതിശേഷം മാത്രമേ തുറക്കാവൂ. യന്ത്രത്തിന്റെ മഹത്തത്തെ വെല്ലുവിളിച്ച് കുളിക്കാതെയും പല്ലു തേയ്ക്കാതെയും യന്ത്രം തുറന്ന ഒരാളുടെ ബ്ലോഗില്‍ നിന്നും കമന്റു ബോക്സ് അപ്രത്യക്ഷമായതായും വേറൊരാളുടെ ഒരു പോസ്റ്റില്‍ നിന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച് വച്ചിരുന്ന അമ്പതോളം കമന്റുകള്‍ നഷ്ടപ്പെട്ടതായും ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു.

അതിനുശേഷം വീടിന്റെ തെക്കുവടക്കു മൂലയില്‍ ഒരു ചൊമല തുണി (കോഴി ബ്ലഡ് പുരണ്ടത് അത്യുത്തമം) വിരിക്കുക. അതിനുശേഷം ബ്ലോഗ് തുറക്കാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ അതിലെടുത്തു വയ്ക്കുക. യന്ത്രം അടങ്ങുന്ന യു.എസ്.ബി സ്റ്റിക്ക് എടുത്ത് കമ്പ്യൂട്ടറിന്റെ യു.എസ്.ബി സ്ലോട്ടില്‍ കുത്തുക. എന്നിട്ട് കമന്റാകര്‍ഷണമന്ത്രം പതിനാറായിരത്തി എട്ടു തവണ ചൊല്ലുക. മന്ത്രം അറിയാത്തവര്‍ പേടിക്കേണ്ട. യന്ത്രത്തിന്റെ കൂടെ ഇതിന്റെ സി.ഡിയും തന്നിട്ടുണ്ട്.

അതിനുശേഷം യു.എസ്.ബി സ്റ്റിക്ക് ഓപ്പണ്‍ ചെയ്ത്, യന്ത്രത്തിന്റെ ഹൈ റെസലൂഷന്‍ പിക്ചര്‍ കമ്പ്യൂട്ടറിന്റെ ബാക്ക് ഗ്രൌണ്ട് പിക്ചര്‍ ആക്കുക. ലോ റെസലൂഷന്‍ പിക്ചര്‍ കമന്റു വേണമെന്നു ആഗ്രഹിക്കുന്ന ബ്ലോഗിന്റെ ഹെഡ്ഡര്‍ ഇമേജ് (മരമാക്രി ചെയ്യുന്നതു പോലെ) ആയും സ്ഥാപിക്കുക. നിങ്ങളുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്ന മറ്റുള്ള ബ്ലോഗേഴ്സ് ഹെഡ്ഡര്‍ കാണുന്നമാത്രയില്‍ പോസ്റ്റു പോലും വായിക്കാതെ കമന്റുന്നതായിരിക്കും.

സുഹൃത്തുക്കളെ ഈ യന്ത്രം നിങ്ങളുടെ ബ്ലോഗര്‍ ബന്ധുക്കള്‍ക്കോ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കോ സമ്മാനമായി കൊടുക്കാവുന്നതാണ്. അതുമൂലം അവര്‍ക്ക് കമന്റുകള്‍ കൂടുകയും നിങ്ങളോടുള്ള നന്ദിയും കടപ്പാടും കൂടുകയും ചെയ്യും. ബ്ലോഗേഴ്സ് അല്ലാത്തവര്‍ക്കു കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

ബ്ലോഗറല്ലാത്ത ഒരാള്‍ക്ക് ഈ യന്ത്രം കിട്ടുകയും അയാള്‍ അപ്പോള്‍ തന്നെ ബ്ലോഗര്‍ അക്കൌണ്ട് ഉണ്ടാക്കി പോസ്റ്റ് ഇടുകയും അതില്‍ വരുന്ന കമന്റുകളുടെ എണ്ണം കണ്ട് മതിമറന്ന് സ്വന്തം ജോലി ഉപേക്ഷിക്കുകയും തന്മൂലം കുടുബം പട്ടിണിയാകുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു.

ഇതിഹാസങ്ങളില്‍ പറഞ്ഞ ആ സമയം ഇതാ സമാഗതമാ‍യിരിക്കുന്നു. കലികാലത്ത് ബ്ലോഗര്‍ എന്ന വംശം ജനിക്കുമെന്നും അവര്‍ കമന്റുകള്‍ക്കായി കേഴുമെന്നും. ദീര്‍ഘദൃഷ്ടിയുള്ള മുനിവര്യന്മാരുടെ ആയിരക്കണക്കിനു വര്‍ഷത്തെ പ്രയത്നഫലമായിട്ടാണ് ഈ യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്നാം ലോക മഹായുദ്ധം പെണ്ണിനോ പണത്തിനോ അധികാരങ്ങള്‍ക്കോ ആയിരിക്കില്ലെന്നും മറിച്ച് കമന്റുകള്‍ക്കു വേണ്ടിയായിരിക്കുമെന്നും പ്രശ്ത തത്വ ചിന്തകള്‍ എം. വി. കൃഷ്ണകുമാര്‍ പ്രവചിച്ചിരുന്നല്ലോ.

അതിനാല്‍ തന്നെ കമന്റാകര്‍ഷണയന്ത്രം വാങ്ങി ബ്ലോഗില്‍ ഞാട്ടുക.

ബാറ്റാ ചെരുപ്പിന്റെ വിലപോലെ യന്ത്രത്തിനു വെറും 9999 റുപ്പീ‍സ് മാത്രമേയുള്ളൂ. യന്ത്രം മണി ബാക്ക് ഗ്യാരണ്ടിയോടെയാണ് വരുന്നത്. ഇനി ഏതെങ്കിലും കാരണവശാല്‍ നിങ്ങള്‍ പ്രതീക്ഷിച്ച പോലെ യന്ത്രം വര്‍ക്ക് ആകുന്നില്ലെങ്കില്‍ യന്ത്രത്തിന്റെ വില ഞങ്ങള്‍ തിരിച്ചു തരുന്നതാണ്, ഹാന്‍ഡിലിങ്ങ് ചാര്‍ജായ 5000 രൂപ ഒഴിച്ച്.

യന്ത്രം, സ്ഥാപിച്ചിരിക്കുന്ന ബ്ലോഗില്‍ നിന്ന് കട്ട് പേസ്റ്റ് ചെയ്ത് സ്വന്തം ബ്ലോഗിലിട്ടാല്‍ വര്‍ക്ക് ചെയ്യണമെന്നില്ല. കമ്പ്യൂട്ടര്‍ ബാക്ക്ഗ്രൌണ്ടിലുള്ള യന്ത്രത്തിന്റെ കോഡും ബ്ലോഗിലെ യന്ത്രത്തിന്റെ കോഡും മാച്ച് ആകണമെന്നു സാരം.

സ്പെഷ്യല്‍ ഓഫര്‍: ഇപ്പോള്‍ രണ്ടു യന്ത്രം വാങ്ങുന്നവര്‍ക്ക് ഒരു ഫോളോവേഴ്സ് ആകര്‍ഷണയന്ത്രം ഫ്രീ.
* ഹാന്‍ഡിലിങ്ങ് ചാര്‍ജ്ജസ് എക്സ്ട്രാ