Saturday, April 10, 2010

പി ഫോര്‍ ?

ബാംഗ്ലൂരില്‍ വന്നു അല്ലറചില്ലറ ജോലിയൊക്കെയായി ജീവിച്ചോണ്ടിരുന്ന സമയത്താണ് സഹ പഠിയന്മാരായാ അബുവും സുല്ഫിക്കറും കൂടി ഒരു ഞായറാഴ്ച്ക് ബാംഗ്ലൂരിലേക്ക് എത്തിയത്.

ജോലി? - ജോബ് ഹണ്ടിങ്ങ്

അല്ലെങ്കിലേ ഞെങ്ങി ഞെരുങ്ങി ഞങ്ങള്‍ നാലു പേര്‍ കഴിയുന്ന റൂമിലേക്ക് ഇനി രണ്ടവന്മാരേം കൂടി കൂട്ടിയാല്‍ വാടകയിനത്തില്‍ കുറവുകിട്ടുമെങ്കിലും വാചകയിനത്തില്‍ കഷ്ടപ്പെടുമെന്നതിനാലാണ് ഒരു പേയിങ്ങ് ഗസ്റ്റ് അക്കോമഡേഷന്‍ നോക്കികൂടെ എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവെച്ചത്.

എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടേ. നീ തന്നെ ഒരെണ്ണം ഒപ്പിച്ചു താ എന്നായി അവന്മാര്‍. ആകെ ഒരേയൊരു കണ്ടീ‍ഷന്‍ മാത്രം. ഭക്ഷണം കിട്ടിയില്ലെങ്കിലും വേണ്ടില്ല, മലയാള പടം കളിക്കുന്ന, വല്യ പൈസയൊന്നും ഇല്ലാത്ത ഒരു തിയേറ്റര്‍ ചുറ്റുവട്ടത്തുണ്ടായിരിക്കണം.

ആ ഒരു കണ്ടീ‍ഷന്റെ ചുവടു പിടിച്ചാണു സുലേഖാ ഡോട്ട് കോം വഴി ശിവാജി നഗറില്‍ മോശമല്ലാത്ത ഒരു പി.ജി കണ്ടുപിടിച്ചത്. ശിവാജി നഗറിലാവുമ്പോള്‍ രണ്ടുണ്ട് കാര്യം. “സംഗീതില്‍” നിന്ന് മലയാളം പടവും സന്ദീപില്‍ നിന്ന് മൊഴിമാറ്റം ചെയ്ത “മല്യാളം” പടവും കാണാം..:).

തിങ്കളാഴ്ച്ക രാവിലെ തന്നെ പി.ജി യുടെ അഡ്രസ്സും വേടിച്ച് കൂടും കുടുക്കയുമെടുത്ത് അവന്മാര്‍ സ്ഥലം കാലിയാക്കി. നോം ഓഫീസിലേക്കും സ്കൂട്ടായി.

-------------------------------------------------------------------------------------------------

ശനിയും ഞായറുമെല്ലാം ഉച്ചക്കുറങ്ങി ശീലിച്ചതിനാലാകാം ഉച്ച ഭക്ഷണം കഴിച്ചതോടെ ശക്തമായ ഉറക്കം വന്നത്. ഉറക്കം തൂങ്ങി ..തൂങ്ങി... ഇത്തായി വീണ് കീബോര്‍ഡും തലയിടിച്ച് മോണിറ്ററും നശിപ്പിക്കേണ്ടല്ലോ എന്ന ഒരേയൊരു...ആ‍ ഒരൊറ്റ ചിന്തകൊണ്ട് മാത്രമാണ് വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ തീരുമാനിച്ചത്.

ബ്ലോഗുവായനേം കമന്റലും കാരണം അവതാളത്തിലായ പ്രൊജക്ടിനിടയില്‍ അര പോയിട്ട് കാല്‍ ലീവ് പോലും കിട്ടാന്‍ പോകുന്നില്ല എന്ന തിരിച്ചറിവുള്ളതിനാല്‍ കണ്ണൊക്കെ നന്നായി തിരുമ്മി ചുവപ്പിച്ചാണ് പി.എമ്മിന്റെ ക്യൂബ് ലക്ഷ്യമാക്കി നീങ്ങിയത്.

സര്‍.. ഹാഫ് ഡേ ലീവ് വേണം... മദ്രാസ് ഐ ആണെന്നാ തോന്നുന്നത് എന്നു പറഞ്ഞതും അതുവരെ ക്രൂദ്ധനായി എന്റെ നേരെ തുറിപ്പിച്ചോണ്ടിരുന്ന കണ്ണുകള്‍ ഇറുക്കി അടച്ച് മുഖം 180 ഡിഗ്രി വശത്തോട്ട് ചരിച്ച് ...ഒക്കെ മാന്‍....ടെയ്ക്ക് ഇറ്റ്...ഈഫ് യു വാണ്ട് ടെയ്ക്ക് ഓഫ് ടുമാറോ ആള്‍സോ... എന്നു പറഞ്ഞ് ആട്ടി പുറത്താക്കി.

