Tuesday, May 27, 2008

സിമിത്തേരിപ്പൊക്കം

ഇരിങ്ങാലക്കുട ക്രൈസ് കോളേജില്‍ നിന്നും പ്രീഡിഗ്രീ രണ്ടാം വര്‍ഷം സെന്റ് ഓഫ് കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവരെയും പോലെ ഞാന്‍ സെന്റിയായില്ല. ഡിഗ്രിക്കും ഇവിടെ തന്നെ വന്ന് അര്‍മ്മാദിക്കാന്‍ തന്നെയായിരുന്നു തീരുമാനം. മാസ് മൂവിസും പ്രഭാതും ഒന്നും അങ്ങനെയങ്ങോട്ടു മറക്കാന്‍ പറ്റില്ലല്ലോ. എന്റെ ആംഗലേയ ഭാഷയെ പുഷ്ടീപ്പെടുത്താന്‍ ഈ തിയറ്ററുകള്‍ ചെയ്ത സംഭാവനകള്‍ ഓര്‍ത്താല്‍ ഒരു പത്മശ്രീ കൊടുക്കാന്‍ വകയുണ്ട്.

പക്ഷേ..കല്ലേറ്റുംകര മോഡല്‍ പോളിയില്‍ നിന്നും പ്രോസ്പെക്ട്സ് വേടിച്ചു കൊണ്ടുവരാന്‍ അച്ഛന്‍ പറഞ്ഞപ്പോഴാണ് എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിയത്. അധികം ആംഗലേയം പഠിച്ച് സായിപ്പാകുമെന്നു ഭയന്നതുകൊണ്ടോ അതോ ഏതെങ്കിലും ചാരന്മാര്‍ ഒറ്റികൊടുത്തതു കൊണ്ടാണോ, അറിയില്ല.


അങ്ങനെ മോഡല്‍ പോളിയില്‍ ഇലക്ട്രോണിക്സ് ബാച്ചില്‍ ജോയിന്‍ ചെയ്യപ്പെട്ടു. വീ‍ട്ടില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരംമുണ്ട് പോളിയിലേക്ക്. വീട്ടില്‍ നിന്നും ഇറങ്ങി എഴുന്നള്ളത്തു പാതയിലൂടെ മുന്നോട്ടുപോയി താഴേക്കാട് ആലിന്റെ അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ പിന്നെ കുണ്ടുപാടം റോഡായി. അതായിരുന്നു കല്ലേറ്റുംകരയിലേക്കുള്ള ഷോര്‍ട്ട്‌കട്ട്.

വീതി വളരെ കുറവ്. മുന്നോട്ടു പോകുംതോറും വീടുകള്‍ കുറഞ്ഞുവരുന്നു. അവസാനത്തെ വീട് ശശിയേട്ടന്റേതാണ്. അതു കഴിഞ്ഞാല്‍ പിന്നെ കുത്തനെ ഒരു ഇറക്കമാണ്. ഇറങ്ങിചെല്ലുന്നത് വിശാലമായ പാടശേഖരങ്ങള്‍ക്കു നടുവിലേക്ക്. അവിടെനിന്നും
കുറച്ചൂടെ മുന്നോട്ടു പോയാല്‍ കുത്തനെ ഒരു കയറ്റം. കയറ്റത്തിന്റെ ഒരു വശം മുഴുവന്‍ ജാതി തോട്ടമാണ്. മറുവശത്ത് സിമിത്തേരിയും പണി നടന്നു കൊണ്ടിരിക്കുന്ന പള്ളിയും. കുറച്ചൂടെ മുന്നോട്ടു പോയാല്‍ വീണ്ടും വീടുകള്‍ കണ്ടുതുടങ്ങുകയായി.
തികച്ചും ഗ്രാമീണ സൌന്ദര്യം തുടിച്ചു നില്‍ക്കുന്ന പ്രദേശം.

എന്റെ തന്നെ പ്രാ‍യമുള്ള ഒരു കറുത്ത റാലി സൈക്കിളിലായിരുന്നു യാത്രകള്‍. മുന്നിലെ മഡ്ഗാര്‍ഡില്‍ ചാടാന്‍ വെമ്പി നില്‍ക്കുന്ന ഒരു സ്വര്‍ണ്ണക്കുതിര(സ്വര്‍ണ്ണ നിറത്തിലുള്ള). ഹാന്‍ഡില്‍ ബാറിലും പിന്നിലും ഒരു സ്പ്രിങ്ങ് ക്യാരിയര്‍. പിന്നെ കീറാന്‍ വെമ്പി നില്‍ക്കുന്ന സീറ്റും.

