Sunday, December 9, 2007

ടിവീടെ ബള്‍ബ്?

ടി വി എന്ന അത്ഭുതവസ്തു ആദ്യമായി കാണുന്നത് ഇരിങ്ങാലക്കുട വച്ചാണ്, രാജന്‍ ഡോക്ടറുടെ വീട്ടില്‍. ഒരു കൊച്ചു പെട്ടിക്കുള്ളില്‍ കിടന്ന് ആളുകള്‍ ഓടുന്നതും പാടുന്നതുമെല്ലാം കണ്ട് അന്തംവിട്ടു നിന്നു പോയി. പ്രോഗ്രാം കഴിഞ്ഞ് ഗ്രെയിന്‍സ് കണ്ടു തുടങ്ങിയപ്പോള്‍ ഓട്ടോ സ്റ്റോപ്പ് ഇല്ലാത്ത കാസെറ്റ് പ്ലേയറില്‍ നാട വലിഞ്ഞു പൊട്ടുന്ന പോലെ ഇതിലും സംഭവിക്കുമോ എന്നൊക്കെ‍ ആലോചിച്ചിട്ടുണ്ട്.

പിന്നെയും കുറേ കഴിഞ്ഞാണ് ഗള്‍ഫിലുള്ള മാമന്‍ ഒരെണ്ണം ഗള്‍ഫില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത് തറവാട്ടു വീട്ടില്‍ പ്രതിഷ്ടിച്ചത്. 1986-87 കാലഘട്ടം. ദൂരദര്‍ശന്‍ വെളുപ്പിലും കറുപ്പിലും സം‌പ്രേക്ഷണം ചെയ്യുന്ന സമയം. അന്ന് ശനിയാഴ്ച്ചകളാണ് ഏറ്റവും ഇഷ്ടമുള്ള ദിവസം, കാരണം മലയാള സിനിമ ശനിയാഴ്ച്ചകളിലായിരുന്നു. ഒരു നാലു നാലരയാകുമ്പോള്‍ തന്നെ കുളിച്ചൊരുങ്ങി നില്‍ക്കും, മാ‍മന്റെ വീട്ടില്‍ പോകാന്‍.

മെറ്റല്‍ വിരിച്ച റോഡിലൂടെ അമ്മയെ അനുസരിക്കാതെ ഓടിച്ചാടി, പറമ്പിറോഡ് ഇറക്കവും പാടവും കഴിഞ്ഞ് കനാലിന്റെ അരികുപിടിച്ച് നടന്ന് അവിടെയെത്തുമ്പോഴേക്കും അഞ്ചു അഞ്ചരയാകും. അപ്പോഴേക്കും ടെസ്റ്റ് സിഗ്നല്‍ മാറി വളയങ്ങള്‍ കറങ്ങി തുടങ്ങിയിരിക്കും. പിന്നെ അരമണിക്കുര്‍ തുടര്‍ച്ചയായ പരസ്യമാണ്. ആറുമണി ആകുന്നതോടെ ടി വിയിരിക്കുന്ന ഹാളില്‍ സൂചി കുത്താന്‍ കൂടി ഇടമുണ്ടാകില്ല. ചുറ്റു വട്ടത്തുള്ള ആളുകളെല്ലാം നേരത്തേ പണിയെല്ലാം കഴിച്ച് അവിടെയെത്തും..പിന്നെ ഏട്ടര വരെ ഒരു സിനിമാ തിയേറ്ററിന്റെ പ്രതീതി. കൈയ്യടികള്‍,ചിരികള്‍, നേര്‍ത്ത ഏങ്ങി കരച്ചിലുകള്‍..

മാമന് ഇതെല്ലാം കണ്ട് മനസു നിറഞ്ഞു. പക്ഷേ ടി വി കാണാന്‍ വരുന്ന പൊടി പിള്ളാരൊക്കെ അവിടെ തന്നെ കാര്യസാധ്യം നടത്തുകയും ഷോ കേയ്സിലെ സാധനങ്ങള്‍ ഓരോന്നായി കാണാതാകുകയും ചെയ്തതോടെ ശനിയാഴ്ച്ചകള്‍ ഒരു പേടി സ്വപ്നമാകാന്‍ തുടങ്ങി.

