Wednesday, November 21, 2007

ചലഗട്ട ഡേയ്സ്

മഡിവാള കൈരളീ‍ന്ന് നാലു വെള്ളേപ്പോം ഒരു കഷണം പുട്ടും കോഴിന്റെ നെഞ്ചു വറുത്തതും പിന്നാലെ ഒരു സ്വീറ്റ് & സാള്‍റ്റ് ലൈം സോഡയും കേറ്റിയ ക്ഷീണത്തില്‍ എന്തു ചെയ്യണമെന്ന് കലുങ്കുഷമായി ചിന്തിച്ചിരിക്കുമ്പോളാണു മനസിന്റെ ഫ്രെയിമില്‍ ഒരു കൊതുകുതിരി കറങ്ങാന്‍ തുടങ്ങിയത്..തിരി കറങ്ങി അവസാനിച്ചത് 2002ല്‍

2002 ഏപ്രില്‍ മാസത്തിലാണു ബാംഗ്ലുരിലേക്ക് പറിച്ചു നടപ്പെട്ടത്. ഓഫീസ് എയര്‍പ്പോര്‍ട്ടിനടുത്തുള്ള വിന്‍ഡ് ടണല്‍ റോഡിലായിരുന്നു. വിന്‍ഡ് ടണല്‍ റോഡിലൂടെ പിന്നെയും പോയാല്‍ ചലഗട്ട എന്ന ഗ്രാമത്തിലെത്തും. എയര്‍പ്പോര്‍ട്ട് റോഡില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കായിട്ടാണ് ഇത്. ഗ്രാമം എന്ന വിശേഷിപ്പിക്കാന്‍ കാ‍രണം വലിയ ഡെവലപ്പ്‌മെന്റ് ഒന്നും വന്നിട്ടില്ല അവിടെ. വീതി കുറഞ്ഞ റോഡുകള്‍..ഒന്നോ രണ്ടോ കോണ്‍ക്രീറ്റ് വീടുകള്‍, ബാക്കിയുള്ളതെല്ലാം ഷീറ്റ് കൊണ്ട് മേഞ്ഞത്, ജംക്ഷനില്‍ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ടെലഫോണ്‍ ബൂത്ത്, ഒരു അമ്പലം..വഴിവക്കില്‍ മുറുക്കി ചുവപ്പിച്ച് റോഡിലോട്ട് നീട്ടി തുപ്പുന്ന കന്നഡ തള്ളമാര്‍..കുറേ നായ്ക്കള്‍...പിന്നെ ആശ്വാസമെന്നോണം ഒരു കണ്ണുര്‍കാരന്‍ അബൂക്കായുടെ കടയും..ഓഫീസില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ എന്നതിനാലും ചുളുവിലക്കു വീടു വാടകക്കു കിട്ടിയതിനാലും ചലഗട്ടയില്‍ തന്നെ കൂടാന്‍ തീരുമാനിച്ചു.

പിറ്റെ ദിവസം തന്നെ അച്ഛന്‍ മടങ്ങിപോയി. സാദാരണ സിനിമകളില്‍ കാണുന്നതുപോലുള്ള സെന്റിമെന്റല്‍ സീന്‍ ഒഴിവാക്കാനായി യാത്ര പറയുന്ന സമയത്തു ഞാന്‍ ഇന്‍ ഹരിഹര്‍ നഗറിലെ കോമഡിയും ആലോചിച്ചോണ്ടു നിന്നു.

നാട്ടില്‍ വച്ച് അടുക്കളയില്‍ കയറുന്നത് രണ്ടു കാര്യങ്ങള്‍ക്കായിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാന്‍ പിന്നെ അമ്മയുടെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് ദുട്ട് അടിച്ചുമാറ്റാന്‍. അല്ലെങ്കില്‍ തന്നെ കുക്കിങ്ങ് എന്നുവച്ചാല്‍ അതു പെണ്‍‌വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അതില്‍ കൈകടത്തുന്നത് ശരിയല്ല എന്നുമുള്ള ചില പ്രബുദ്ധ ചിന്തകള്‍ ഉണ്ടായിരുന്നതിനാല്‍ കുക്കിങ്ങിന് ഒട്ടും മുതിര്‍ന്നില്ല.

