Thursday, January 3, 2008

ഒരു യാത്ര

ചറപറാന്നുള്ള മഴയും ഒടുക്കത്തെ തണുപ്പും. എവിടങ്ങാണ്ട് ന്യൂനമര്‍ദ്ദമാണെന്നും പറഞ്ഞാ ഈ മഴ. ഓഫീസില്‍ നിന്നും ഇറങ്ങുമ്പോ നൂലുപോലുണ്ടായിരുന്ന മഴ ഇപ്പോ നല്ല ശക്തമായി. അതോടോപ്പം തന്നെ റോഡിലെ തിരക്കും. മഴ പെയ്ത് കണ്ണാടിപോലെ കിടക്കുന്ന എയര്‍പ്പോര്‍ട്ട് റോഡിലൂടെ നിരങ്ങി നീങ്ങാന്‍ എന്തിനീ നൂറ്റമ്പത് സി സി വണ്ടി എന്നൊരു നിമിഷം ചിന്തിച്ചു. അന്നേ അച്ഛന്‍ പറഞ്ഞതാ ഒരു സൈക്കിള്‍ വാങ്ങാന്‍..കേട്ടില്ല അനുഭവിച്ചോ..

റൂമില്‍ എത്തുമ്പോഴേക്കും നനഞ്ഞു കുതിര്‍ന്നു. ജീന്‍സ് പിഴിഞ്ഞാല്‍ നാലംഗങ്ങളുള്ള കുടുംബത്തിനു ഒരു ദിവസത്തേക്ക് ആവശ്യമുള്ള വെള്ളം കിട്ടും. മറ്റു ജീന്‍സെല്ലാം നാട്ടില്‍ പോകുമ്പോ കഴുകാനായി പാക്കു ചെയ്തിരുന്നു. ആകെയുള്ളത് “പൂത്തു”ലഞ്ഞു കിടക്കുന്ന ഒരു നരച്ച ജീന്‍സു മാത്രം. ഉപയോഗിച്ചു നരച്ചതൊന്നുമല്ല..വേടിച്ചപ്പോഴേ അങ്ങനെയാ...

ഒന്നൊന്നരമാസത്തെ അഴുക്കു തുണികള്‍ നിറഞ്ഞ ബാഗെടുത്ത് തോളിലിട്ടു. വീട്ടില്‍ പോയിട്ടു വേണം കഴുകാന്‍. വാതില്‍ പൂട്ടി പുറത്തിറങ്ങി. മഴ അപ്പോഴും ചാറിക്കൊണ്ടിരിക്കുന്നു.

എയര്‍പ്പോര്‍ട്ട് റോഡ് നിറഞ്ഞ് വണ്ടികള്‍...വളരെ മന്ദഗതിയില്‍..ഒരൊറ്റ ഓട്ടോ പോലും നിര്‍ത്തുന്നില്ല.

“ഹലോ മഡിവാ‍ള”

“20 റുപ്പീസ് എക്സ്ട്രാ ബേക്കു”

“നൊ 20 റുപ്പീസ് ...ഒണ്‍ലി മീറ്റര്‍ ചാര്‍ജ്ജ്”

“ഒക്കെ സാര്‍..കുത്കൊളി”

മുക്കാല്‍ മണിക്കുറോണ്ടു മഡിവാളയില്‍ എത്തി. മീറ്ററില്‍ അറുപതു രൂപ. നൂറിന്റെ നോട്ടു കൊടുത്തപ്പോള്‍ ഇരുപതു രൂപ തിരിച്ചു തന്നു. കണക്കു ക്ലാസില്‍ പോകാത്ത ചേട്ടനാണെന്നു വിചാരിച്ച് ബാക്കി നാല്‍പ്പതു രൂപ തരാന്‍ പറഞ്ഞു.