അങ്ങനെയിരിക്കേ ഒരു ശനിയാഴ്ച്ച പടം തുടങ്ങി പത്തു പതിഞ്ചു മിനിറ്റായപ്പോഴേക്കും ടിവി ഓഫ് ആയിപ്പോയി. ഉടനെ മാമന്‍ ചെന്നു പരിശോധിച്ചു.

“ഇതിന്റെ ബള്‍ബ് ചൂടുകാരണം അടിച്ചു പോയി” എന്ന് മാമന്‍.

ടിവിയെയും ബള്‍ബിനെയും പ്രാകികൊണ്ട് എല്ലാവരും പുറത്തു പോയി. ഒരു ആറരയായപ്പോഴേക്കും ടി വി ഒന്നും ചെയ്യാതെ തന്നെ ഓണ്‍ ആയി.

പിന്നെയും പല ആഴ്ച്ചകളിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്നിലെ ഡിറ്റക്ടീവ് ഉണര്‍ന്നു. ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. എപ്പോ ടി വീടെ ബള്‍ബ് അടിച്ചു പോകുമ്പോഴും അച്ഛാച്ചനെ കസേരയില്‍ കാണില്ല. പിറ്റെ ആഴ്ച്ച എന്റെ കണ്ണുകള്‍ അച്ഛാച്ചനെ ചുറ്റി പരതി നടന്നു.

അങ്ങനെ പിന്നത്തെ ആഴ്ച്ച സിനിമ തുടങ്ങി, ഒരു പത്തു പതിനഞ്ചു മിനിറ്റാകുമ്പോ അച്ഛാച്ചന്‍ പതുക്കെ എണീറ്റ് കിച്ചണിലേക്ക് പോയി. പിന്നാലെ ഞാനും. ഞാന്‍ നോക്കുമ്പോഴുണ്ട് ടിവി യുടെ പവര്‍ കണക്റ്റു ചെയ്തിരിക്കുന്ന എക്സ്റ്റന്‍ഷന്‍ വയര്‍ വലിച്ചൂരുന്നു.

“ദേ ഈ അച്ഛാച്ചനാ...” എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ എന്നെ കണ്ട അച്ചാച്ചന്‍ ചുണ്ടോടു വിരല്‍ ചേര്‍ത്ത് ശൂ എന്നു കാണിച്ചു.

മാ‍മന്റെ ഐഡിയ ആയിരുന്നത്ര അത്. ടി വി കാണാന്‍ വരുന്ന കള്ളന്‍മാരുടെ ശല്യം ഒഴിവാക്കാന്‍ കണ്ടു പിടിച്ച ഒരു വഴി. പലപ്രാവശ്യം ടി വിയുടെ ബള്‍ബ് കേടായതോടെ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുകയും കാലക്രമേണ അനവധി ടിവികള്‍ ചുറ്റുപാടും രംഗപ്രവേശം ചെയ്യുകയും ചെയ്തതോടെ ശനിയാഴ്ച്ചകളിലെ തിരക്ക് ഒരു ഓര്‍മ്മയായി മാറി.

പിന്നെ കുറേ കാലത്തേക്ക് അവിടങ്ങളില്‍ ടി വി കേടായി എന്നു പറഞ്ഞാല്‍ ആദ്യത്തെ ചോദ്യം

“ ടി വിടെ ബള്‍ബ് അടിച്ചു പോയോ? ” എന്നായിരുന്നത്രേ...

(ഏതു ബള്‍ബ്? ഇപ്പോഴും സംശയം )

46 comments:

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ആദ്യ ഘട്ടം പരീക്ഷകള്‍ കഴിഞ്ഞതിനാലും എല്ലാം വിചാരിച്ച പോലെ നല്ല കടുകട്ടി ആയിരുന്നതിനാലും ആ സന്തോഷം പങ്കു വെക്കാന്‍ ഒരു ചിന്ന പോസ്റ്റ്:)

കുഞ്ഞന്‍ said...

ജിഹേഷ് ഭായ്..


ഡിക്ടറ്റീവ് ജിഹേഷ്, പഴയ കാലത്ത് ഒരുവിധം വീടുകളിലും ഇത്തരം നാടകങ്ങള്‍ അരങ്ങേറാറുണ്ട്. അത് ഇതുപോലെ ശല്യമായിത്തീരുമ്പോഴാണ്..