കാലത്തും വൈകീട്ടും അബുക്കാടെ കടയില്‍ നിന്ന് ഭക്ഷണം..ഉച്ചക്ക് ഓഫീസില്‍ നിന്നും. ചിലപ്പോള്‍ മുരുഗേഷ് പാളയിലേ ചേട്ടന്റെ മെസ്സില്‍ പോയി ഭക്ഷണം. ഒരിക്കല്‍ പൊരിച്ച കരിമീ‍ന്റെ കൂടെ കോമ്പ്ലിമെന്റായി പാറ്റ ഫ്രൈ കിട്ടിയതിനാല്‍ അവിടത്തെ ഭക്ഷണം ഉപേക്ഷിച്ചു. ചലഗട്ട ജംക്ഷനിലെ വഴിയരികില്‍ നിന്നുള്ള മുളകു ബജികളും മസാലവടകളും വൈകുന്നേരങ്ങളിലെ ശീലമായി മാറി

കഴിക്കുന്ന ഫുഡിന്റെ ഹൈജീനിക്ക് നേച്ചര്‍ മൂലം ശരീരരത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും തന്മൂലം എന്തു കഴിച്ചാലും രുചി വായില്‍ നിന്നു മാറുന്നതിനു മുമ്പേ പുറത്തെത്താനും തുടങ്ങി. നാട്ടില്‍ വച്ച് ചെയ്യാറുള്ള പൊടികൈകള്‍ ഫലിക്കാതെയായി.
അവസാനം ബാംഗ്ലൂരെത്തി വിത്തിന്‍ ഫിഫ്റ്റീന്‍ ഡേയ്സ്, ഇന്ദിരാനഗര്‍ അമര്‍ ജ്യോതി നഴ്സിം ഹോമിലെ മൂന്നാം നിലയിലെ മൂന്നാം നമ്പര്‍ ബെഡ് അഞ്ചു ദിവസത്തേക്ക് ബുക്കു ചെയ്യേണ്ടി വന്നു.

“യു ഹാവ് അക്യൂട്ട് ഗാസ്ട്രോ എന്‍‌ട്രൈറ്റിസ്“ വായില്‍ കൊള്ളാത്ത പേര് ഡോക്ടര്‍ പറയുന്നത് കേട്ട് അന്തം വിട്ട് കണ്ണു തള്ളി വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന മലയാളി നഴ്സ് “കോളറയുടെ ഒരു ചെറിയ രൂപം” എന്നു പരിഭാഷപ്പെടുത്തി തന്നു.

ആദ്യത്തെ മൂന്നു ദിവസം വിശപ്പെന്നെ വികാരമേ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി ഗ്ലൂക്കോസ് കയ്റ്റികൊണ്ടിരുന്നു.പിന്നെ ഇടക്കിടക്ക് ഓരോ ഇഞ്ചക്ഷനും. നാലാം ദിവസം വയര്‍ ശരിയാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു..കുറേശെ വിശപ്പ് അനുഭവപ്പെട്ടു തുടങ്ങി.
പക്ഷേ ശാന്തമാകാന്‍ തുടങ്ങിയ വയറ് സഹമുറിയന്‍ കൊണ്ടു വന്ന മസാല ദോശയും കൊക്കോ കോളയും കഴിച്ചതോടെ ആവണ്ണക്കെണ്ണ കുടിച്ചോനു എനിമ കൊടുത്ത അവസ്ഥയായി.

അവസാനം അഞ്ചാം ദിവസം ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍, അല്ലെങ്കിലേ ഞെങ്ങി ഞെരുങ്ങി എന്റെ ശരീരത്തില്‍ കഴിഞ്ഞിരുന്ന ആത്മാവിന്നു ഒരു കാ‍ല്‍ വയ്ക്കാന്‍ കൂടി സ്ഥലമില്ലാതെയായി. തൂക്കം കുറഞ്ഞത് ഒറ്റയടിക്ക് ആറുകിലോ.

ഇനി വീണ്ടും ഒരു ഗെയിമിനു താല്‍പര്യമില്ലാത്തതിനാല് സ്വയം പാചകം ആരംഭിച്ചു. ഒരു ദിവസം ചോറ്,തൈര് ആന്‍ഡ് അച്ചാര്‍ ആണെങ്കില്‍ പിറ്റേ ദിവസം തൈര്,ചോറ് ആന്‍ഡ് അച്ചാര്‍. അതിന്റെ പിറ്റെ ദിവസം അച്ചാര്‍,ചോര്‍ ആന്‍ഡ് തൈര്‍.

