Wednesday, November 25, 2009

ഉപ്പുചാക്ക് ചരിതം - ഫാഗം 3

ഭാഗം ഒന്ന് ഇവിടെയും, രണ്ട് ഇവിടെയും വായിക്കാം



എന്നത്തെയും പോലെ ആ ഞായറാഴ്ച്കയും ബാംഗ്ലൂര്‍ നഗരത്തില്‍ ഏകദേശം ആറുമണിയോടെ പ്രഭാതം പൊട്ടി വിടര്‍ന്നു. പിന്നെയും ആറുമണിക്കൂര്‍ കഴിഞ്ഞാണ് നിദ്രാ ദേവി ഞങ്ങളെ വിട്ടൊഴിഞ്ഞു പോയത്.

ഉഡുപ്പി പാര്‍ക്കില്‍ നിന്ന് മസാല ദോശ കഴിച്ചശേഷം എതിര്‍വശത്തുള്ള ടോട്ടല്‍ മാളിലെ സന്ദര്‍ശകരെ കടക്കണ്ണാല്‍ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉപ്പുചാക്ക് ആ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.. “വരൂ നമുക്ക് ബ്രിഗേഡില്‍ പോയി രാപാര്‍ക്കാം”

വിരസമായ ജീവിതത്തെ ഒന്നു ഉല്ലാസപ്രദമാക്കാം എന്നുള്ളത്കൊണ്ട് മാത്രം ഞങ്ങള്‍ ബ്രിഗേഡ് റോഡ് ലക്ഷ്യമാക്കി യാത്രയായി.

ദൊം‌ലൂര്‍ വച്ചാണ് ഹോണ്ട ആക്ടീവയില്‍ ഒരു സൌന്ദര്യധാമം ഞങ്ങളുടെ മുന്നില്‍ വന്നു കയറിയത്. അതുവരെ പുറകിലിരുന്ന് കോട്ടുവായിട്ടു കൊണ്ടിരുന്ന ഉപ്പുചാക്ക് ഹോണ്ട ആക്ടീവ കണ്ടതും കാക്കയുടെ ശബ്ദം കേട്ട തള്ളകോഴിയെപോലെ പെടുന്നനെ ആക്ടീവ് ആകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. മാത്രമല്ല പുറകില്‍ നിന്ന് ഇടക്കിടെ വന്നിരുന്ന “വേഗം വിട്രാ... വിട്രാ ശവീ” എന്ന പ്രയോഗങ്ങള്‍ അവസാനിക്കുകയും ചെയ്തു.


ട്രിനിറ്റി സര്‍ക്കിള്‍ കഴിഞ്ഞ് വലത്തോട്ടുള്ള തിരിയാനായി ടേണ്‍ ഇന്റിക്കേറ്റര്‍ ഇട്ട് മുന്നോട്ടു നീങ്ങിയ സൌന്ദര്യധാമം മെടോ റെയില്‍ പണിമൂലം വലത്തോട്ടുള്ള വഴി അടച്ച വിവരം മനസിലാക്കിയത് അവിടെ എത്തിയശേഷമായിരുന്നു... പെട്ടെന്നുള്ള ബ്രേക്കിങ്ങില്‍ ധാമം ആക്ടീവയില്‍ നിന്നും ഉരുണ്ടു പിരണ്ട് വീണു. ധാമം വലത്തോട്ടു പൊയ്ക്കോളും എന്നുള്ള ധാരണയില്‍ പിന്നാലെ കത്തിച്ച് വന്നിരുന്ന ഞാന്‍ പെട്ടെന്നാണ് ഡൈവ് ചെയ്യുന്ന ധാമത്തെ കണ്ടത്. ബ്രേക്ക് ആഞ്ഞു ചവിട്ടി...റോഡില്‍ ഉരഞ്ഞു ശബ്ദമുണ്ടാക്കി നീങ്ങിയ ബൈക്ക് ധാമത്തിന്റെ വാഹനത്തെ ഇടിച്ചു മറിഞ്ഞു.

എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു...കൈമുട്ടില്‍ നല്ല നീറ്റല്‍...ചെറുതായി ബ്ലഡ് വരുന്നുണ്ട്.. “ചോരകണ്ടതല്ലേ.. ഇപ്രാവശ്യം ഞാന്‍ കേറി മുട്ടും മോനേ“ വേദനക്കിടയിലും ഞാന്‍ ആത്മഗതിച്ചു. ആസ് യൂഷ്വല്‍ ഉപ്പ് ചാക്ക് പൊടി തട്ടി എഴുന്നേറ്റു. എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പതിവു പോലെ ചക്കച്ചുള കണ്ട ഈച്ച പോലെ ചുറ്റും ആള്‍ നിറഞ്ഞു.