പിന്നെ പോസ്റ്റിനെക്കാള്‍ ചിരിപ്പിച്ചത് പരീക്ഷയെപ്പറ്റിയെഴുതിയ കമന്റു വായിച്ചാണ്..ഒന്നും പേടിക്കേണ്ടാന്നേ നല്ല ഉയര്‍ന്ന മാര്‍ക്ക് കിട്ടും, തീര്‍ച്ച..!

ശ്രീവല്ലഭന്‍ said...

എന്റ്റെ ജിഹേഷേ ഇപ്പൊ പിള്ളേര്‍ക്ക് ഇതൊന്നും പറഞ്ഞാല് പറ്റില്ല. 3 വയസ്സുള്ള മോള് DVD ടെ connection ഊരി കുറച്ച് കഴിഞ്ഞപ്പോ ഇരുന്നു DVD കാണുന്നു. ചോദിച്ചപ്പോ പറയുവാ അച്ഛന്‍ എന്നെ പട്ടിക്കനോന്നും നോക്കണ്ടാന്ന്.

ഉപാസന | Upasana said...

നന്നായി ഭായ്
“ഒരെണ്ണം ഗള്‍ഫില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത് തറവാട്ടു വീട്ടില്‍ പ്രതിഷ്ടിച്ചത്“

ഒരെണ്ണം ഞമ്മക്കും
:)
ഉപാസന

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ശനിയും വ്യാഴവും ഉത്സവമായിരുന്നു. വ്യാഴാഴ്ച ചിത്രഗീതമെന്ന സംഗതിയുണ്ടായിരുന്നല്ലോ?

പ്രയാസി said...

സമാനമായ സംഭവം വീട്ടിലും അരങ്ങേറീട്ടുണ്ട് ജിഹേഷെ..കാര്യസാധനം അവിടെ വന്ന പിള്ളേരൊ അതൊ..;)

പരൂക്ഷക്കു ഒരുഫാടു മാര്‍ക്കു കിട്ടട്ടേന്നു പ്രാര്‍ത്ഥിക്കുന്നു..

നാടോടി said...

:) :) :)

ദീപു said...

ടി വി യെ ചുറ്റിപ്പറ്റി എനിക്കും എതാണ്ട്‌ ഇതു പോലെ തന്നെ അനുഭവം...

വാല്‍മീകി said...

ഓര്‍മ്മകള്‍ പഴയകാലത്തിലേക്ക് പോയി.
ഇങ്ങനെയുള്ള ടി.വി. കാണല്‍ എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

അനില്‍_ANIL said...

1982 മുതല്‍ (ദില്ലി ഏഷ്യാഡ്)ദൂരദര്‍ശന്‍ കളര്‍ സം‌പ്രേക്ഷണം തുടങ്ങിയിരുന്നല്ലോ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

sariya, inganokke sambavikkarundarunnu pandokkee


nannaayi tto ezhuth.

: Swapnabhumiyil ithavana kandillallo?

ഏ.ആര്‍. നജീം said...

ഹ ഹാ..ഗൊച്ചു ഗള്ളാ ..അന്നേ ആ ഡിക്റ്റടീവ് പണി പ്രഫഷണല്‍ ആയി എടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം റോ വരെയെങ്കിലും എത്താമായിരുന്നല്ലോ.
:)

മയൂര said...

ടീവിടെ ബള്‍ബ് സമസ്യ തീര്‍ന്നില്ലല്ലേ;)

ശ്രീ said...

ഡിറ്റക്ടീവ് ജിഹേഷ് ഏടാകൂടം സോറി, എടക്കൂട്ടം...


സംഭവം നന്നായി. :)

ശ്രീലാല്‍ said...

അച്ചാച്ചന്‍ പുലി.. :)

‘രാമായണകാലം’ ഓര്‍മ്മിപ്പിച്ചതിനു നന്ദി.. :)

അലി said...