പച്ചരിയും അച്ചാറും ചൂണ്ടി കാണിച്ചു വേടിച്ചു. തൈരിന്റെ കന്നഡ അറിയാത്തതിനാല്‍ “Curd ബേക്കൂ“ എന്നു പറഞെങ്കിലും “ കര്‍ഡ് ഇല്‍‌വ“ എന്നും പറഞ്ഞു കടക്കാരന്‍ എന്നെ നിരാശനാക്കി. ഒരു അവസാന ശ്രമമെന്ന നിലയില്‍ “നനഗേ സി യു ആര്‍ ഡി ബേക്കു” എന്നൊരു തട്ടു തട്ടി. അത് ആ പുണ്യപുരുഷന്‍ കൂട്ടി വായിക്കുകയും “തകൊള്ളി കേഡ്” എന്നു പറഞ്ഞു തൈര് ഏടുത്തു തരുകയും ചെയ്തു. സി യു ആര്‍ ഡി യെ കേഡ് എന്നു വായിക്കണോ അതോ കര്‍ഡ് എന്നു വായിക്കണോ? ഇന്നും ഇതൊരു സംശയമായി അവശേഷിക്കുന്നു.

കുറേ രാത്രിസ്വപ്നങ്ങളില്‍ സുന്ദരിമാര്‍ക്കു പകരം മത്തിയും അയലയും വന്നു എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. എന്നാ ഈ വീക്കെന്‍ഡ് മീന്‍ കറിയില്‍ പരീക്ഷണം നടത്താം എന്നു തീരുമാനിച്ച്, ശനിയാഴ്ച്ച കാലത്ത് തന്നെ മുരുഗേഷ് പാളയില്‍ പോയി ജീവിച്ചിരുന്നപ്പോള്‍ നല്ല ഫ്രഷ് ആയിരുന്ന കുറച്ച് മത്തി വേടിച്ചു. വീട്ടിലെത്തി കഴുകി വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും വാതിലിന്മേല്‍ ആരോ വന്നു തട്ടുന്ന ശബ്ദം..മോസ്കിറ്റോ നെറ്റ് അടിച്ചിട്ടുള്ള ജനാലയിലൂടെ നോക്കുമ്പോഴുണ്ട് ആയിരക്കണക്കിനു ഈച്ചകള്‍..തേനീച്ചകൂട്ടില്‍ കല്ലെറിഞ്ഞപോലെ..വീട്ടിനുള്ളിലേക്ക് കയറാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്...പിന്നെയൊരു യുദ്ധമായിരുന്നു, നെറ്റിലേ അല്‍പ്പം വലിയ തുളയിലൂടെ കടക്കുന്നവയേ ക്രൂരമായി ഞെരിച്ച് കൊന്നും രക്ഷപ്പെടുന്നവയേ ഫോളേ ചെയ്ത് തേജോവധം ചെയ്ത് കൊന്നും അമര്‍ഷം തീര്‍ത്തു. കന്നഡക്കാര്‍, പ്രത്യേകിച്ചും ബാംഗ്ലൂരിയന്‍സ് വെജിറ്റേറിയന്‍സ് ആകാം കാരണം ഇതായിരിക്കാം.

ബാംഗളൂര്‍ എത്തിയ ശേഷ്മുള്ള ആദ്യ മഴ. വൈകുന്നേരം 8 മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ചലഗട്ടയിലേക്കുള്ള വഴികണ്ട് താമരശ്ശേരി ചുരത്തില്‍ വച്ചു ഒറ്റയാനെ കണ്ട് പോലെ അന്തം വിട്ടു നിന്നു പോയി. ബാംഗ്ലുര്‍ നഗര്ത്തിലെ മുഴുവന്‍ വേസ്റ്റും വഹിച്ചു കൊണ്ടു പോകുന്ന ഒരു വലിയ ഓവു ചാല്‍ കര കവിഞ്ഞൊഴുകുന്നു. ഏതാണ്ടു മുട്ടിനൊപ്പം വെള്ളമുണ്ട്. യാതൊരു വാഹനവും ആ വഴിക്കു വരാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നടക്കാന്‍ തുടങ്ങി.

