Saturday, September 5, 2009

ഉപ്പുചാക്കും ബൈക്കും പിന്നെ ഞാനും

ഉച്ചക്ക്, തിപ്പസാന്ദ്ര മോട്ടിസില്‍ നിന്ന് ഇഡ്ഡലി വലുപ്പമുള്ള പകുതിവെന്ത ചോറും പിടഞ്ഞോണ്ടിരിക്കുമ്പം ഫ്രൈ ചെയ്ത പോലുള്ള(ആ ഷെയ്പ്പാണു)നല്ല ഫ്രഷ് മത്തീം കഴിച്ച് വലിച്ചൂനീട്ടിയൊരു ഏമ്പക്കവും വിട്ട് 80 കിലോ വരുന്ന ഒരു ഉപ്പു ചാക്കും ബൈക്കില്‍ വലിച്ചു കേറ്റി ഓഫീസിലേക്കു തിരിച്ചു. ഇടക്കിടക്ക് ഉപ്പ് ചാക്കിരുന്ന് ഇളകി എന്റെ ബാലന്‍സ് തെറ്റിക്കുന്നുണ്ടായിരുന്നു. വയറുനിറച്ച് ഭക്ഷണം കുത്തിയിറക്കിയതല്ലേ...ഗ്യാസിന്റെ പ്രോബ്ളമായിരിക്കും എന്നൊക്കെ വിചാരിച്ച് ഞാന്‍ ക്ഷമിച്ചു.

സുരഞ്ജന്‍ ദാസ് റോഡില്‍ നല്ല തിരക്ക്. ഫസ്റ്റ് ഗിയറിലിട്ട് എടുക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ടോര്‍ക്കില്‍‍ ബാക്കിലുള്ള ഉപ്പുചാക്കിന്റെ കുടവയറ് വന്നെന്നെ ഇടിച്ചു താഴേക്കിടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സി വി രാമന്‍ നഗര്‍ റോഡിലേക്ക് പ്രവേശിച്ചതോടെ തിരക്കൊഴിഞ്ഞു. നല്ല വിശാലമായ റോഡ്. ദശാവതാരത്തിലെ “കാ കറുപ്പാനുക്കും” മൂളിക്കൊണ്ട് ആക്സിലറേറ്റര്‍ തിരിച്ചു..സ്പീഡ് കൂടി കൂടി വന്നു...60 - 70 - 75 - 80 ... സി വി രാമന്റെ പ്രതിമയുടെ അടുത്തുള്ള റൌണ്ടില്‍ വണ്ടി തിരിക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ സ്പീഡ് ഉണ്ടായിരുന്നെന്നു തോന്നുന്നു. ഡണ്‍ലപ്പിന്റെ പുതിയ 20 ഇഞ്ച് ടയറാണു ബാക്കിലെന്ന വിശ്വാസത്തില്‍ നല്ലപോലെ ചരിഞ്ഞ് വളവു തിരിഞ്ഞു.

ഇനിയുള്ളത് “ലോക്കിങ്ങ് ഡാന്‍സു“ പോലെയെ ഓര്‍മ്മയുള്ളൂ. കണ്ട്രോള്‍ പോയ ഞാന്‍/ബൈക്ക്...ശൂന്യാകാശ സഞ്ചാരികളെ പോലെ എയറില്‍ നില്‍ക്കുന്ന ഞാന്‍...തെറിച്ചു വീണ് ഉരുണ്ടു പിരണ്ടു പോകുന്ന ഞാന്‍...നിലത്തുവീണ് ഉരഞ്ഞ് തീപ്പൊരി പാറിച്ചോണ്ട് പോകുന്ന ബൈക്ക്.....പൊട്ടിച്ചിതറുന്ന മിററുകളുടെ ശബ്ദം...

എല്ലാം ഒന്നു ശാന്തമാകുന്നതുവരെ ഭൂമിദേവിയെ സാഷ്ടാംഗം നമസ്കരിച്ച് കിടന്നു. കുറച്ചു കഴിഞ്ഞ്, ഉറങ്ങുന്നതു പോലെ കിടന്ന് പെട്ടെന്നെന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോള്‍ തലപൊക്കി നോക്കുന്ന വിശ്വസ്തനായ ശ്വാനനേ പോലെ ഞാന്‍ തല ഉയര്‍ത്തി. ദോണ്ടേ അപ്പുറത്ത് നമ്മുടെ ഉപ്പുചാക്കു നിന്ന് മേല് പറ്റിയ പൊടിയൊക്കെ തട്ടിക്കളയുന്നു...ഒന്നു എഴുന്നേല്‍ക്കാന്‍ നോക്കി. വലതുകാല്‍ മുട്ട് ഭയങ്കര വേദന...അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒന്നു നോക്കിയപ്പോഴേക്കും ഉണ്ടായിരുന്ന ബോധം കൂടി പോയി. പിന്നെ റിസര്‍വിലുണ്ടായിരുന്ന കുറച്ച് ബോധം എടുത്ത് വീണ്ടും നോക്കി. ചുവന്ന ജീന്‍സ്..അവിടെം ഇവിടേം ഒക്കെ കീറിയിട്ടുണ്ട്. ഇതെപ്പ വേടിച്ച്? ഇതേത് ഫാഷന്‍? പിന്നെ മനസിലായി രക്തമാണെന്ന്..

