Saturday, May 10, 2008

കൂടപ്പിറപ്പ്

ജാക്കി ചാന്റെയും ബ്രൂസ്ലിയുടെയും സിനിമകള്‍ തലക്കു പിടിച്ച്, ബ്രൂസ്ലിയുടെ രണ്ടാം ജന്മമാണെന്നുള്ള പരമരഹസ്യം ഉള്ളിലൊതുക്കി വാഴകളെയും തരം കിട്ടുമ്പോള്‍ അനിയത്തിയെയും കരാട്ടെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി നടന്നിരുന്ന കാലം..

അന്ന് ഓരോ ദിവസവും എഴുന്നേറ്റിരുന്നത് ഇന്നെങ്ങിനെ ഇന്നോവേറ്റീവ് ആയി തല്ലുകൂടാം എന്നാലോചിച്ചോണ്ടായിരുന്നു. പത്തിരുപതു പിടക്കോഴികളും അവര്‍ക്കിടയില്‍ അര്‍മ്മാദിച്ചുകൊണ്ടിരുന്ന നാലഞ്ചു പൂവന്മാരും ഉണ്ടായിരുന്നിട്ടും കാലത്തെ അമ്മയെ വിളിച്ചുണര്‍ത്തുന്ന ചുമതല അനിയത്തി ഏറ്റെടുത്തിരുന്നു. കാലത്തേ എഴുന്നേറ്റ് മൂത്രശങ്ക തീര്‍ത്തു തിരിച്ചുവരുമ്പോള്‍ അവളുടെ തലക്കിട്ടൊരു കിഴുക്കു കൊടുത്തില്ലെങ്കില്‍ അന്നത്തെ ദിവസമേ ശരിയല്ലാതാകും :)

കോഴിക്കുട് ആരു തുറക്കും ?

പഴയ കഞ്ഞിവെള്ളം ആരു കൊണ്ടു കളയും ?

ചെടികള്‍ക്ക് ആര് വെള്ളമൊഴിക്കും?

രണ്ടിഞ്ചു പൊക്കമുള്ള തക്കാളിച്ചെടി വളര്‍ന്നു വലുതായി കായുണ്ടാകുമ്പോള്‍ ആദ്യത്തെ തക്കാളി ആരു പറിക്കും?

ആര് പാല്‍ വേടിച്ചോണ്ടുവരും?

ആര് മുറ്റത്തു കിടക്കുന്ന പേപ്പര്‍ എടുക്കും?

ആര് പുതപ്പു മടക്കിവെക്കും?

...തുടങ്ങി തല്ലുപിടിക്കാന്‍ ഒട്ടേറെ വഴികള്‍ ഉണ്ടായിരുന്നു..

ഇതൊന്നും ഇല്ലെങ്കില്‍ കൂടി സാദാരണ അവധിദിവസങ്ങളില്‍ ഡീഫാള്‍ട്ടായി മൂന്നോ അതിലതികമോ...

1) ചായകുടിക്കുന്ന ഗ്ലാസിനു വേണ്ടി

2) ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ മേശക്കടിയില്‍ കൂടി ചവിട്ട്

3) ഊണ് കഴിക്കാനുള്ള പാത്രത്തിനുവേണ്ടി + മേശക്കടിയില്‍ കൂടി ചവിട്ട്


അല്ലാത്തദിവസങ്ങളില്‍ രണ്ടോ അതിലതികമോ (1ഉം 2ഉം) അടി/ഇടി/ചവിട്ട് അരങ്ങേറും..

പഴയ സിനിമകളില്‍ ഉണ്ടാകാറുള്ള “ഡിഷും” അല്ലെങ്കില്‍ “ഠേ” എന്നീ ശബ്ദങ്ങള്‍ വന്നാല്‍ മാത്രമേ അതിനെ അടി/ഇടി ആയി കണക്കാക്കിയിരുന്നുള്ളൂ..