കനത്ത മഴയും കൂരിരുട്ടും..കാലില്‍ എന്തൊക്കെയോ വന്നു തട്ടുന്നുണ്ട്..ഏതാണ്ട് ഇരുന്നൂറു മീറ്റര്‍ പോയിക്കാണും..പുറകില്‍ നിന്ന് ഒരു വാഹനത്തിന്റെ ലൈറ്റ് കണ്ടു, ഒരു ടെംമ്പോ. ഗോഡ് ഈസ് ഗ്രൈയ്റ്റ്..എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. തിരിഞ്ഞു നിന്ന് കൈകള്‍ ഉയത്തി വീശി നിര്‍ത്താനായി സിഗ്നല്‍ കൊടുത്തു..എന്തിനധികം പറയുന്നു അതവിടെ നിര്‍ത്തിയില്ലെന്നു മാത്രമല്ല ആ ഓടവെള്ളത്തില്‍ എന്നെ കുളിപ്പിച്ചോണ്ട് അതങ്ങോട്ട് പോവുകയും ചെയ്തു. വണ്ടി നിര്‍ത്താന്‍ ഓളിയിട്ടു കൊണ്ടിരുന്ന എന്റെ വായില്‍ നിന്നും വിത്സിന്റെ പാക്കറ്റ് തുപ്പി കളഞ്ഞ് ടെംമ്പോയുടെ ഡ്രൈവറെ പച്ചതെറിവിളിക്കുമ്പോള്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയെ കുറിച്ചു ഞാനാലോചിക്കുകയായിരുന്നു..ഒപ്പം ബാംഗ്ലൂരിന്റെ സ്വാദിനെകുറിച്ചും..ഹയ്യേ ദുപ്പ്..ദുപ്പ്..

ചലഗട്ടയില്‍ നിന്നു താമസം മാറ്റാനുള്ള ഒരു പ്രധാന കാരണം ഇതായിരുന്നു. അല്ലാതെ ഉറക്കെ പാട്ടു വച്ചതിനു അടുത്ത വീട്ടിലേ കാര്‍ക്കോടകന്‍ വന്നു ജീവന്‍ വേണേല്‍ സ്ഥലം വിട്ടോ എന്നു പറഞ്ഞോണ്ടോന്നുമല്ല :)

Saturday, November 3, 2007

ഇന്റ്രവ്യു - ഒരോര്‍മ്മ

ബ്ലോഗിങ്ങിനെകുറിച്ചോ..അഗ്രിഗേറ്റര്‍,പിന്‍‌മൊഴി/മറുമൊഴി എന്നീ സങ്കേതങ്ങളെകുറിച്ചോ വല്യ പിടിപാടില്ലാ‍ത്ത സമയത്ത്. അതായത് 2007 ജനുവരിയില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ്, ഒന്നു കൂടി പൊടിതട്ടിയെടുത്ത് വീണ്ടും പോസ്റ്റുന്നു.


2001 ല്‍ ഡിപ്ലോമ കഴിഞ്ഞ് വീട്ടില്‍ പുര നിറഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് ഇനിയെന്ത് എന്ന ഒരു ഡിടിസ് അശരീരി വീട്ടിനുള്ളില്‍ മുഴങ്ങിയതു. അപ്പോഴേയ്ക്കും കുറേ സഹപാഠികള്‍ ബി.ടെക്ക് എന്ന സാഹസത്തിനായി കേരളാ ബോര്‍ഡര്‍ ക്രോസ് ചെയ്തിരുന്നു. ഇനിയും അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനം എടുത്തിരുന്നതിനാല്‍ ബോര്‍ഡര്‍ ക്രോസ് ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നില്ല..അല്ലാതെ ചില പരദൂഷണക്കാര്‍ പറയുന്നതു പോലെ തലയ്ക്കകത്ത് ഒന്നുമില്ലാഞ്ഞിട്ടല്ല.