ചോദിച്ചപ്പോ എന്റെ ശബ്ദം കുറച്ചു കൂടിപോയതാണോ, അതോ അങ്ങേരുടെ ചെവിക്ക് സെന്‍സിറ്റിവിറ്റി കൂടുതലായതാണോ എന്നറിഞ്ഞൂടാ..“ഹോയ്“ എന്നും പറഞ്ഞ് അങ്ങേര് പതുക്കെ എഴുന്നേറ്റു. താന്‍ മുടിഞ്ഞു പോകുമെടോ..തന്റെ ഓട്ടോയില്‍ ലുഫ്ത്താന്‍സയുടെ ഫുഡ് കൊണ്ടുപോകുന്ന വണ്ടിയിടിക്കുമെടോ എന്നൊക്കെ ശപിച്ച് അവിടന്നു സ്ഥലം കാലിയാക്കി.

ആറരയുടെ ബസ് കൃത്യമാ‍യി ഒരു മണിക്കുര്‍ വൈകി ഏഴരക്കു തന്നെ എത്തി. എയര്‍ ബസ്സാന്നൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തപ്പോ പറഞ്ഞെങ്കിലും വരണ വരവുകണ്ടാല്‍ ചരക്കുമായി വരുന്നു തമിഴന്‍ വണ്ടിയുടെ ചേല്. മുകളില്‍ മുഴുവന്‍ ലോഡ്.
വാതില്‍ തുറന്നതോടെ എല്ലാവരും അവിടെ തടിച്ചു കൂടി തിരക്കാക്കി. അല്ലേലും എവിടെപോയാലും നമ്മളിങ്ങനൊക്കെതന്നെയാലേ?

സീറ്റ് നമ്പര്‍ പത്ത്. വിന്‍ഡോ സീറ്റ്. സഹസീറ്റില്‍ ഒരു ചേച്ചി. പക്ഷേ വണ്ണം കുറവായോണ്ട് ഒന്നര സീ‍റ്റിലായാ ഇരിക്കുന്നേ. ചുരുക്കി പറഞ്ഞാല്‍ എനിക്ക് അരസീറ്റ് മാത്രം. ഇനി രാത്രി ഉറക്കത്തിലെങ്ങാനും ഈ സൈഡിലോട്ടു ചാരിയാല്‍ പാണ്ടി ലോറി കേറിയ തവളേടെ അവസ്ഥയാകും

“ആര്‍ക്കെങ്കിലും ഒരു ലേഡീസ് സീറ്റ് വേണോ”

ചോദിക്കേണ്ട താ‍മസം തൊട്ടു പുറകിലുള്ള സീറ്റിലേ പെണ്‍കൊടി ചാടിയെഴുന്നേറ്റു.

“താങ്ക്സ് .. ഐ വാസ് ഫീലിങ്ങ് വെരി അണ്‍കം‌ഫോര്‍ട്ടബിള്‍”

“ഓ താങ്ക്‍സ് ഒന്നും വേണ്ടാ. ഇനിയെങ്കിലും മലയാളിയോട് മലയാളത്തില്‍ തന്നെ ഒന്നു സംസാരിച്ചാല്‍ മതി“

ഒരു സഹായം ചെയ്ത് മനഃസംതൃപ്തിയില്‍ പെണ്‍കൊടിയുടെ സീറ്റില്‍ ചെന്നിരുന്നു. സഹസീറ്റന്‍ മിസ്റ്റര്‍ മസില്‍കുമാര്‍ എന്നെ ക്രൂരമായി നോക്കി. എന്തായിരുന്നു ആ ക്രൂരമായ നോട്ടത്തിന്റെ മീനിങ്ങ്? ഞാനെന്തു തെറ്റാ ചെയ്തേ?