ലാബ് ഉള്ള ദിവസങ്ങളില്‍ കറുത്ത റബ്ബര്‍ഷൂസും വെയിലടിച്ചാല്‍ കറക്കുന്ന ഡേ-നൈറ്റ് ഗ്ലാസും സ്കൈ ബ്ലൂ ഷര്‍ട്ടും ഡാര്‍ക്ക് ബ്ലൂ പാന്റും ധരിച്ച് റാലി സൈക്കിളില്‍ പോളിയുടെ കോമ്പൌണ്ടില് പ്രവേശിക്കുമ്പോള്‍ എവിടെ നിന്നോ മേഘത്തില്‍ മമ്മൂട്ടി പാടുന്ന “ഞാന്‍ ഒരു പാട്ടു പാടം” എന്ന ഗാനം അലയടിക്കുമായിരുന്നു. ഞാന്‍ ബോട്ട് വേടിക്കുന്നതുവരെ ഇതായിരുന്നു അവസ്ഥ.

ആദ്യവര്‍ഷ അവസാനത്തിലാണ് പോളിയില്‍ നിന്നും തേക്കടിയിലേക്ക് ടൂര്‍ പോയത്. ഒരു തിങ്കളാഴ്ച്ച പുലര്‍ച്ച നാലു..നാലര മണിയോടേ ഞങ്ങള്‍ തിരിച്ചെത്തി. നേരം വെളുക്കുന്നതുവരെ പോളിയില്‍ തന്നെ കഴിച്ചുകൂട്ടാനായിരുന്നു മിക്കവരുടെയും പ്ലാന്‍.
വീട് അടുത്തായതില്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചു. ചെറിയ തണുപ്പുണ്ടായിരുന്നതിനാല്‍ തോര്‍ത്തെടുത്ത് ഷര്‍ട്ടിന്റെ മുകളിലിട്ടു (നോട്ട് ദി പോയന്റ്)

പ്രധാന റോഡില്‍ നിന്നും കുണ്ടുപാടം റോഡില്‍ പ്രവേശിച്ചതോടെ 224 കെബിയുള്ള ഒരു വൈറസ് ആയി ഭയമെന്ന വികാരം രൂപം കൊണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ഞാന്‍ മുന്നോട്ടുപോയി. പക്ഷേ സിമിത്തേരിപൊക്കത്തിനടുത്തെത്തിയപ്പോഴേക്കും ആ വൈറസ് 120 ജി ബിയുള്ള മനസിനെ പൂര്‍ണ്ണമായും ആക്രമിച്ചു കീഴ്പ്പെടുത്തി. തന്മൂലം ശരീരത്തിലുടനീളം വൈബ്രേഷന്‍(വിറയല്‍) രൂപം കൊള്ളുകയും ചെയ്തു.

“ചില്‍...” പെട്ടെന്നാണ് കുപ്പികള്‍ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടത്. അതിനു പുറകെ തന്നെ അടുത്തുള്ള ജാതിത്തോട്ടത്തില്‍ കൂടി ആരോ ഓടുന്ന ശബ്ദവും..

അനവസരത്തിലുള്ള ഈ ശബ്ദം എന്നില്‍ ഉറങ്ങിക്കിടന്നെ ധീരനെ ഉണര്‍ത്തുകയും തഥവസരത്തില്‍ ഈയുള്ളവന്‍ അവസരത്തിനൊത്ത് ഉയരുകയും ഞാന്‍ പോലും അറിയാതെ എന്റെ ഉള്ളില്‍ നിന്നും ഒരു അലര്‍ച്ച ഉടലെടുത്തതും സൈക്കിളിന്റെ സ്പീഡോമീറ്റര്‍ 6 കി.മി പെര്‍ അവറില്‍ നിന്നും 60 കി.മി പെര്‍ അവറിലേക്ക് ഡ്ഫ്ലക്ട് ചെയ്തതും ഒരുമിച്ചായിരുന്നു. ഇത്രയും നാള്‍ സൈക്കിള്‍ ഉരുട്ടി കയറിയ കയറ്റങ്ങള്‍ കൂള്‍ കൂളായി ചവിട്ടി കയറ്റി വീട്ടിലെത്തിയപ്പോഴും എന്റെ വിറയല്‍ മാറിയിരുന്നില്ല.

വാല്‍ കഷണം : കല്ലേറ്റുകരയിലേക്ക് എന്നും പുലര്‍ച്ചേ പാലുമായി പോയിരുന്ന ശശിയേട്ടന്‍ ചൊവ്വാഴ്ച്ച മുതല്‍ അതിനായി വേറേ ആളെ ഏര്‍പ്പാടാക്കി. സിമിത്തേരിപ്പൊക്കത്തുവച്ച് “വെളുത്ത” എന്തോ സാധനം അടുത്തു വരുന്നത് കണ്ട് പേടിച്ചത്രേ.

20 comments:

ഹരിത് said...

ഹഹഹഹ..:)

ഫസല്‍ said...