വളരെ‍ വ്യക്തവും കൃത്യവുമായ ഒരു റ്റൈം റ്റേബിള്‍ പ്രകാരം ജീവിതം മുന്നോട്ടു പോയി. ഏര്‍ളി മോര്‍ണിങ് 10 മണിയോടെ എണീറ്റ് മനോരമയില് കമിഴുന്നു വീഴുന്നു, പിന്നെ എല്ലാ ചരമ കോളങ്ങളും സിനിമാ പരസ്യങ്ങളും പീഡനകേസുകളും വായിച്ചു 11 മണിയോടെ വീണ്ടും തല പൊക്കുന്നു. പിന്നെ തകര്‍ത്തു പിടിച്ചു പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് 11.30 ടിവി ഓണാക്കുന്നു, അപ്പോഴേയ്ക്കും ഡി ഡി മലയാളത്തില്‍ ഏതെങ്കിലും സിനിമായുടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് കാണിച്ചു തുടങ്ങിയിറ്റുണ്ടാവും.. പിന്നെ ഊണ്, സിനിമായെല്ലാം റ്റൈം ഡിവിഷന്‍ മള്‍ട്ടിപ്ലെക്സ് ചെയ്ത് അഡ്ജെസ്റ്റ് ചെയ്യുന്നു...ടിവിയില്‍ ശുഭം എഴുതിക്കാണിക്കുമ്പോഴേക്കും‍ ഞാ‍ന് ചെയറില് ഫ്ലാറ്റായിട്ടുണ്ടാവും.

ഇങ്ങിനെ ജീവിതം വളരെ ഇതം പ്രഥമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചു ഒരു ഇന്റ്രവ്യു ലെറ്റ്ര് വന്നതു. .എറണാകുളത്തുനിന്ന്..

ഇന്റ്രവ്യു ദിവസം കാലത്തേ തന്നേ വിളിച്ചെഴുന്നേല്‍പിച്ചു. ഉറക്കം തൂങ്ങുന്ന മുഖവും വടിപോലത്തെ ഷര്‍ട്ടും വല്ലപ്പോഴും ഇടുന്ന പോയിണ്ടട് ഷൂസും തല്ലികേറ്റി ഞൊണ്ടി ഞൊണ്ടി ചാലക്കുടിയിലേക്കു വച്ചു പിടിച്ചു. അവിടെ നീന്നു ഒരു തിരോന്തരം ഫാസ്റ്റില് കയറീ എറണാകുളത്തേക്കു ടിക്കറ്റെടുത്തു...വ്ണ്ടിയിലിരുക്കുമ്പോള്‍ മുഴുവന്‍ ഇന്റ്രവ്യു കഴിഞ്ഞു ഷേണായീസില്‍ രാവണപ്രഭു കാണാന്‍ ടിക്കറ്റു കിട്ടുമോ എന്നുള്ള ആശങ്കയായിരുന്നു.

മോഹന്‍ലാല്‍ “അയാ‍ള്‍ കഥയെഴുതുകയാണ്‍” എന്ന സിനിമയില്‍ പറഞ്ഞ പോലെ “ചോയിച്ച് ചോയിച്ചു പോയി” അവസാനം ഓഫീസ് കണ്ടു പിടിച്ചു. ഇന്റ്രവ്യൂ റൂമിലേയ്ക്കു കേറുമ്പോള്‍ പറയേണ്ട “May I come in sir, Can I have a seat” മുതലായവ മനസില്‍ ഒരാവര്‍ത്തികൂടി പറഞ്ഞു പഠിച്ച് വിളിക്കുന്നതിനായി കാതോര്‍ത്തിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചതിനാലും ഇംഗ്ലീഷ് എന്റെ ബദ്ധശത്രു ആയതിനാലും എങ്ങിനെ ഈ കടമ്പ കടക്കും എന്ന ഒരു ന്യായമായ ഒരു സംശയം എന്നെ അലട്ടുന്നുണ്ടായിരുന്നു

അവസാനം എന്റെ ഊഴം വന്നെത്തി. ഞാന്‍ മാര്‍ച്ച് പാസ്റ്റ് ചെയ്തു വാതിലിനടുക്കലെത്തി. എയറു പിടിച്ച് ഗാംഭീ‍ര്യമുള്ള ശബ്ദത്തില്‍ ചോദിച്ചു

“May I come in sir“.