സീറ്റിലിരുന്നു ഷൂസ് അഴിച്ച്, എം പിത്രി പ്ലേയര്‍ ഓണാക്കി. ഇയര്‍ ഫോണ്‍ ഫിറ്റു ചെയ്തു. ഹാന്‍ഡ് റെസ്റ്റില്‍ കൈവയ്ക്കാന്‍ നോക്കിയിട്ടു മസില്‍ ചേട്ടന്‍ സ്ഥലം തരുന്നില്ല. കുറേ നേരം തിക്കി നോക്കി..നോ രക്ഷ..ഞാനാരാ മോന്‍... ഹാന്‍ഡ് റെസ്റ്റില്ലാതെയും പോകാന്‍ എനിക്കറിയാം...

എട്ടു മണിക്കു ബസ്സ് പുറപ്പെട്ടു. സാദാരണ വൈകീട്ട് എട്ടുമണിക്കു പുറപ്പെട്ടാല്‍ ഒരു ഏഴര-എട്ടു മണിക്ക് ചാലക്കുടി എത്താറുണ്ട്. ഏഴുമണി ഉണരാന്‍ പാകത്തില്‍ അലറാം വെച്ചു. സ്ഥിരമായി ഒമ്പതു മണിക്ക് എഴുന്നേല്‍ക്കുന്നോര്‍ക്ക് അലാറമില്ലാതെ പറ്റില്ല.


ട്രിങ്ങ്...ട്രിങ്ങ്...ടിങ്ങ്..ട്രിങ്ങ്..

ഏഴുമണി..കണ്ണു തിരുമ്മി പുറത്തോട്ടു നോക്കി..കുറച്ച് അപരിചിതമായ വഴികള്‍..ദേ ഒരു ബോര്‍ഡ്.

വെല്‍ക്കം ടു പനമ്പിള്ളി നഗര്‍..

“ചേട്ട്‌സ് ചാലക്കുടി കഴിഞ്ഞോ”..

“അതു കഴിഞ്ഞിട്ട് ഒരു അരമണിക്കുറായി”

അയ്യോ..ചാടി ഓടി മുന്നിലെത്തി. ഡ്രൈവര്‍ ചേട്ടാ ഡ്രൈവര്‍ ചേട്ടാ..എന്റെ സ്റ്റോപ്പ് കഴിഞ്ഞുപോയി ഒന്നു തിരിച്ചു കൊണ്ടുവിടുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തിനാ വെളുപ്പാന്‍ കാലത്തു തന്നെ നല്ല നാടന്‍ തെറി കേള്‍ക്കുന്നേ.

കാര്യം പറഞ്ഞപ്പോ അടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കാമെന്നു പറഞ്ഞു.പാതി ഉറക്കത്തില്‍ നില്‍ക്കുന്ന എനിക്ക് എവിടെ ഇറങ്ങിയാല്‍ എന്ത്. അവസാ‍നം അത്താണിയില്‍ നിര്‍ത്തിതന്നു. നന്ദിയോടെ ആ മുഖത്തേക്കു നോക്കിയിട്ട് ബസ്റ്റോപ്പിലേക്ക് നടന്നു. പിന്നെയൊരു പ്രയാണമായിരുന്നു ഒരു തൃശൂര്‍ ഫാസ്റ്റില്‍ കയറി ചാലക്കുടിയിലേക്ക്. പിന്നെ അവിടെ നിന്ന് ഒരു ഓട്ടോയില്‍ വീട്ടിലേക്കും.

എന്താണ്ടൊക്കെ കബി നഹി ഘദം ഹോ ജാത്തീ ഹേ.....

30 comments:

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

വാര്‍ഷിക പോസ്റ്റ് :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരാ ചതിച്ചെ അലാറമോ,ഡ്രൈവറോ...

എന്തായാലും കൊള്ളാം ട്ടാ.

വാല്‍മീകി said...

അപ്പോള്‍ ഒരു കാര്യം ഉറപ്പായി. ആ ലേഡീസ് സീറ്റില്‍ തന്നെയാണ് ഇരുന്നത് അല്ലേ?
അല്ലെങ്കില്‍ ഇങ്ങനെ ഉറങ്ങണ്ട കാര്യം ഇല്ലല്ലോ...