എന്തു മനോഹരമായ സീന്‍. വീണുകിടക്കുന്ന സുന്ദരി. അവളെ ഇടിച്ചു തെറിപ്പിച്ച കശ്മലന്മാര്‍. ഈ ഭാഗത്താണ് നമ്മുടെ ഹീറോയുടെ രംഗപ്രവേശം.

നടുക്കു വകച്ചിലെടുത്ത മുടി , വലതു ചെവിയില്‍ വളച്ചിട്ടിരിക്കുന്ന തുരുമ്പു പിടിച്ച കമ്പി,കയ്യിലെ മസില്‍ കാണിക്കാന്‍ പാകത്തിലുള്ള ടീഷര്‍ട്ട്, പിന്നെ ദിപ്പ ഊരിപോകും എന്ന മട്ടിലുള്ള ജീന്‍സ്.. (വേണേല്‍ ഇവിടെ ഒരു സ്ലോ മോഷനു വകുപ്പുണ്ട്).

വന്ന പാടെ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ചു.. പിന്നെ കന്നഡയില്‍ എന്തരോ പുലമ്പി. മനസിലാക്കിയടത്തോളം ഞാന്‍ ധാമത്തെ ഇടിച്ചു തെറിപ്പിച്ചു എന്നാണ് ഈ ക്ണാപ്പനും ചുറ്റും കൂടി നില്‍ക്കുന്ന ക്ണാപ്പന്‍മാരും മനസിലാക്കിയിരിക്കുന്നത്.

“ടാ കോപ്പെ..കാര്യം അറിയാതെ ഒരു ജാതി കൊണഷ്ട് വര്‍ത്താന്‍ പറയല്ലേടാ പുല്ലേ” എന്നു പറയണമെന്നുണ്ടായിരുന്നു. എന്തു ചെയ്യാം കാ‍ലമിത്രയായിട്ടും കന്നഡ ഭാഷയില്‍ ബ്ബ ബ്ബ ബ്ബ. ഇംഗ്ലീഷില്‍ പറഞ്ഞിട്ടാണേല്‍ ആ “കന്നഡ മോനു“ മനസിലാകുന്നുമില്ല. അവസാനം മുറി കന്നഡയിലൂടെയും ആംഗ്യങ്ങളിലൂടെയും അഭിനയിത്തിലൂടെയും അവരെ കാര്യം പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയം കൈവരിച്ചു. എന്നില്‍ ഒരു അഭിനേതാവ് ഒളിച്ചിരിപ്പുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാനന്നു മനസിലാക്കി.

എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ ഉപ്പു ചാക്കിനായി ഞാന്‍ ചുറ്റും കണ്ണോടിച്ചു

ശൂന്യ..ശൂന്യ.. ഉപ്പുചാക്കുമില്ല...ധാമവുമില്ല...ഹോണ്ട ആക്ടീവയുമില്ല.

ഫോണ്‍ വിളിച്ചിട്ടാണേല്‍ അവന്‍ എടുക്കുന്നുമില്ല. വേദനിക്കുന്ന കൈമുട്ടും വച്ച് തിരിച്ച് വണ്ടിയോടിച്ചു. വീട്ടിലെത്തി മുറിവു കഴുകി മരുന്നൊക്കെ വച്ച് വിശ്രമിക്കുമ്പോഴാണ് ഉപ്പു ചാക്കിന്റെ ഫോണ്‍ വന്നത്

“ ടാ.. ഞാനിപ്പോ സി.എം.എച്ച് ഹോസ്പിറ്റലിലാ...നിന്നെ അവരു ചോദ്യം ചെയ്യുന്ന സമയത്ത് ഞാന്‍ പോയി അവളുടെ വണ്ടിയൊക്കെ സ്റ്റാന്‍ഡിലാക്കി. പിന്നെ ഞാന്‍ തന്നെ നിര്‍ബ്ബന്ധിച്ച് ഇങ്ങോട്ടു കൊണ്ടുവന്നു. ഇപ്പോള്‍ മുറിവൊക്കെ ഡ്രെസ് ചെയ്തോണ്ടിരിക്കുവാ.. നിനക്കൊന്നും പറ്റിയില്ലല്ലോ...ഞാന്‍ എന്തായാലും വരാന്‍ വൈകുന്നേരമാകും..അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കണം.. ഇന്നു കഞ്ഞി വേണ്ട”

നന്ദി കൂട്ടുകാരാ നന്ദി... അവസരം മുതലാക്കുന്നതില്‍ നിന്നെ മറികടക്കാന്‍ ഈ അണ്ഡ കടാഹത്തില്‍ വേറൊരാളില്ല മഗാ.....



( തൊടരും)