ചക്കചുളയില്‍ ഈച്ച വന്നപോലെ പെട്ടെന്നാണു ആളുകൂടിയത്..കാണാന്‍ വര്‍ണ്ണാഭമായ കാഴ്ച്ചയാണല്ലോ.. അപ്പോഴേക്കും രണ്ടുപേര് ബൈക്കെടുത്ത് റോഡ് സൈഡിലേക്ക് മാറ്റി.രണ്ടുപേര്‍ വന്നു തൂക്കി എന്നെയും സൈഡാക്കി. ഞാന്‍ ബോധം കെടണോ അതോ വേണ്ടയോ എന്നൊക്കെ ആലോചിച്ചോണ്ടിരുന്നു. ഉപ്പുചാക്കാണേല്‍ കൈയ്യിലേ ഒരു പോറലും പൊക്കി പിടിച്ച് അവിടുള്ളോരോട് എല്ലാം വിസ്തരിച്ചോണ്ടിരിക്കുന്നു.

കാലുമ്മേ നോക്കിയാല്‍ കരച്ചില്‍ വരും..ഒടിഞ്ഞു എന്നുള്ളത് നൂറു ശതമാനം...നിലത്ത് കുത്താനും വയ്യ പൊക്കാനും വയ്യ..ഇനി എത്ര നാള്‍ പ്ലാസ്റ്ററിട്ട് കിടക്കണം..അങ്ങനെ വരുകാണേല്‍ നാട്ടില്‍ പോകാം..ഫ്ലൈറ്റില്‍ പോണോ അതോ ട്രെയിനില്‍ പോണോ..ഒരു മാസം എന്താ‍യാലും മെഡിക്കല്‍ ലീവ് എടുക്കാം..ഇനി ഒരു മാസം കഴിയുമ്പോള്‍ ശരിയായിട്ടില്ലാന്നു പറഞ്ഞ് വീ‍ണ്ടും ലീവ് നീട്ടാം...മനോരാജ്യം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു.

അപ്പോഴേക്കും നമ്മുടെ ഉപ്പ് ചാക്ക് വേറോരു സുഹൃത്തിനെ വിളിച്ച് കാറും പൈസയുമായി വരാന്‍ പറഞ്ഞു. ഞങ്ങളെ റോഡ് സൈഡിലിരുത്തി എല്ലാ‍വരും പിരിഞ്ഞു. കടുത്തവേദനയിലും വായിനോട്ടത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഇടക്കിടക്ക് ചിലരെല്ലാം വന്ന് വഴി ചോയിച്ചോണ്ടിരുന്നു. ശവങ്ങള്‍ക്ക് കണ്ണില്ലേ? ഇവിടൊരുത്തന്‍ ചോരയൊലിപ്പിച്ചിരി‍ക്കുന്നത് കണ്ടൂടേ? കുറച്ചു കഴിഞ്ഞപ്പോള്‍ ആ വഴിക്ക് ഒരു സഹപ്രവര്‍ത്തകന്‍ വരുന്നു..

“എന്താണിഷ്ടാ? ചോറും കഴിച്ച് നടക്കാനിറങ്ങിയതാണോ” അങ്ങേരുടെ ചോദ്യം

“എന്റെ ഗഢീ ദേ..ലങ്ങട് നോക്ക്” ബൈക്ക് ചൂണ്ടി “ദേ ദിങ്ങട് നോക്ക്” മുട്ടു ചൂണ്ടി .

“ഓ മൈ ഗോഡ്..വാട്ടീസ് ദിസ് മാന്‍..അപകടം കണ്ടതോടെ അങ്ങേര് മലയാളം മറന്നു.

“ഗഢീ ദിസ് ഈസ് മൈ പൊട്ടിയ മുട്ട്...ദാറ്റീസ് മൈ ബൈക്ക്” ദേഷ്യം പരിഹാസമായി ബഹിര്‍ഗമിച്ചു..മുട്ടില്‍ നിന്ന് ചോരയും...

അപ്പോഴേക്കം കാര്‍ സുഹൃത്ത് കാറുമായെത്തി. ചാക്കുകെട്ടും സഹയും ചേര്‍ന്നെന്നെ കാറില്‍ ലോഡ് ചെയ്തു.