മൂസ സ്റ്റോര്‍സില്‍ നിന്ന് ഒരു ലൈം സോഡയും കഴിച്ച് വീട്ടിലെത്തിയപ്പോഴാണ് ആ കാഴ്ച്ക കണ്ടത്. കാലത്ത് കൂടും കുടുക്കയുമായി സലാം ചൊല്ലി പിരിഞ്ഞ അവന്മാര്‍ വീടിന്റെ പടിയില്‍ കാമുകീ കാമുകന്മാരെ പോലെ തോളോടു തോള്‍ ചേര്‍ന്നിരുന്ന് ഉറങ്ങുന്നു.

“എന്തു വാടാ? പി. ജി ശരിയായില്ലേ?” ഞാന്‍ ചോദിച്ചു

“ഞങ്ങള്‍ക്ക് അവിടെ അഡ്മിഷന്‍ തരില്ലെന്ന് അവര് തീര്‍ത്ത് പറഞ്ഞു“

“അതെന്താ...അവിടെ ഒഴിവുണ്ടെന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞതാണല്ലോ”

“ഒഴിവുണ്ട്...ഇപ്പോഴും...പക്ഷേ ഞങ്ങള്‍ക്കു തരില്ലെന്ന്” സുല്ഫി പറഞ്ഞു

“എന്താ ഉണ്ടായതെന്ന് തെളിച്ചു പറ”“പി.ജി യുടെ ഓണര്‍ ഞങ്ങളോട് പേര് ചോദിച്ചു..... ഞാന്‍ അബൂബക്കര്‍ സിദ്ധിക്ക് ന്നും അവന്‍ സുല്ഫിക്കര്‍ അലീന്നും പറഞ്ഞതോടെ അതുവരെ എന്തൊക്കെയോ കുത്തിക്കുറിച്ചോണ്ടിരുന്ന അങ്ങേര് ഞങ്ങളെ കണ്ണാടീന്റെ മോളീല്‍ കൂടി ഒരു നോട്ടം നോക്കി. കണ്ണൂരാണ് വീടെന്നു പറഞ്ഞതും അങ്ങേര് എഴുത്തു കുത്തൊക്കെ നിര്‍ത്തി കണ്ണാട ഊരി. പാസ്പോര്‍ട്ടിന്റെ കോപ്പി വേണമെന്നു പറഞ്ഞിട്ടാ‍ണ് സുല്ഫീനെ അവിടെ ഇരുത്തി ഞാന്‍ കോപ്പി എടുക്കാന്‍ പോയത്. തിരിച്ചു വരുമ്പോള്‍..ഇവന്‍ പുറത്തു നില്‍ക്കുകയായിരുന്നു. ”

“എന്താടാ സുല്ഫീ ഉണ്ടായേ” ഞാന്‍ ആകാംഷാഭരിതനായി.

“അബു പുറത്തു പോയ സമയത്ത് അങ്ങേരെന്നോട് മുഴുവന്‍ പേര് ചോദിച്ചു. ഞാന്‍ സുല്ഫിക്കര്‍ അലി.പി എന്നും പറഞ്ഞു. അപ്പോ അങ്ങേര്‍ക്ക് സംശയം പി ആണോ അതോ ബി ആണോ എന്ന്“

“അപ്പോള്‍ നീയെന്തു പറഞ്ഞു”

“ ഞാന്‍ പറഞ്ഞ് പി ഫോര്‍ പാക്കിസ്ഥാന്‍ ന്ന്”


“എന്റെ പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ”

9 comments:

mini//മിനി said...

ഇതിപ്പം എന്താ പറയ, ആദ്യം ഒരു തേങ്ങ ഉടക്കുന്നു. പിന്നെ കണ്ണൂരിൽ ആണെങ്കിലും അല്ലെങ്കിലും പാകിസ്ഥാൻ എന്ന് പറയുന്നവന് ഒരിക്കലും ജോലി കിട്ടില്ല, ഉറപ്പ്.

കൂതറHashimܓ said...

നര്‍മം കൊള്ളാം
പക്ഷേ......... ആ എന്തോ, സങ്കുചിത ദേശീയതെ പ്രമോട്ട് ചെയ്യുന്ന പോലെ ഒരു ഫീലിങ്...
അതോണ്ട് ഇഷ്ട്ടായില്ലാ...!!

sherlock said...

പ്രിയ ഹാഷിം, ഇവിടെ ആരും ഒന്നും പ്രമോട്ട് ചെയ്യുന്നില്ല. ഇത്തരം പേരുള്ളവരെ മറ്റോരു കണ്ണുകൊണ്ടു മാത്രമേ ഇപ്പോള്‍ ആളുകള്‍ കാണൂന്നുള്ളൂ എന്നുള്ളത് നര്‍മ്മരൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു.

clash said...

great post :)

Machu said...

uggran!

Captain Haddock said...

:)
തമാശ അപ്പാര്‍ട്ട് :- ഇപ്പോള്‍ ഒരുവിധം എല്ലാ സ്ഥലത്തും അഡ്രസ്‌ പ്രൂഫ്‌ & ഫോടോ ചോദിയ്ക്കും. പി ജി ആയാലും, റെന്റ് ആയാല്ലും, പേര്‍ എന്ത് ആയാല്ലും.

പട്ടേപ്പാടം റാംജി said...

നര്‍മ്മം നര്‍മ്മമായ്‌ ഇഷ്ടപ്പെട്ടു.

ശ്രീ said...

പേരു വരുത്തുന്ന ഓരോ പുലിവാലുകളേയ്...

ഒഴാക്കന്‍. said...

കൊള്ളാം!