ശ്രീ said...

ഇപ്പോ മനസ്സിലായി. ആ ബസ്സ് ഒരു മണിക്കൂര്‍‌ വൈകി വന്നതല്ല, മൊബൈലിലെ സമയം ഒരു മണിക്കൂര്‍‌ ഫാസ്റ്റ് ആയിരുന്നു. (അതിലല്ലേ സമയം നോക്കിയേ?)

7 മണിയ്ക്കു വച്ച അലാറം അടിച്ചത് 8 മണിയ്ക്കും. അപ്പോ വണ്ടിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? അത് കൃത്യം 7 നു തന്നെ ചാലക്കുടി എത്തിക്കാണും... ഹിഹി.

;)

മിനീസ് said...

“20 റുപ്പീസ് എക്സ്ട്രാ ബേക്കു” - ഭാഗ്യവാന്‍... സാധാരണ "ടു ടൈംസ്" എന്നാ... എന്തായാലും ചേട്ടനെ കണക്കു പഠിപ്പിക്കാന്‍ നില്‍ക്കാഞ്ഞത് നന്നായി... ഹ ഹ!! :-)

അലി said...

ബസ്സിനൊക്കെ ഇപ്പോ എന്താ സ്പീഡ്!

ജിഹേഷ്.
നന്നായി. അഭിനന്ദനങ്ങള്‍!

കൃഷ്‌ | krish said...

അതേ, രാത്രിവണ്ടിയില്‍ യാത്ര ചെയ്യുന്‍പോള്‍ അലാറം വെക്കുന്നത് ഡ്രൈവറൊടോ കണ്ടക്ടറോടോ ചോദിച്ചിട്ട് പോരാരുന്നോ. ഇപ്പോള്‍ റോഡൊക്കെ മേക്കപ്പിട്ടിരിക്കയല്ലേ.

പൈങ്ങോടന്‍ said...

സംഭവിച്ചതെന്താണെന്നുവെച്ചാല്‍, രാത്രിയായപ്പോ നമ്മുടെ മസില്‍കുമാരന്‍ ആരും അറിയാതെ ജിഹേഷിന്റെ ചെവിക്കിട്ടൊന്നു പൊട്ടിച്ചു..ചുമ്മാ ഒന്നു ദേഷ്യം തീര്‍ക്കാന്‍..പിന്നെ അലാറമല്ല, ബോബ് പൊട്ടിയാല്‍ പോലും അറിയില്ലല്ലോ
എന്നിട്ട് ചെവിയിപ്പോ എങ്ങിനെയുണ്ട് മച്ചൂ? ഹി ഹി ഹി

Guruji said...

കൊള്ളാം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കെമ്പ് ഫോര്‍ട്ടീന്ന് മഡിവാള വരെ ഞാന്‍ 60 രൂപയ്ക്ക് പോയിട്ടുണ്ട് ഹയ്യടാ ഹയ്യാ..:)

ഏ.ആര്‍. നജീം said...

കലിപ്പുകള് തീരിണില്ല്യടിയേ......

അല്ല ജിഹേഷ്, ആ മസില്‍‌മാനോട് ഒന്ന് പറഞ്ഞു വച്ചാ പോരായിരുന്നോ..?

ഇനി പറഞ്ഞിട്ടെന്താ... വിനാശകാലേ വിപരീത ബുദ്ധി :)

പ്രയാസി said...