അത് ഒരു വേനല്‍ അവധിക്കാലമായിരുന്നു.. ഒരു ദിവസം എന്റെ ആക്രമണങ്ങളില്‍ പ്രധിക്ഷേധിച്ച് അവള്‍ ശക്തമായി തിരിച്ചടിച്ചു. എന്ത് നീര്‍ക്കോലിക്കും ശീല്‍ക്കാരമോ?..രണ്ടു സ്റ്റെപ്പ് ബാക്കിലോട്ടു വെച്ച് കരാട്ടേ സ്റ്റൈലില്‍ ഒന്നു കൊടുത്തു. ടിങ്ങ് അവളങ്ങിനെ പറന്നു പോയി ചുമരിലിടിച്ചു വീണു..പിന്നെ അവിടെ നിന്നില്ല ഓടി വടക്കുവശത്തെ പറമ്പിലെ കല്ലുവെട്ടു കുഴിയില്‍ ഒളിച്ചു..സിലോണ്‍ റേഡിയോ വച്ച പോലെ അവളുടെ കരച്ചിലിന്റെ ശബ്ദം ഉയര്ന്നും താഴ്ന്നും കേള്‍ക്കാമായിരുന്നു..

കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ സൈക്കിളിന്റെ മണിയടി കേട്ടു. ഞാനാസമയം ഇന്നടി കൈയ്യില്‍ കിട്ടുമോ അതോ കാലില്‍ കിട്ടുമോ എന്നുള്ളത് അപ്പെല വച്ച് ടോസിടുകയായിരുന്നു.


“ഒരു ഓട്ടോ വിളിച്ചോണ്ടുവാടാ &%^@%“ അച്ഛന്റെ ശബ്ദം


കാര്യം അല്‍പ്പം പിശകാണെന്നു മനസു മന്ത്രിച്ചു. കുടുക്കു പൊട്ടിയ ട്രൌസര്‍ ഒരു കൈ കൊണ്ടു കൂട്ടിപിടിച്ച് വലതു കൈകൊണ്ടു മാത്രം സ്റ്റിയറിങ്ങ് കണ്ട്രോള്‍ ചെയ്ത് നേരെ ജക്ഷനിലേക്കു വിട്ടു. മര്‍ഫീസ് ലോ എന്നത് എന്താണെന്നു ഞാന്‍ ആദ്യമായിട്ടു മനസിലായത് അന്നാണ്. ഒരു ഓട്ടോ പോലും ഇല്ല. അല്ലേലും അങ്ങനെയാണല്ലോ തെക്കോട്ടു ബസ്സുകാത്തു നിന്നാല് പിന്നെ വരുന്ന എല്ലാതും വടക്കോട്ടേക്കായിരിക്കും.വൈസാ വേര്‍സാ. ഓട്ടോയില്ലാതെ വീട്ടില്‍ ചെന്നാലുള്ള അവസ്ഥ ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല.

മുന്‍പൊരിക്കല്‍ പന്തു കളിക്കുമ്പോള്‍ എടക്കാല്‍ വച്ച് വീഴ്ത്തീന്നു അച്ഛനോടു പരാതിപ്പെട്ട സതീശന്റെ കൈയ്യില്‍ കോമ്പസു കൊണ്ട് ടാറ്റു വരച്ചതിന്നു രണ്ടു ദിവസം അനുഭവിച്ചതിനു കണക്കില്ല. ആകെയുണ്ടായ ഗുണം അച്ഛനില്ലാത്ത സമയത്ത് വല്ല രജിസ്ട്രേട് കത്തും വന്നാല്‍ എന്റ് കാലിന്റെ പിറകുവശം വച്ച് അച്ഛന്റെ വിരലടയാളം പതിക്കാമായിരുന്നു എന്നതുമാത്രമായിരുന്നു. അത്രത്തോളം പതിഞ്ഞിരുന്നു കൈപ്പാടുകള്‍

