Tuesday, March 30, 2010

ഡിമ്രി ഒരു കേരളീയനോ?

വളരെ യാദൃശ്ചികമായിട്ടാണ് ഉത്തരാഞ്ചലുകാരനായ രാകേഷ് ഡിമ്രിയെ പരിചയപ്പെട്ടത്. ഓഫീസിലെ ഉച്ചഭക്ഷണ സമയത്ത് സമീപംവന്നിരുന്ന പുതിയമുഖത്തെ ആദ്യം ഗൌനിച്ചതേ ഇല്ല. ഐഡന്റിറ്റി കാര്‍ഡിലെ പേര്‍ ഒളികണ്ണിട്ടുനോക്കി. “രാകേഷ് ഡിമ്രി”. ഖാന്‍, അഗര്‍വാള്‍, ഷെട്ടി, റെഡ്ഡി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും “ഡിമ്രി” എന്ന് കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. അതിനാല്‍ തന്നെ പരിചയപ്പെട്ടു. കേരളത്തില്‍ നിന്നാണ് ഞാനെന്നു അറിഞ്ഞതും അവന്‍ വാചാലനായി. അവന്റെ പൂര്‍വ്വികര്‍ കേരളത്തില്‍ നിന്നാണത്രേ. ആ കഥയറിയാന്‍ ഞാനും തല്പരനായി.

കഥ ഇങ്ങനെ ...

ഹിന്ദുമത നവീകരണത്തിന്റെ ഭാഗമായി ശ്രീശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാലുദിക്കിലും മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. തെക്ക് കര്‍ണാടകയിലെ ശൃംഗേരിയില്‍ ശാരദാപീഠം, കിഴക്ക് ഒറീസ്സയിലെ പുരിയില്‍ ജഗന്നാഥം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയില്‍ ദ്വാരകാപീഠം എന്നിവ‍ സ്ഥാപിച്ച ശേഷം അദ്ദേഹം വടക്കുദിക്കിലേക്ക് യാത്രയായി.

ഉത്തരാഞ്ചലിലെ ആദിബദ്രി എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. വ്യാസ മഹര്‍ഷി ഭാഗവതം രചിച്ചത് ഇവിടെ വച്ചാണെന്നു കരുതപ്പെടുന്നു. മഹര്‍ഷിയെ ഭദ്രായന്‍ എന്നു വിളിക്കുന്നതിന്റെയും കാരണം ഇതായിരിക്കണം. ശ്രീശങ്കരാചാര്യര്‍ നാലാമത്തെ മഠം ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചു. മഠത്തിന്റെ പണി നടക്കുന്നതിനിടയില്‍ അദ്ദേഹത്തിനു ദിവ്യ സ്വപ്ന ദര്‍ശനം ഉണ്ടായി. നാരദകുണ്ട് എന്ന തടാ‍കത്തില്‍ ഒരു വിഷ്ണു വിഗ്രഹം കിടക്കുന്നതായും അത് ഉടനെ കണ്ടെടുത്ത് പ്രതിക്ഷ്ടിക്കണമെന്നും.

ആദി ബദ്രിയിലെ പണി പകുതിക്കു വച്ച് നിര്‍ത്തി അദ്ദേഹം നാരദകുണ്ടിലേക്ക് തിരിച്ചു. പണി പൂര്‍ത്തിയാകാത്ത ക്ഷേത്ര സമുച്ചയങ്ങള്‍ (16 ഓളം) ഇപ്പോഴും ഇവിടെ‍ കാണാം.

നാരദകുണ്ടില്‍ നിന്നും വിഗ്രഹം കണ്ടെടുക്കുകയും അവിടെ വിഷ്ണു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥലമാണ് പിന്നീട് ബദരീനാഥ് എന്ന പേരില്‍ അറിയപ്പെട്ടത്. ബദരീനാഥ് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ നാരദ് കുണ്ടിലെ സ്നാനത്തിനു ശേഷമാണ് ക്ഷേത്ര ദര്‍ശനം നടത്തുക.

ഇത് സമുദ്ര നിരപ്പില്‍ നിന്നും 3400 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തണുപ്പുകാലത്തുള്ള കനത്ത മഞ്ഞു മൂലം ഇവിടേയ്ക്കുള്ള യാത്ര ദുഷ്കരമാ‍കയാല്‍ ഏകദേശം ആറുമാസത്തോളം ക്ഷേത്രം അടച്ചിടുന്നു. ഇക്കാരണത്താലാണ് ബദരീനാഥില്‍ നിന്നും 30 കി.മി മാറിയുള്ള ഒരു സ്ഥലത്ത് ജ്യോതിര്‍മഠം സ്ഥാപിച്ചത്. ബദരീനാഥ് അടഞ്ഞു കിടക്കുന്ന സമയത്ത് വിഷ്ണുവിഗ്രഹം ജ്യോതിര്‍മഠത്തില്‍ പ്രതിഷ്ടിക്കുകയും ആരാധിക്കുകയും ചെയ്തു പോന്നു. ശ്രീ ശങ്കരാചാര്യര്‍ സമാധിയടഞ്ഞത് ഇവിടെ വച്ചാണെന്നു പറയപ്പെടുന്നു.