ജിഹേഷ്...
ശനിയാഴ്ചകളിലെ മലയാള സിനിമയും ചിത്രഗീതവും മാത്രമുണ്ടായിരുന്ന പഴയകാലത്തെക്ക് ഒരു തിരിച്ചുപോക്ക് നടത്തിയത് വളരെ നന്നായി.
ഇന്ന് പത്തുപതിനഞ്ച് മലയാളം ചാനലും ഓരോന്നിലും ദിവസം രണ്ടും മൂന്നും സിനിമകളുമായി.
പണ്ട് ശനിയാഴ്ചകളില്‍ കാത്തിരുന്നു കാണുന്ന ആ സിനിമയുടെ സുഖം ഇന്ന് കിട്ടുന്നില്ല.

അഭിനന്ദനങ്ങള്‍!

Meenakshi said...

ഇതുപോലുള്ള അനുഭവം ( കാണികളുടെ മോഷണവും,"പൊടി പിള്ളാരൊക്കെ അവിടെ തന്നെ കാര്യസാധ്യം നടത്തുകയും ") എണ്റ്റെ വീട്ടിലും ഉണ്ടായിട്ടുണ്ട്‌, സംഭവം നന്നായി അവതരിപ്പിച്ചതിന്‌ അഭിനന്ദനങ്ങള്‍

kaithamullu : കൈതമുള്ള് said...

:-)

(പരീക്ഷകള്‍, പരീക്ഷണങ്ങള്‍...വരും, പോകും: ഓര്‍മ്മകള്‍ നിര്‍ത്തണ്ടാ...)

ആഗ്നേയ said...

:)

കാര്‍വര്‍ണം said...

സിനിമ, ചിത്രഗീതം മാത്രമല്ല ഞായര്‍ രാവിലെ മഹാഭാരതം, വെള്ളി രാത്രി രാമായണം എല്ലാം തിരക്കുള്ള ദിവസങ്ങള്‍ തന്നെ ഞങ്ങള്‍ക്ക്. ഞാന്‍ ആദ്യമായി കണ്ട സീരിയല്‍ ‘കൈരളി വിലാസം ലോഡ്ജ്’

സാക്ഷരന്‍ said...

“ ടി വിടെ ബള്‍ബ് അടിച്ചു പോയോ? ” :)

വല്ലാത്തൊരു അത്ഭുത പെട്ടി തന്നെ … ന്ന്നായിരിക്കുന്നു

Peelikkutty!!!!! said...

ദൂരദര്‍‌ശന്‍‌ സിനിമക്കാലം‌ ഓര്‍‌മ്മിപ്പിച്ചതിനു നന്ദി ജിഹേഷ്..അമ്മ ഒരു സ്നാക്സ് ബാറു തന്നെ തുടങ്ങീരുന്നു..ചെറിയ കുട്ട്യോളുടെ ചിണുക്കം‌ മാറ്റാന്‍‌.. ;)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കുഞ്ഞേട്ടാ , നന്ദി. സാറിന്റെ കണ്ണിനു നല്ല കാഴ്ച്ചയുള്ളതോണ്ടു എനിക്കു വലിയ പര്തീക്ഷ്യില്ലാ...:(

വല്ലഭേട്ടാ, ശരിയാട്ടോ ഇപ്പഴത്തെ പിള്ളാരെയൊക്കെ പറ്റിക്കാം ബുദ്ധിമുട്ടാ..

സുനിലേ, :)

സണ്ണിക്കുട്ടേട്ടാ, ചിത്രഗീതത്തിന്റെ കാര്യമേ മറന്നു പോയീ..

പ്രയാസീ, റൊമ്പ നന്‌ട്രി :)

നാടോടീ, :)

ദീപു, :)

വാല്മീകി, :)

അനിലേ, അതിനെ കുറിച്ച് വലിയ ഐഡിയ ഇല്ല...ഞാന് ആദ്യമായിട്ട് കളര് ടി വിയില് കാണുന്നത് 89-90 കളിലാണെന്നു തോന്നുന്നു

പ്രിയാ, :) ഞാന് വന്നിരുന്നു..

നജീമിക്കാ, എന്തു ചെയ്യാനാ വിധിയുടെ വിളയാട്ടം...:(

മയൂരേച്ചീ, ഇപ്പോ കുറച്ചീശേ തീര്ന്നു തുടങ്ങി...