ശശിച്ചേട്ടന്‍റെ കാര്യമവിടെ നില്‍ക്കട്ടെ നമ്മടെ ബാക്കി കാര്യം പറയൂ സുഹൃത്തേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു സിബിഐ ഡയറിക്കുറിപ്പ് , പറക്കും സൈക്കിൾ കണ്ടുപിടിച്ചത് അണ്ണനായിരുന്നല്ലേ?

പാമരന്‍ said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ വാല്‍ക്കഷ്ണം അസ്സലായി

പൊറാടത്ത് said...

ജിഹേഷേ.. അപ്പോ ശശിചേട്ടനായിരുന്നോ താങ്കളെ 60 കി. മീ സ്പീഡില്‍ സൈക്കിള്‍ ഓടിയ്ക്കാന്‍ പ്രചോദിപ്പിച്ചത്..?!!

രസിച്ച് വായിച്ചൂട്ടോ..

ശ്രീ said...

ഹ ഹ. എന്നിട്ട് എത്ര ദിവസം പനിച്ചു കിടന്നു? അതു പറ!

:)

കുഞ്ഞന്‍ said...

ജിഹേഷ് ഭായി..

ഒരു കാര്യം വിട്ടുപോയല്ലൊ..അകത്തുകിടന്ന വിദേശി ആവിയായിപ്പോയതും അറിഞ്ഞില്ല എന്നുകൂടി വേണ്ടതായിരുന്നു..!

ഹഹ..സംഭവം ദൃശ്യവല്‍ക്കരിക്കുമ്പോള്‍...എന്താ രസം..!

Gopan (ഗോപന്‍) said...

ഹ ഹ ഹ, ഇതു കലക്കി.

കുട്ടന്‍മേനൊന്‍ said...

:)

പപ്പൂസ് said...

ഹ ഹ!

എന്നാലും ഇത്ര പുലര്‍ച്ചെ ’കുപ്പി’ പൊട്ടിച്ചതാരപ്പാ! ;-)

ജിഹേഷ് said...

ഹരിത് :)

ഫസല്‍ :)

കു.ച്ചാ , നാന്‍ താന്‍ :)

പാമരന്‍ :)

പ്രിയാ, :)

പൊറാടത്ത്, :)

ശ്രീ, പനിയോ എനിക്കോ? :)

കുഞ്ഞന്‍, :)

ഗോപന്‍, :)

മേനോന്‍ ചേട്ടന്‍, :)

പപ്പൂസ്, :)

ഇവിടെ വന്നതിനും വായിച്ചതിനും നന്ദി


qw_er_ty

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കൊള്ളാം വായിച്ചു ഏറെ ചിരിച്ചു,
ഇതു പോലുള്ള അനുഭവങ്ങള്‍ എനിക്കും
ഉണ്ടായിട്ടുണ്ട്

lakshmy said...

അപ്പൊ ശശിചേട്ടനെ ഒരു വഴിക്കാക്കി അല്ലേ

കുറ്റ്യാടിക്കാരന്‍ said...

:)

മുസാഫിര്‍ said...

ഹഹ അങ്ങിനെയാണ് കുണ്ടുപാടം രാജ്യത്ത് തേനും പാലും ഒഴുക്കാം എന്ന എം എല്‍ ഏയുടെ വാഗ്ദാനം നിറവേറിയത് അല്ലെ ?

നന്ദകുമാര്‍ said...

മുന്നിലെ മഡ്ഗാര്‍ഡില്‍ ചാടാന്‍ വെമ്പി നില്‍ക്കുന്ന ഒരു സ്വര്‍ണ്ണക്കുതിര.....പിന്നെ കീറാന്‍ വെമ്പി നില്‍ക്കുന്ന സീറ്റും.

ഹഹഹ! കലക്കീടാ..നന്നായിരിക്കുന്നു. (ഓ പിന്നെ, ഇങ്ങേരിപ്പോ പറഞ്ഞിട്ടു വേണ്ടേ എന്നല്ലെ നീ ആലോചിച്ചത്??!!)
അപ്പോ അന്നും ഇന്നത്തെപ്പോലെതന്നെ അപാരധൈര്യമായിരുന്നല്ലേ?

My......C..R..A..C..K........Words said...

virayal ippozhum maaariyittillallo...!

G.manu said...

സിമിത്തേരിപ്പൊക്കത്തുവച്ച് “വെളുത്ത” എന്തോ സാധനം അടുത്തു വരുന്നത് കണ്ട് പേടിച്ചത്രേ.

haha kasaran

Naseef U Areacode said...

ഞാനാദ്യം വിചാരിച്ചു, ഇപ്പോ പ്രേതങ്ങളും കുപ്പിപൊട്ടിക്കലൊക്കെ തുടങ്ങിയെന്ന്..
നന്നായിരിക്കുന്നു ഷെര്‍ലക്..
യാത്ര...