അങ്ങനെ നാടുവിട്ടാലോ എന്നൊക്കെ ആലോചിച്ചോണ്ടു നില്‍ക്കുമ്പോഴാണ് ബാലേട്ടന്റെ അരിയെത്താ‍റായ ലാബ്രട്ട ചുമച്ച് കിതച്ച് കട കട ശബ്ദവുമായി വന്നത്. നാട്ടുകാര് സ്ഥിരമായി ലോഡിങ്ങിനു വിളിക്കുന്ന വണ്ടി. അതടുത്തൂടെ പോയാല്‍ ഒന്നുകില്‍ പുകപിടിച്ച് കറുത്തു പോകും അല്ലേല്‍ സിമന്റില്‍ കുളിക്കും. അതും പിടിച്ച് വീട്ടിലെത്തി. അച്ഛന്‍ അനിയത്തിയേയും തൂക്കി ഓട്ടോയില്‍ കയറി. പിന്നാലേ ഞാനും. വീടിനടുത്തു തന്നെയുള്ള ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ ട്യൂട്ടി ടോക്ടര്‍ മാത്രം. ചാലക്കുടി സെന്റ് ജെയിംസിലേക്കു കൊണ്ടുപോക്കോളാന്‍ പറഞ്ഞു.

ഒരു പത്തുകിലോമീറ്റര്‍ വരും ചാലക്കുടിയിലേക്ക്. ലാബ്രട്ട കിതച്ചു പാഞ്ഞു. ഞാനും കിതച്ചു. കയറ്റങ്ങളില്‍ ആസ്തമാ രോഗികളെ പോലെ പുളഞ്ഞു. ഇതിനേക്കാള്‍ ബേദം നടക്കുന്നതാണെന്നു തോന്നിപ്പോയി. പിറകില്‍ നിന്നും ഓരോ ഓട്ടോറിക്ഷകള്‍ വരുമ്പോഴും എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കും...അവ പാഞ്ഞു വന്ന് ലാബ്രട്ടയെ മറികടന്നു പോകും. ഓരോ തവണ ഇതു സംഭവിക്കുമ്പോഴും ഞാന്‍ അച്ഛനെ ഒളികണ്ണിട്ട് നോക്കും..ക്രൂരമായി അച്ഛന്‍ തിരിച്ചും. ആ സമയത്ത് ആ വഴിക്ക് ഓട്ടോ വിളിച്ചു പോയ എല്ലാവരെയും മനസില്‍ താനാരോ പാടി വാഴ്ത്തി. അനിയത്തി വേദന കൊണ്ട് കരച്ചിലിന്റെ വോള്യം കൂട്ടിന്നുണ്ടായിരുന്നു..

ഇരുപത് മിനിറ്റു കൊണ്ട് എത്തേണ്ട ദൂരം 45 മിനിറ്റുകൊണ്ട് കവര്‍ ചെയ്തു. എക്സറേയില്‍ ഒടിവു കണ്ടുപിടിച്ചു. അവളുടെ കയ്യില്‍ പ്ലാ‍സ്റ്റര്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുകയായിരുന്നു.

എന്തായാലും കാര്യങ്ങളൊക്കെ വിചാരിച്ചപോലെ തന്നെ നടന്നു. അനിയത്തിയുടെ കൈയ്യൊടിച്ചതും തിരക്കുപിടിച്ച് ആശുപത്രിയില്‍ പോകേണ്ട സമയത്ത് ലാബ്രട്ട വിളിച്ചതുമൊക്കേ ചേര്‍ത്ത്, വീട്ടിലെത്തിയ ഉടന്‍ തന്നെ അച്ഛന്‍ വാത്സല്യപൂര്‍വ്വം കോരിയെടുത്ത് ഓമനിച്ചു.