ശ്രീ, :)

ശ്രീലാല്,:) രാമായണകാലം ഇത്തിരികൂടി രസകരമായിരുന്നു......എല്ലാവരും കുളിച്ച് കുറി തൊട്ട് ചന്ദനത്തിരി യൊക്കെ കത്തിച്ചു വച്ച്...:)

അലീക്കാ, ശരിയാണുട്ടോ...ഇപ്പോ ഒരു സിനിമയും മുഴുവനായി കാണാറില്ല...ചാനല് ചാട്ടങ്ങള്ക്കിടയില്...

മീനാക്ഷി, അപ്പോ ഇതൊരു ആഗോള പ്രതിഭാസമായിരുന്നല്ലേ...:)

ആഗ്നേയേച്ചീ, :)

കാര്വര്ണ്ണം, വീട്ടില് ടി വി വന്നതില് പിന്നെ ഞായറാഴ്ച്ച രാവിലെ എട്ടുമുതല് പന്ത്രണ്ടു വരെ ഫുള് ബിസിയായിരുന്നു...

സാക്ഷരന്, :)

പീലിക്കുട്ടി, :)

ബള്ബ് അടിച്ചു പോയ ടീ വീടെ കഥ കേള്ക്കാന് വന്ന എല്ലാവര്ക്കും നന്ദി..

ഉഗാണ്ട രണ്ടാമന്‍ said...

സംഭവം വളരെ നന്നായി അവതരിപ്പിച്ചു...

ഹരിശ്രീ said...

കൊള്ളാം ജിഹേഷ് ഭായ്,

ആ നല്ല നാളുകളിലേക്ക് മടങ്ങിപ്പോയി. പണ്ട് തറവാട്ടില്‍ ഇത്തരത്തില്‍ ടി വി കാണാന്‍ പോകാറുള്ള കാര്യങ്ങള്‍ ഓര്‍മ്മവന്നു....

ഹരിശ്രീ said...

ദൂരദര്‍ശന്‍ വെളുപ്പിലും കറുപ്പിലും സം‌പ്രേക്ഷണം ചെയ്യുന്ന സമയം.

ഒരു സംശയം:
ഇത് അന്ന് സം പേക്ഷണം ചെയ്ത സിനിമകളെ ഉദ്ദേശിച്ചാണോ അതോ സം പേക്ഷണത്തെ ഉദ്ദേശിച്ചാണോ ഇങ്ങനെ എഴുതിയത്. സിനിമയെ ആണെന്ന് കരുതട്ടെ.

പൈങ്ങോടന്‍ said...

ഞാനും ടി.വി ആദ്യം കാണുന്നത് ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ തന്നെ. ശനിയാഴ്ചകളിലെ പടം കാണാന്‍ പല സ്ഥലങ്ങളിലും മാറിമാറി പോയിട്ടുണ്ട്. വീട്ടില്‍ ടി.വി യെത്തിയതാകട്ടെ 2002 ലും.
ഓര്‍മ്മക്കുറിപ്പ് നന്നായി.

നിരക്ഷരന്‍ said...

T.V. വന്ന കാലത്തുള്ള ഇത്തരം ചില അനുഭങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയതിന്‌ ഒരുപാട്‌ നന്ദി സുഹൃത്തേ.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഉഗാണ്ട രണ്ടാമന്, ഹരിശ്രീ, പൈങ്സ്, നിരക്ഷരന്, നന്ദി....

ഹരിശ്രീ, സം‌പ്രേക്ഷണമാണ് ഉദ്ദേശിച്ചത്...

K M F said...

വായിച്ചു,നന്നായിരിക്കുന്നു

മഞ്ജു കല്യാണി said...

ജിഹേഷ് ഭായ്, ഞാനപ്പോഴെ പറഞ്ഞതല്ലേ പരീക്ഷകളുവരും പോകും,അതിനായി ബൂലോകത്തീന്നു ലീവ് എടുക്കേണ്ട കാര്യമൊന്നുമില്ലാ എന്ന്.ഇനിയിപ്പൊ പറഞ്ഞിട്ടു കാര്യമില്ല.സാരമില്ല ലീവ് പാഴാകില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം..

ഓറ്മ്മക്കുറിപ്പ് നന്നായി,പഴയകാലത്തിലേയ്ക്കു വീണ്ടും കൊണ്ടുപോയതിനു നന്ദി.

ഭൂമിപുത്രി said...