“ഒരു സഹായം ചെയ്ത് മനഃസംതൃപ്തിയില്‍ പെണ്‍കൊടിയുടെ സീറ്റില്‍ ചെന്നിരുന്നു. സഹസീറ്റന്‍ മിസ്റ്റര്‍ മസില്‍കുമാര്‍ എന്നെ ക്രൂരമായി നോക്കി. എന്തായിരുന്നു ആ ക്രൂരമായ നോട്ടത്തിന്റെ മീനിങ്ങ്? ഞാനെന്തു തെറ്റാ ചെയ്തേ?“

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും..!ഇങ്ങനെയെന്തോ ആണ്..! അല്ലെങ്കിലും സാരമില്ല..!

ജിഹേഷെ പഴയ ഒരു ഗുമ്മില്ല..

ഓഗിബിട്ടാല്‍ ഒന്നൂടെ ഗും മാടാം..

ഞാനു പ്രീതി മാഡ്ത്തീനി..! പ്രയാസി മാമനുലു..:)

Friendz4ever // സജി.!! said...

മഴ നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നു അല്ലെ. ചിലപ്പോള്‍ ചറിപ്പോയാ പോക്കിറിമഴയായ് ചിലപ്പോള്‍ പെയ്തൊഴിഞ്ഞ പേമാരിപോലെ...
ഓട്ടോക്കാരെ അങ്ങനങ്ങ കുറ്റപ്പെടുത്താമൊ മഷെ ഒന്നുല്ലേലും നമ്മുടെ നാട്ടില്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ നല്ലൊരു പങ്കു വഹിക്കുന്നില്ലെ..?
ഇനിയെങ്കിലും അലാറം വെക്കുമ്പോള്‍ ഒന്നുക്കുടെ നോക്കുക പറ്റിയാല്‍ വല്ലപ്പോഴും സമയവും നോക്കുക ഹഹ..അല്ലെങ്കില്‍ ബസ്സല്ലാ ചിലപ്പോള്‍ ഫ്ലൈറ്റ് വരെ വൈകും..അതെ പിന്നെയൊരു പ്രയാണമായിരുന്നു ഒരു തൃശൂര്‍ ഫാസ്റ്റില്‍ കയറി ചാലക്കുടിയിലേക്ക്. പിന്നെ അവിടെ നിന്ന് ഒരു ഓട്ടോയില്‍ വീട്ടിലേക്കും.[ ഇപ്പോള്‍ ഓട്ടൊ എങ്ങനെ സ്വാധീനിച്ചൂ..?]

മുരളി മേനോന്‍ (Murali Menon) said...

വര്‍ഷത്തിന്റെ തുടക്കം മോശമല്ല, അപ്പോള്‍ ഇനിയും മുന്നോട്ട് കുതിക്കട്ടെ. ആശംസകള്‍!

കൊച്ചുത്രേസ്യ said...

ഈ പ്രശ്നം എനിക്കറിയാം..സംസ്ഥാനം മാറുമ്പോള്‍ അലാറത്തിനുണ്ടാകുന്ന ആശയക്കുഴപ്പം കൊണ്ടാണ്‌ അതിങ്ങനെ തോന്നിയ പോലെ പെരുമാറുന്നത്‌.ഈയൊരു പ്രതിഭാസം കാരണം മിക്കവാറും ബാംഗ്ലൂരുന്ന്‌ വരുമ്പോള്‍ വീടിനു തൊട്ടു മുന്‍പില്‍ ഇറങ്ങേണ്ടതിനു പകരം വേറെ വല്ലായിടത്തും ഇറങ്ങി ഓട്ടോ പിടിച്ച്‌ തിരിച്ചുവരേണ്ടിവന്നിട്ടുണ്ട്‌.എന്നാണാവോ ടെക്നോളജി ഒന്നു മുന്നോട്ടുപോയി ഇതിനൊരു പ്രതിവിധി തരാന്‍ പോകുന്നത്‌ :-)

ഉപാസന | Upasana said...

ഇതു പോലെ തണുപ്പത്ത് ആ മസില്‍കുമാരനെ ഇത്ര പറ്റിക്കേണ്ട കാര്യമില്ലായിരുന്നു.
ഇനിമുതല്‍ ഝേഷ് ഭായ് കയറുന്ന ബസില്‍ കയറുന്ന പ്രശ്നമില്ല.