കേരളത്തില്‍ നിന്നുള്ള ബ്രാഹ്മണരെയാണ് ഇവിടെ പൂജകള്‍ക്കായി ശ്രീശങ്കരാചാര്യര്‍ നിയോഗിച്ചത്. ജന്മനാ പൂണുലുമായി ജനിക്കുന്ന നമ്പൂതിരിപ്പാടായിരിക്കും മുഖ്യ കാര്‍മ്മികന്‍. എല്ലാവര്‍ഷവും കേരളത്തില്‍ നിന്ന് മുഖ്യകാര്‍മ്മികനും സഹായികളും അടങ്ങുന്ന ഏകദേശം ഇരുന്നൂറോളം പേര്‍ വരുന്ന സംഘം വേനല്‍ കാലമാകുമ്പോള്‍ ബദരീനാഥില്‍ എത്തുകയും പിന്നീട് തണുപ്പുകാലത്ത് ക്ഷേത്രം അടയ്ക്കുമ്പോള്‍ തിരിച്ചു പോരുകയും ചെയ്തു പോന്നു.

എല്ലാവര്‍ഷവുമുള്ള ഈ പോക്കുവരവുകള്‍ ദുഷ്കരമായതിനാല്‍ ഏകദേശം എ.ഡി 1300 നോടടുത്ത് മുഖ്യകാര്‍മ്മികനെ മാത്രം കേരളത്തില്‍ നിന്നു കൊണ്ടുവരാനും സഹായികള്‍ എല്ലാവരും അവിടെതന്നെ താമസിക്കാനും തീരുമാനിച്ചു. ബദരീനാഥില്‍ നിന്നും 120 കി.മി അകലേയുള്ള ഡിമ്മര്‍ എന്ന ഗ്രാമമാണ് അവര്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ആ ഗ്രാമത്തിലുള്ളവര്‍ “ഡിമ്രി“ എന്ന് വിളിക്കപ്പെടുന്നു. അന്ന് അവിടെ താമസം തുടങ്ങിയവരുടെ പിന്‍‌ഗാമിയാണ് രാകേഷ് ഡിമ്രി.

ഇപ്പോള്‍ ഏകദേശം 50 ഓളം ഡിമ്രി കുടുംബങ്ങള്‍ ഡിമ്മറില്‍ ഉണ്ട്. പഴയ കാലത്തെ എല്ലാ ആചാരങ്ങളും മുറതെറ്റാതെ ചെയ്യാന്‍ ഇപ്പോഴും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഏതെല്ലാം കുടുംബമാണ് ഓരോ വര്‍ഷവും ക്ഷേത്ര ആവശ്യങ്ങള്‍ക്ക് സഹകരിക്കേണ്ടതെന്ന് ഗ്രാമത്തലവനാണ് തീരുമാനിക്കുക

ഡിമ്മറിലെ ഇളമുറക്കാര്‍ക്കു പലര്‍ക്കും ഈ ചരിത്രങ്ങളെകുറിച്ചോ തങ്ങളുടെ മഹത്തായ പാരമ്പര്യത്തെ കുറിച്ചോ അറിവില്ല എന്നു രാകേഷ് പറയുകയുണ്ടായി, തികച്ചും വിഷാദനായി.

ഇനിയും ഇതുപോലെയുള്ള എത്രയോ ചരിത്രങ്ങള്‍ അറിയാനിരിക്കുന്നു. എത്രയോ തലമുറകള്‍ക്കിടയില്‍ കൈമോശം വന്നിരിക്കാം...

അല്ലെങ്കില്‍ എത്രയോ വളച്ചൊടിക്കപ്പെട്ടിട്ടുണ്ടാകം....അല്ലേ?

-----------------------------------------------------------------------------------------------
വാമൊഴിയായി ശ്രീ രാകേഷ് ഡിമ്രിയില്‍ നിന്നു ലഭിച്ചത്. തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കുക, തിരുത്തുക. വൈഖരി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.


8 comments:

Sherlock said...

ഡിമ്രി ഒരു കേരളീയനോ? -- ഒരു ലേഖനം

പിപഠിഷു said...

:)

"ജന്മനാ പൂണുലുമായി ജനിക്കുന്ന നമ്പൂതിരിപ്പാടായിരിക്കും മുഖ്യ കാര്‍മ്മികന്‍."

എന്ന് വച്ചാല്‍? :O

ബിജു ചന്ദ്രന്‍ said...

രസകരമായ അറിവ്. മുകളിലെ സംശയം എനിക്കുമുണ്ട്. പൂണൂലുമായി ജനിക്കുന്ന നമ്പൂതിരി??

Unknown said...

കവചകുണ്ഡലം ആയി ജനിച്ച കര്‍ണ്ണന്‍ എന്ന് കേട്ടിട്ടുണ്ട് ഇത് പൂണൂല്മായി ജനിക്കുന്ന നമ്പൂതിരി ഹ ഹ ഹ കലക്കി.

ഷാജി ഖത്തര്‍.

ശ്രീ said...

ആ സംശയം എനിയ്ക്കുമുണ്ട്... അതും ഒരു അന്ധവിശ്വാസമാണെന്നാണോ?

jayanEvoor said...

ഹ! ഹ!!

നല്ല കഥ!!

ഷൈജൻ കാക്കര said...

ചരിത്രസത്യം....

Sherlock said...

പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. “ജന്മനാ പൂണൂലുമായി ജനിക്കുന്ന” കാര്യത്തില്‍ ഷെര്‍ലോക്കിനും സംശയമുണ്ട്. കഥയില്‍ ചോദ്യമില്ല...പുരാണങ്ങള്‍ പോലെ