പലരുംപറഞ്ഞുകേട്ടിട്ടുണ്ട് ഇതുപോലത്തെ ദീനാനുകമ്പ അവസാനം ചില സുത്രപ്രയോഗങ്ങളില്‍ ചെന്നവസാനിച്ച സംഭവങ്ങള്‍ :)

മുരളീധരന്‍ വി പി said...

ജിഹേഷ് പറഞ്ഞ കാലത്തിനും മുമ്പേ നാടു വിടേണ്ടി വന്നതു കാരണം ഇതു നേരില്‍ കണ്ടനുഭവിച്ചിട്ടില്ല. ഇവിടെ നഗരത്തില്‍ അന്നു കാലത്ത് ഞായറാഴ്ച ഉച്ചകളില്‍ മലയാളം പടം തേടി ടി വിയുള്ള വീടുകളിലേക്ക് പോവാറുണ്ട്.. എലിപ്പത്തായം കണ്ടതങ്ങിനെയായിരുന്നു. പിന്നെ ഞായറാഴ്ച വൈകുന്നേരങ്ങളിലെ ഹിന്ദി സിനിമ ഇങ്ങനെ അയല്‍പക്കങ്ങളെ ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്തിരുന്ന ഒന്നായിരുന്നു. ചുരുക്കം ചില അച്ഛനമ്മമാര്‍ തങ്ങളുടെ മക്കളെ അയല്‍പക്കങ്ങളിലെ വീടുകളില്‍ പോയി ചിത്രഹാര്‍ കാണുന്നത് വിലക്കിയിരുന്നതും ഓര്‍മ്മയിലുണ്ട്....

മൂര്‍ത്തി said...

:)
സിഗ്നേച്ചര്‍ ട്യൂണും ആ സമയത്ത് നല്ലതായിരുന്നു..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

kmf, മഞ്ജു, ഭൂമിപുത്രി, മുരളിയേട്ടാ, മൂര്ത്തി, സന്ദര്ശനത്തിനു നന്ദി....:)

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌...

ഹഹാഹഹാ..കൊള്ളാമല്ലോ..ഈ ടീവി
മനോഹരമായി...പറഞ്ഞിരിക്കുന്നു...അല്ല എന്തായീ ടീവിടെ ബല്‍ബ്‌..??

നന്‍മകള്‍ നേരുന്നു

sajith90 said...

Excellent writing-- Regards

Sajithkumar
365greetings.com

അമൃതാ വാര്യര്‍ said...

"മാ‍മന്റെ ഐഡിയ ആയിരുന്നത്ര അത്. ടി വി കാണാന്‍ വരുന്ന കള്ളന്‍മാരുടെ ശല്യം ഒഴിവാക്കാന്‍ കണ്ടു പിടിച്ച ഒരു വഴി. പലപ്രാവശ്യം ടി വിയുടെ ബള്‍ബ് കേടായതോടെ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി; ശനിയാഴ്ച്ചകളിലെ തിരക്ക് ഒരു ഓര്‍മ്മയായി മാറി."
അവതരണം കൊള്ളാംട്ടോ....

Geetha Geethikal said...

ജിഹേഷ് വിവരിച്ചപോലെയുള്ള അനുഭവങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. ശനിയാഴ്ചകള്‍ പോലെ വ്യാഴാഴ്ചകളും പ്രിയപ്പെട്ടതായിരുന്നു. കാരണം ചിത്രഗീതം...
ഒരു ദിവസം അയല്പക്കത്തെ വീട്ടിലെ ടി.വി.യില്‍ ചിത്രഗീതം പരിപാടി നടക്കുമ്പോള്‍ ഞാനുറക്കെ വിളിച്ചു പറഞ്ഞു...ദേ ചിത്രഗീതം കാണണമെങ്കില്‍ ഓടി വരു...
അവരുടെ മുറിക്കുള്ളിലെ ടി.വി. അവരുടെ ജനാ‍ലയിലുടെ നമുടെ വീട്ടില്‍ നിന്നു കാണാമായിരുന്നു...
ഞാനിങ്ങനെ വിളിച്ചു പറഞ്ഞതിന്റെ പിറ്റേന്നു തന്നെ അവര്‍ റ്റി.വി. മറ്റൊരു പൊസിഷനിലേക്കു മാറ്റിവച്ചു..ഞങ്ങള്‍ക്ക് ജനാലയിലുടെ കാണാന്‍ പറ്റാത്ത തരത്തില്‍........