ഓട്ടോക്കാരോട് കളിക്കരുത് ട്ടാ. പ്രശ്നാകും.
പിന്നെ അലക്കാന്‍ അറിയില്ല മോശം.മനുഷ്യരെമാത്രമേ അലക്കാറുള്ളൂ ല്ലേ..?

ജഹേഷ് ഭായ് യാത്രാവിവരണം കലക്കി.
വാര്‍ഷികാശംസകള്‍..!
:)
എന്നും സ്നേഹത്തോടെ
ഉപാസന

ദേവതീര്‍ത്ഥ said...

നന്നായിട്ടുണ്ട്` ട്ടോ

ഹരിശ്രീ said...

ജിഹേഷ് ഭായ്

നന്നായിരിയ്കുന്നു...


ആശംസകള്‍,,,

ദ്രൗപദി said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

പ്രിയാ, ഡ്രൈവറാണു ചതിച്ചത് എന്ന് പറയാന്‍ പറ്റില്ല..എല്ലാം എന്റെ മുന്‍‌വിധി മൂലം..

വാല്‍മീകി, ന്നെ വിശ്വസിക്കൂ...

ശ്രീ, :)

മിനീസ്, ഇതാണാ ഭാഗ്യം?..:)

അലീക്കാ, സത്യം :)

കൃഷ്, ഇവരിങ്ങനെ കത്തിച്ചുപോകുമെന്ന് അറിഞ്ഞില്ലാ..

പൈങ്ങ്‌സ്, കാണിച്ചു തരാം...കോണത്തക്കുന്നില്‍ ഞമ്മക്കും ആളോള്‍ ഉള്ളതാ..:)

ഗുരുജീ, :)

കുട്ടിച്ചാത്താ, ചാത്തനെ കണ്ട് പേടിച്ചിട്ടായിരിക്കും..അല്ലാ എന്തിനാ ഓട്ടോ പിടിച്ചേ? കുന്തം കളഞ്ഞുപോയോ?..

നജീമിക്കാ, :) പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?

പ്രയാസീ, എനിക്കും തോന്നി ഗുമ്മില്ലാന്നു..അടുത്ത് ചെമ്പാക്കാം..:)

സജീ, ഹൌ താനൊരു വക്കിലാകേണ്ടതായിരുന്നു..വിധിയുടെ വിളയാട്ടം :)

മുരളിയേട്ടാ, നന്ദി

കൊച്ചു ത്രേസ്യാ, അതുശരി അപ്പോ ഇത് എന്റെ കുഴപ്പമല്ല അല്ലേ. ഇനി ഫോണിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണമായിരിക്കും ഈ ബഗ്ഗ് ഫിക്സ് ചെയ്യാന്‍..

സുനിലേ, ധൈര്യമായി കേറിക്കോളൂ..തന്നെ ഞാന്‍ പറ്റിക്കില്ലാ...:)

ദേവതീര്‍ത്ഥ, :)

ഹരിശ്രീ, :)

ദ്രൗപദി, :)

ഈ യാത്രയില്‍ എന്നോടൊപ്പം കൂടിയ എല്ലാവര്‍ക്കും നന്ദി..

Sharu.... said...

രസിച്ചു വായിച്ചു.... നന്നായി

മാണിക്യം said...

മഴയത്തുള്ള യാത്രാ വളരെ തന്മയത്വത്തൊടെ
ആവതരിപ്പിച്ചു...ഒട്ടൊക്കാരaന്റെ കൌശലം അതോ അതി ബുദ്ധിയൊ?
കുറിക്കു കൊള്ളുന്നാ നര്‍മ്മം!
ആശംസകള്‍..!!

മഞ്ജു കല്യാണി said...