“Yes, കടന്നു വരൂ“

മലയാളത്തിലുള്ള ആ മാധുര്യമുള്ള ശബ്ദം.കിണറ്റില്‍ വീണോന് തുങ്ങി നില്‍ക്കാന്‍ കയറു കിട്ടിയ അവസ്ഥ. ഞാന്‍ മനസില്‍ പറഞ്ഞു “ഇനി ഞാന്‍ ജോലിയും കൊണ്ടേ പോകൂ“

ഇനിയുള്ള സംഭാക്ഷണങ്ങള്‍

അവര്‍ : എന്തുകൊണ്ട് അപ്ലൈഡ് ഇലക്ട്രോണിക്സ് എടുത്തു ? കമ്പൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഉണ്ടായിരുന്നല്ലോ?

കമ്പൂട്ടര്‍ ഹാര്‍ഡ്‌വെയറിനു സീറ്റു കിട്ടാതിരുന്നിട്ടു ഇലക്ട്രോണിക്സിനു ചേര്‍ന്നതാണെന്നു പറയാന്‍ പറ്റിലല്ലോ?

ഞാന്‍ : പണ്ടു മുതലേ എനിക്കു ഇലക്ട്രോണിക്സ് വല്യ താല്പര്യമായിരുന്നു. ഈ റേഡിയോ എല്ലാം കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടേ നോക്കാറുണ്ടു ....എന്നെല്ലാം വച്ചലക്കി. എന്നിലെ വികടസരസ്വതി എനിക്കു തന്നെ പാരയാകുമെന്നു ഞാ‍നറിഞതു അടുത്ത ചോദ്യത്തോടെയാണ്

അവര്‍ : ഓഹോ ...റേഡിയോ എല്ലാം അത്രയ്ക്ക് ഇഷ്ടമാ‍ണോ?....ഈ റേഡിയോയുടെ പ്രധാന ഭാഗങ്ങള്‍ ഏതൊക്കെയാണ്? അതിന്റെ വര്‍ക്കിങ് ഒന്നു പറയൂ..

ദാ കെടക്കുണു..എല്ലാ കോണ്‍ഫിഡന്‍സും..ഒലിച്ചു പോയി...സെക്കന്‍ഡിയരില്‍ എപ്പോഴോ പഠിച്ച ഇതെല്ലാം അപ്പോഴേക്കും മറന്നിരുന്നു. എങ്കിലും..ഓര്‍മ്മയില്‍ വന്നതൊക്കെ പറഞ്ഞു..

ഞാന്‍ : ആന്ടിന...ടീമോഡുലേറ്റ്ര്..ആര്‍.എഫ് ആ‍മ്പ്ലിഫയര്‍.........

പിന്നെ എങ്ങിനെയൊക്കെയോ വര്‍ക്കിങ്ങും പറഞ്ഞൊപ്പിച്ചു.അവരുടെ മുഖഭാവത്തീല്‍ നിന്ന് കാര്യങ്ങള്‍ പിടിവിട്ടു പോയി എന്നു അപ്പോഴേ തോന്നിയിരുന്നു...

"എന്തൊക്കെയാണു ഹോബീസ്?"

"പാട്ട് ഒക്കെ ഇഷ്ടമാണ്..പിന്നെ ബുക്സ് ഒക്കെ വായിക്കും"

"ഏതു തരം ബുക്സ്?"

"ഡിറ്റക്ടീവ് ബുക്സ് ആണ് കൂടുതല്‍ താല്‍പ്പര്യം"

"ഏതാണ് ഏറ്റവും അവസാനം വായിച്ചത്?"

"രക്തം കുടിക്കുന്ന പെണ്‍കുട്ടി.."

അടുത്ത നിമിഷം ഞാന്‍ കാണുന്നത് എന്റെ നേരെ ഷേയ്ക്ക് ഹാന്‍ഡിനായി നീളുന്ന അവരുടെ കയ്യാണ്.

"ഒക്കേ..ഞങ്ങള്‍ അറിയിക്കാം"

അങ്ങനെ അവര്‍ ആ ഇന്റ്രവ്യു ശുഭമായി വേഗം അവസാനിപ്പിച്ചു....

അവരും ഹാപ്പി, രാവണപ്രഭുവിന് ടിക്കറ്റു കിട്ടിയതിനാല്‍ ഞാനും ഹാപ്പി

സവാരി ഗിരി ഗിരി..:)