തല്ലിന്റെ ചൂടാറുന്നതു വരെ ഇത്രയും നല്ല കുട്ടികള്‍ വേറേയുണ്ടാവില്ല. പക്ഷേ ചൂടാറുന്നതും പൂര്‍വ്വാധികം ശക്തിയോടെ ഫൈറ്റ് പുനരാരംഭിക്കുന്നതും ഒരുമിച്ചായിരുന്നു. തല്ലലും തലോടലുകളുമായി കാലങ്ങള്‍ കടന്നു പോയി. മുതിര്‍ന്നതോടെ തല്ലുകൂടല്‍ എല്ലാം ഗതകാല സ്മരണകളായി. പരസ്പരമുള്ള സ്നേഹത്തിന്റെ ആഴവും വിസ്തൃതിയും വര്‍ദ്ധിച്ചു. ഒരു ചേട്ടന്റെ സാമീപ്യം ഏറ്റവും വേണ്ടുന്ന സമയമായപ്പോഴേക്കും ജോലി സംബദ്ധമായി നാടു വിട്ടു. എങ്കിലും ഒരു ദിവസം പോലും പരസ്പരം സംസാരിക്കാതിരുന്നിട്ടില്ല.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അവളുടെ കല്യാണദിവസം. എല്ലാം കഴിഞ്ഞ് അവളെ ഭര്‍തൃഗൃഹത്തില്‍ കൊണ്ടു ചെന്നാക്കി പോരാന്‍ സമയത്ത് “ഞാന്‍ പൂവാടി ” എന്നു പറഞ്ഞപ്പോള്‍ എന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.


കാലങ്ങള്‍ ഏറേ കഴിഞ്ഞെങ്കിലും “വല്ലാത്ത വേദന” എന്നും പറഞ്ഞ് ഇപ്പോഴും അവളെന്നെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടേയിരിക്കുന്നു....ഒടിഞ്ഞ(ഞാന്‍ ഒടിച്ച) വലം കൈ കാണിച്ച്..:)

20 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നമ്പറിട്ടെഴുതിയ മൂന്നും എന്റെ ഓര്‍മ്മകളിലുമുണ്ട്...

“ഞാന്‍ പൂവ്വാടീ”... എന്തൊ എന്റെ കണ്ണും നിറയുന്നു. അങ്ങനെയൊരു വാക്ക് ഞാന്‍ കേട്ടിരുന്നില്ല

പൈങ്ങോടന്‍ said...

ഠോ..ഠോ.....ഠോ...ഠോ...ഠോ....ഠോ.... നീ ഞെട്ടണ്ട..ഇത് കൈയ്യൊടിച്ച സൌണ്ടല്ല :)

നീയൊരു തല്ലുകൊള്ളിയാണെന്ന് മോഡല്‍ പോളിയില്‍ വെച്ചേ എനിക്കറിയാരുന്നു.നാലാളെകൊണ്ട് നല്ലതെന്ന് പറയിച്ചൂടെ നിനക്ക് .ഇനി നീ എന്റെ കയ്യെങ്ങാന്‍ ഒടിച്ചാല്‍ എന്റെ ആഫ്രിക്കേല്‍ പോക്ക് മുടങ്ങിയാലോന്ന് പേടിച്ചാ നിന്റെ പെങ്ങടെ കല്യാണത്തിനു വന്നിട്ടും നീയുമായ് ഒരു പത്തുമീറ്റര്‍ അകലം പാലിച്ച് ഞാന്‍ നിന്നത്

.

അജയ്‌ ശ്രീശാന്ത്‌.. said...

"കാലങ്ങള്‍ ഏറേ കഴിഞ്ഞെങ്കിലും “വല്ലാത്ത വേദന” എന്നും പറഞ്ഞ് ഇപ്പോഴും അവളെന്നെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടേയിരിക്കുന്നു....ഒടിഞ്ഞ(ഞാന്‍ ഒടിച്ച) വലം കൈ കാണിച്ച്."

നല്ല നര്‍മ്മം..
രസകരമായ അവതരണശൈലി....
കൊള്ളാംട്ടോ...ജിഹേഷ്‌...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ദിംതരികിടതോം...
പങ്ങോടന്‍ തേങ്ങ ഒടച്ചൂ അതു ഇപ്പൊ പൊട്ടിചിതറിപ്പോയെന്ന് തോന്നുന്നു..
ജിഹേഷേ നന്നായിട്ടുണ്ട്

Unknown said...