ജിഹേഷ് ഭായ്, ശ്രീ പറഞ്ഞതാണു കാര്യം. ഇനിയെങ്കിലും ആ സമയമൊന്നു കറക്ട് ചെയ്യ്.


വിവരണം കലക്കി

മന്‍സുര്‍ said...

ഈ ജിഹേഷ്‌ ഭായ്‌...

ക്യാ ഹോഗയ ഭായ്‌...
ഇദര്‍ ഹുദര്‍...ക്യാ ഹുവാ..കുച്ച്‌ കുച്ച്‌ ഹോത്താഹേ

അം കോ എല്ലാം മനസ്സിലായിഹേ ..ഞാന്‍ നഹി ബോല്‍ത്താ

അചാ അച്ചാ രചന ഹേ....

നന്‍മകള്‍ നേരുന്നു

ഭൂമിപുത്രി said...

സിറ്റുമാറിയിരുന്നതാണു കുഴപ്പമായത്,
അല്ലെങ്കില്‍ കറ്ക്ട്ടൈമിനു
പുറത്തേയ്ക്കൊരു ‘തവള’ച്ചാട്ടം ചാടാന്‍ കാത്ത്
നിദ്രാവിഹീനനായിരുന്നേനെ.
തടിയുള്ള auntyമാരെ ഇനിയെങ്കിലും ബഹുമാനിയ്ക്കാന്‍ ശീലിയ്ക്കുമല്ലൊ.. :)

ഗീതാഗീതികള്‍ said...

ഏതു ജാംബവാന്റെ കാലത്തെ അലാറമായിരുന്നു അത്‌?

പിന്നെ ആ വണ്ണമില്ലാത്ത ചേച്ചിയുടെ അടുത്തിരുന്നേല്‍ ഇങ്ങനൊന്നും വരില്ലായിരുന്നു.....
തവളയുടെ ഗതിവരുമെന്ന പേടിയിലെങ്കിലും ഇങ്ങനെ മതിമറന്നുറങ്ങുകയില്ലായിരുന്നു...
യാത്രാനുഭവം നന്നായി എഴുതിയിരിക്കുന്നു ജിഹേഷ്.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഷാരൂ, :)

മാണിക്യം, ഇതവരുടെ സ്ഥിരം പരിപാടി അല്ലേ...:)

മഞ്ജു, അപ്പ കുറ്റം എനിക്കായോ? :)

മന്സൂര് ഭായ്, :)

ഭൂമിപുത്രി, ബഹുമാനിക്കാന് പറഞ്ഞതില് നിന്നും ഞാനെന്തൊക്കെയോ ഊഹിച്ചൂ :)

ഗീത ടീച്ചറേ, :‌)

ഈ യാത്രയില്‍ എന്നോടൊപ്പം കൂടിയ എല്ലാവര്‍ക്കും നന്ദി..

maheshcheruthana/മഹേഷ്‌ ചെറുതന said...

ജിഹേഷ് ഭായ് ,
വാര്‍ഷിക പോസ്റ്റ് നന്നായി!ആശംസകള്‍..!!

p r e m a n a n d a n said...

penpillerude seat thanne venam allee

KUBBARI said...

ബാംഗളൂര്‍ിനോട് ബൈ ബൈ നല്‍കിയ ദിവസം എനിക്കും ഉണ്ടായി ഇതേ ഒരനുഭവം. മാരുതി നഗറില്‍ കൂടി ഒരു കൈയില്‍ ഷൂസും തലയില്‍ ബാഗുമായി മെയിന്‍ റോഡില്‍ കൂടി നീത്തിയ ഓര്മ വരുന്നു. എനിക്ക് ഒരു മണിക്കൂര്‍ മുന്‍പേ ബസ്‌ വന്നതാ പ്രശ്നമായത് അതും a/c ബസിനു പകരം ലോട്ട് ലൊടുക് ഒരു ചടക്ക് വണ്ടി