കൊച്ചു മുതലാളി said...

ഞാന്‍ ആ രംഗങ്ങള്‍ വിഷ്വലൈസ് ചെയ്തു,വളരെ മനൊഹരമായിരിക്കുന്നു. അതു പോലെ തന്നെ എഴുത്തും.:)

നിലാവര്‍ നിസ said...

നല്ല വായന

ഉഗാണ്ട രണ്ടാമന്‍ said...

ക്രിസ്തുമസ് പുതുവത്സരശംസകള്‍....

ഉഗാണ്ട രണ്ടാമന്‍ said...

ക്രിസ്തുമസ് പുതുവത്സരശംസകള്‍....

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മന്‍സൂര്‍ ഭായ്,അമൃത. സജിത്ത്, ഗീതടീച്ചറേ, കൊച്ചുമുതലാളീ, നിസ,ഉഗാണ്ട രണ്ടാമന്‍....

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി

aham said...

എന്റെ അമ്മ പണ്ട്‌ സ്കൂളില്‍ പഠിക്കുമ്പോള്‍ ടീചര്‍ പറഞ്ഞ്‌ കൊടുക്കുമായിരുന്നത്രേ...

അങ്ങ്‌ വിദേശത്ത്‌ റ്റി.വി എന്ന് പറയുന്ന ഒരു സാധനം ഉണ്ട്‌ എന്നും, അതില്‍ ചലിക്കുന്ന കഴ്ചകള്‍ കാണാം എന്നും...

കിടങ്ങൂരാൻ said...

ഇതുപൊലൊരു സംഭവം നമ്മുടെ നാട്ടിലും നടന്നു..ടിവി ഒന്നു രണ്ട്‌ വീടുകളിൽ ഉണ്ടെങ്കിലും വീ.സീ.ആർ എന്ന 'സിനിമ കാണുന്ന ടേപ്രിക്കാർഡ്‌' ആദ്യമായി ഒരു ഗൾഫു കാരൻ നാട്ടിലെത്തിച്ചു.. വളരെ ബഹുമാനത്തൊടെ മേശപ്പുറത്ത്‌ ഒരു വെള്ളതുണി അടിയിലും മറ്റൊന്ന് മുകളിലും വിരിച്ച്‌ സംഗതി പ്രതിഷ്ഠിച്ചു.ചന്തകപ്പേളേല്‌ പെരുന്നാളിന്‌ രൂപക്കൂട്ടിൽ ബൾബിട്ടതുപോലെ പലനിറത്തിലുള്ള ലൈറ്റുകളൽ അലംകൃതമായ വീഞ്ഞപ്പെട്ടിയുടെ വലുപ്പത്തിലുള്ള ഒരു സാധനം...പ്രായമായ തന്തപ്പടിക്ക്‌ വീട്ടിലിരുന്ന് സിനിമകാണാൻ ദുഫായിക്കാരൻ മകന്റെ സമ്മാനം..