എന്നെ ഈ കഥ വളരെ വേദനിപ്പിച്ചു
ഞാന്‍ ഒരു നിമിഷം നാട്ടിലുള്ള എന്റെ അനിയത്തിമ്മാരെ കുറിച്ചോര്‍ത്തു പോയി

Unknown said...

എന്നെ ഈ കഥ വളരെ വേദനിപ്പിച്ചു
ഞാന്‍ ഒരു നിമിഷം നാട്ടിലുള്ള എന്റെ അനിയത്തിമ്മാരെ കുറിച്ചോര്‍ത്തു പോയി

കുറ്റ്യാടിക്കാരന്‍|Suhair said...

എന്റെ കൂടപ്പിറപ്പേ...

ആദ്യം താങ്കളുടെ കുരുത്തക്കേടുകളെ പറ്റി വായിച്ചപ്പോള്‍ ഞാനൊന്ന് ആശ്വസിച്ചു... ഞാന്‍ ഇത്രക്ക് വികൃതിക്കാരനായിരുന്നല്ലോ എന്നോര്‍ത്ത്...

“ഞാന്‍ പൂവ്വാടീ“ എന്ന് ഞാന്‍ എന്റെ പെങ്ങളോട് പറഞ്ഞിരുന്നില്ല. അവളെ കൂട്ടി ഭര്‍തൃവീട്ടുകാര്‍ അന്ന് പോവുമ്പോള്‍ അവളായിരുന്നു എന്നോട് പറഞ്ഞത്, “ഞാന്‍ പോട്ടേന്ന്..“

എന്റെ കണ്ണും നിറഞ്ഞിരുന്നു, പക്ഷേ ചുറ്റുമുള്ളവരെ കാണിക്കാതിരിക്കാന്‍ ഞാന്‍ അന്ന് എന്റെ മുഖം തൂവാല കൊണ്ട് മറച്ചു...

ആ ഓര്‍മ്മകള്‍ കൊണ്ടുവന്നതിന്ന് നന്ദി..

ഓഫ്: മോഡല്‍‌പോളിക്കാരനാണോ? എവിടെയായിരുന്നു?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു ഇടിവാള്‍ Vs മിന്നല്‍ ടച്ച്... കലക്കീട്ടാ.

നിരക്ഷരൻ said...

ജിഹേഷേ കലക്കി കടുക് വറുത്ത് കളഞ്ഞല്ലോ ?

1.സിലോണ്‍ റേഡിയോ വച്ച പോലെ അവളുടെ കരച്ചിലിന്റെ ശബ്ദം ഉയര്ന്നും താഴ്ന്നും കേള്‍ക്കാമായിരുന്നു.
2.ഞാനാ സമയം ഇന്നടി കൈയ്യില്‍ കിട്ടുമോ അതോ കാലില്‍ കിട്ടുമോ എന്നുള്ളത് അപ്പെല വച്ച് ടോസിടുകയായിരുന്നു.
3.സതീശന്റെ കൈയ്യില്‍ കോമ്പസു കൊണ്ട് ടാറ്റു വരച്ചത്.
4.അച്ഛനില്ലാത്ത സമയത്ത് വല്ല രജിസ്ട്രേട് കത്തും വന്നാല്‍ എന്റ് കാലിന്റെ പിറകുവശം വച്ച് അച്ഛന്റെ വിരലടയാളം പതിക്കാമായിരുന്നു
5.അവളുടെ കയ്യില്‍ പ്ലാ‍സ്റ്റര്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുകയായിരുന്നു.
6.വീട്ടിലെത്തിയ ഉടന്‍ തന്നെ അച്ഛന്‍ വാത്സല്യപൂര്‍വ്വം കോരിയെടുത്ത് ഓമനിച്ചു.

ഇവിടെയെല്ലാം ചിരി പൊട്ടി.

പക്ഷെ..........