“മണിപ്പാലീല്‍ പൂവാലേ?” കാര്‍ സുഹൃത്ത് ചോയിച്ചു

“എന്റെ ഗഢീ..ഞാന്‍ നിനക്കിതുവരെ ഉപദ്രവൊന്നും ചെയ്തട്ടില്ലില്ലോ. പിന്നെന്തിനാ മണിപ്പാല്?..പനിപിടിച്ച് പോയോനെ രണ്ടു ദിവസം നിരീക്ഷണത്തില്‍ വച്ച ടീമുകളാ..നിരീക്ഷണം മാത്രമല്ല...ചെസ്റ്റ് എക്സറേ, ലിവര്‍ സ്കാന്‍ പിന്നെ ഒരു തുള്ളി ബ്ലഡ് കിട്ട്യാ അതുവച്ച് ചെയ്യാന്‍ പറ്റുന്ന എല്ലാ ടെസ്റ്റുകളും നടത്തി, മൂന്നാം ദിവസം പാരസെറ്റമോള്‍ എഴുതിതന്നതും കൂടെ 9000 രൂപേടെ ബില്ലു നീട്ടിയതും അതുകണ്ട് പനി കൂടിതും ഒന്നും മറക്കാന്‍ പറ്റില്ല. നീ സി. എം .എച്ചിലേക്ക് വിടടെ”

സി. എം .എച്ചിലെത്തി. ഞാനും വീല്‍ ചെയറിലും ഉപ്പു ചാക്കു നടന്നും ക്വാഷ്വാലിറ്റിയില്‍ കയറി. ചെന്നപാടെ ഉപ്പ് ചാക്ക് വിളിച്ചു പറഞ്ഞു “വി ഹാഡ് ആന്‍ ആക്സിഡന്റ്”. തൊലഞ്ഞു..വീണൂന്നു പറഞ്ഞാല്‍ പോരേ.

ഹെഡ് നഴ്ശിന്റെ വക കൊസ്റ്റ്യന്‍ ചെയ്യല്‍. ആക്സിഡന്റ് എപ്പോള്‍ എവിടെ? ആര് ആരെ ഇടിച്ചു?

“അയ്യോ സിസ്റ്ററേ ആരും ആരേം ഇടിച്ചിട്ടില്ല. ഞങ്ങള് ആരുടെയും പ്രേരണയില്‍ വീണതല്ല..സ്വന്തമായി വീണതാ“

“ഷുവര്‍”

“ഷുവര്‍ ഷുവര്‍”

ബെഡ്ഡില്‍ കേറ്റി കിടത്തി ഡോക്ടര്‍ വന്ന് അവിടെം ഇവിടെം ഒക്കെ ഞെക്കി വേദന ഉണ്ടോന്നു ചോദിച്ചു. ഞെക്കുന്നതിന്റെ ഫോഴ്സ് കുറഞ്ഞതാ‍ണോ അതോ ഞെക്കുന്നതിനേക്കാള്‍ വേദന മുമ്പേ ഉള്ളതിനാലാണോ, ഒന്നും തോന്നിയില്ല. പൊട്ടിയ സ്തലത്ത് എന്തോ സ്പ്രേ അടിച്ചതും..സ്വര്‍ഗ്ഗം കണ്ടതും ഇപ്പഴും നല്ല ഓര്‍മ്മ.

ഉപ്പുചാക്കിനു ടെറ്റനസ് ഇഞ്ചകഷന്‍ കൊടുക്കാന്‍ ചെന്നതും പാന്റ് പകുതി ഊരി ബെഡ്ഡില്‍ കേറി കമിഴ്ന്നു കിടന്നു. ഇഞ്ചക്ഷന്‍ എടുക്കാന്‍ വന്ന സിസ്റ്റര്‍ കയ്യിലെടുത്താല്‍ മതിയെന്നു പറഞ്ഞപ്പോള്‍ ഉപ്പു ചാക്കിന്റെ മുഖത്തുണ്ടായ ഭാവമാറ്റം...ഹോ...ഈ ജന്മത്തില്‍ അവനെ ഒതുക്കാന്‍ ഈയൊരു സംഭവം മാത്രം മതി..ദൈവമായിട്ടാണ് ഇതെനിക്ക് കാണിച്ചുതന്നത് :)

തിരിച്ചും മറിച്ചും കാലു പരിശോധിച്ച ഡോക്ടര്‍ നെറ്റി ചുളിച്ച് എന്തോ ആലോചിച്ച് വേഗം എക്സറേ എടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ” ഒടിഞ്ഞു മച്ചാ”

പക്ഷേ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞാനും ഒപ്പം ഡോക്ടറും അത്ഭുതപ്പെട്ടുപോയി. അതുവരെ വീല്‍ ചെയറീന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിച്ചോണ്ട് ഡോക്ടര്‍ പറയുവാ

“നോ ഫ്രാക്ചര്‍ മേന്‍...യു ക്യാന്‍ ഗെറ്റ് ബാക്ക് ടു യുവര്‍ വര്‍ക്ക്”. സത്യമായും ഫീലിങ്ങ്സ് ആയിപോയി...


വാല്‍ക്കഷണം :ഇപ്പോ ചില ശ‌വങ്ങള്‍ ഞാന്‍ വീണ സ്ഥലത്തിന് പുതിയ പേരിട്ടിരിക്കുന്നു - “ജിഹേഷ് കോര്‍ണ്ണര്‍” ന്ന് :(

3870