ലീവ്‌ കഴിഞ്ഞ്‌ അങ്ങേര്‌ തിരിച്ചുപോയതും വീടൊരു മിനി സിനിമാകൊട്ടകയായി മാറി..തന്തക്കാരണവര്‌ തോമാമാപ്ലക്ക്‌ ഇടിപ്പടങ്ങൾ കാണുന്നത്‌ ഒരു സന്തോഷം തന്നെയയിരുന്നു. ബ്രൂസ്‌ലിയാണ്‌ ഇഷ്ട താരം..'അവനെയടിയെടാ'..'ചവിട്ടി മറിയെടാ' എന്നുള്ള ആക്രോശങ്ങൾ വീടിന്റെ ഒരു മൈൽ അപ്പുറെ കേൾക്കാം..15 കിലോമീറ്റർ സൈക്കിൾ ചവിട്ടി ആഴ്ചയിലൊരു കാസറ്റ്‌ ആരെങ്കിലുമൊക്കെ സംഘടിപ്പിക്കും.. അങ്ങനെ ഒരുദിവസം മുലകുടിമാറാത്ത കുരീലുകളു മുതൽ എപ്പൊ ദൈവവിളി വരും എന്നു നോക്കിയിരിക്കുന്ന അമ്മച്ചിമാർ വരെ തൊമാമാപ്ലയുടെ വീട്ടിൽ പുളിങ്കുരു വറുത്തതും ചക്കക്കുരു ചുട്ടതുമൊക്കെയായി സിൽമ കാണാനെത്തി..കാസറ്റു വാങ്ങാൻ പോയ സെബാസ്റ്റ്യൻ സൈക്കിളിൽ ചീറിച്ചു വന്നു, സൈക്കിളു മുറ്റത്ത്‌ മറിച്ചിട്ട്‌ അക്ഷമരായിരിക്കുന്ന ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി അവൻ കാസറ്റ്‌ ലോഡു ചെയ്തു..ഐ ടി ഐ പാസ്സായ അവനെ മാത്രമേ സാധനത്തിൽ തൊടാൻ തൊമാമാപ്ല അനുവദിച്ചിരുന്നുള്ളൂ.
പടം തകർക്കുന്നു..ഏതൊ ഒരു ഇംഗ്ലീഷ്‌ സിനിമ..കഥ മൻസ്സിലായില്ലെങ്കിലും ചാരുകസേരയിൽ കിടന്നു തൊമാമാപ്ല ഓരോ ഇടിക്കും ആവേശം കൊള്ളുന്നു.തകർപ്പൻ പടം ഞാൻ കൊണ്ടുവന്നില്ലെടാ എന്ന ഭാവത്തിൽ സെബാസ്റ്റ്യൻ ...പിള്ളേർക്കും അമ്മച്ചിമാർക്കും സന്തോഷത്തിന്റെ അങ്ങേയറ്റം.. പൊരിഞ്ഞ അടിനടക്കുകയാണ്‌..പത്തുപതിനഞ്ചു പേരെ അടിച്ചു തെറിപ്പിച്ച ക്ഷീണത്താൽ നായകൻ ഒന്നു മയങ്ങുന്നാൻ തീരുമാനിക്കുന്നു...ദാ മയങ്ങുന്നു..


നായിക രംഗപ്രവേശം ചെയ്യുന്നു..ക്ഷീണിച്ചു കിടന്നുറങ്ങുന്ന നയകന്റെ അടുത്തെത്തി ചുംബിക്കുന്നു...നായകൻ ഉണരുന്നില്ല.. വീണ്ടും ശ്രമിക്കുന്നു..നോ രക്ഷ..ഒടുവിൽ സ്ഥിരം അടവെടുക്കുന്നു...നായിക പതിയെ തന്റെ വിശ്വ രൂപം കാണിക്കാൻ തുടങ്ങി..കലപില കൂട്ടിയിരുന്ന് പിള്ളേര്‌ പെട്ടെന്നു നിശ്ശബ്ദരായി.. തോമാമാപ്ലയുടെ കണ്ണുകൾ തള്ളി ഞരമ്പുകൾ വലിഞ്ഞു മുറുകി..അമ്മച്ചിമാർ തല കുമ്പിട്ടിരുന്നു..കൂടുതൽ അത്യാഹിതം സംഭവിക്കുന്നതിനു മുൻപ്‌ തോമാമപ്ല എത്തിവലിഞ്ഞ്‌ ടിവി യുടെ പ്ലഗ്ഗ്‌ ഊരി.." സന്ധ്യാപ്രാർത്ഥനക്കു സമയമായ്‌..എല്ലാരും വീട്ടിപ്പോയേ " എന്നൂ മാത്രമെ മാപ്ല അപ്പോൾ പറഞ്ഞുള്ളൂ..

അതിനുശേഷം ഇടിപ്പടം എന്നുകേട്ടാൽ തോമാമാപ്ലക്ക്‌ ഒരു എരിപിരി സഞ്ചാരമാണ്‌. സെബാസ്റ്റ്യനെ ആ വഴിക്കു പിന്നെ കണ്ടിട്ടുമില്ല.അന്നു പൂട്ടിയ സിനിമാപ്പെട്ടി അടുത്തവർഷം ലീവിനു വന്ന മകനാണ്‌ തുറന്നത്‌..