“ അവളെ ഭര്‍തൃഗൃഹത്തില്‍ കൊണ്ടു ചെന്നാക്കി പോരാന്‍ സമയത്ത് “ഞാന്‍ പൂവാടി ” എന്നു പറഞ്ഞപ്പോള്‍ എന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.“

എന്ന വരി വായിച്ചപ്പോള്‍ പൊട്ടിവീണത് കണ്ണീരായിരുന്നു.

കൂടുതല്‍ ചിരിപ്പിച്ച് നിറുത്തിയാല്‍ പെട്ടെന്ന് കരയിപ്പിക്കാന്‍ പറ്റും എന്ന് തന്നോടാരാ പറഞ്ഞ് തന്നത് ?

ആശംസകള്‍.

ശ്രീലാല്‍ said...

ജിഹേഷിനെ കണ്ടാല്‍ ഇത്ര ഭീകരനാണെന്നു തോന്നുകയേ ഇല്ല കെട്ടോ..

~nu~ said...

രസമുണ്ട് വായിക്കാൻ. എന്റെ അനുഭവവും ഇങ്ങനെയൊക്കെത്തന്നെ. പക്ഷെ തിരിച്ചായിരുന്നു എന്നു മാത്രം. എന്റെ ചേട്ടന്റെ കൈയിൽ നിന്നും എനിക്കായിരുന്നൂന്ന് മാത്രം

സ്‌പന്ദനം said...

ബാല്യകാലകുറുമ്പുകള്‍ക്ക്‌ ലഭിച്ച സ്‌നേഹസമ്മാനമായി മാഷിന്റെ കാലിലെ അച്ഛന്റെ വിരലടയാളവും
ഇപ്പോഴും അനിയത്തിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യാറുള്ള ഒടിഞ്ഞ കൈയും. കണ്ണുനിറയ്‌ക്കുന്ന, ഒപ്പം ഓര്‍മകളുണര്‍ത്തുന്ന പോസ്‌റ്റിന്‌ നന്ദി.

Political Mallu said...

Aliya...best kanna best...

Jayasree Lakshmy Kumar said...

ചേട്ടന്റേയും അനിയന്റേയും ഒരുപാട് ഇടികള്‍ക്ക് ഏകാവകാശിയായിരുന്നു ഞാനും. തിരിച്ചൊന്ന് കൊടുക്കാന്ന് വച്ചാലും അവരെ ഇടിച്ച് എന്റെ കൈ പോകുന്നത് മിച്ചം.

കുട്ടിക്കാലത്തിലേക്ക് വീണ്ടും കൊണ്ടു പോയി ഈ പോസ്റ്റ്

Sherlock said...

പ്രിയാ, :)

പൈങ്ങ്‌സേ, അത് എന്തായാലും നന്നായി. കുളിക്കാതെയാണോ കല്യാണത്തിനുവരുന്നേ :)

അമൃദാ, നന്ദി :)

സജീ, :)

അനൂപ്, :)

കുറ്റ്യാടി, :) അതേ..മാള

കുട്ടിചാത്ത്‌സ്, നന്ദി :)

മനോജേട്ടാ, നന്ദി :)

ശ്രീലാലേ, ഒരു ഭീകരന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? :)

ഏകാകി, :)

സ്പന്ദനം, :)

തമ്പിഅളിയാ, റൊമ്പ നന്ദ്രി :)

Sunith Somasekharan said...

superaayirikkunnedo...orupadu skham vaayichappol...

siva // ശിവ said...

നല്ല ഓര്‍മ്മകള്‍...നന്ദി ഇങ്ങനെ എഴുതുന്നതിന്....

മഞ്ജു കല്യാണി said...

ഭായ്, വിവരണം നന്നായി...

ഹരിത് said...

നല്ല പോസ്റ്റ്.

പ്രേം I prem said...

അവളെ ഭര്‍തൃഗൃഹത്തില്‍ കൊണ്ടു ചെന്നാക്കി പോരാന്‍ നേരതെന്കിലും മനസ്സമാധാനം കൊടുത്തല്ലോ ഭാഗ്യം ദൈവത്തിനു സ്തുതി ...