Tuesday, February 23, 2010

ഉപ്പുചാക്കിന്റെ ആദ്യരാത്രി

ഉപ്പുചാക്ക് ചരിതങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന് ഇവിടെ ഇവിടെ ഇവിടെ


ബാല്യവും കൌമാരവും കഴിഞ്ഞ് യവ്വനം അങ്ങനെ തളിരണിഞ്ഞു നില്‍ക്കുകയാണെന്നുമുള്ള ഉപ്പുചാക്കിന്റെ അഹങ്കാരം മാറിയത് വളരെ യാദൃശ്ചികമായി കണ്ട തലനര മൂലമാണ്. മാത്രമല്ല കൂടെ പഠിച്ച കൂട്ടുകാരൊക്കെ ക്യട്ട്യോളുടെ ഡയപ്പര്‍ ബ്രാന്‍ഡുകളെ പറ്റി ഡിസ്കസ് ചെയ്ത് തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ ഇനി ഒരു പെണ്ണുകെട്ടിക്കളയാം എന്നു ഉപ്പുചാക്കിനു തോന്നി, അക്കാര്യം വീട്ടില്‍ അവതരിപ്പിക്കുകയും ചെയ്തു.

“ഡാ ഒന്നു കെട്ട്രാ.. ഞങ്ങള്‍ക്കൊക്കെ വയസ്സായി വരുകയാ...” എന്നുള്ള അപ്പന്റെയും അമ്മയുടെയും അപേക്ഷകള്‍ക്ക് പുല്ലുവിലപോലും കൊടുക്കാതിരുന്നു പുത്രന്റെ പെട്ടെന്നുള്ള മനം മാറ്റം അവരെ ഒട്ടൊന്നു പരിഭ്രമപ്പെടുത്താതിരുന്നില്ല.

പിന്നെല്ലാം എടുപിടീന്നാര്‍ന്നു. രണ്ടു മാസം കൊണ്ട് എല്ലാം കഴിഞ്ഞു, പത്രത്തില്‍ പരസ്യം കൊടുക്കല്‍..പെണ്ണുകാണല്‍.. മനസമ്മതം.. അവസാനം കല്യാണം...

ഭാര്യവീടു വീട്ടില്‍ നിന്നു അകലെയായതിനാല്‍ ആദ്യരാത്രി ഉപ്പുചാക്കിന്റെ വീട്ടില്‍ വച്ചായിരുന്നു. ഭക്ഷണമെല്ലാം കഴിച്ച് ഏകദേശം ഒമ്പതുമണിയോടെ അമ്മയും ആന്റിമാരും ചേര്‍ന്ന് പുതുപ്പെണ്ണിനെ പാല്‍ ഗ്ലാസുമായി മണിയറയിലേക്ക് നയിച്ചു.

ഭക്ഷണശേഷം കസിന്‍സുമായി കത്തിവെച്ചോണ്ടിരുന്ന ഉപ്പുചാക്കിനോട് മണിയറയിലേക്ക് പോകാന്‍ ആന്റി വന്നു പറഞ്ഞെങ്കിലും തനിക്ക് ആക്രാന്തമൊന്നുമില്ല എന്നു കാണിക്കാനായി “കൊറച്ചും കൂടി കഴിഞ്ഞ്” എന്നു പറഞ്ഞ് സ്റ്റാര്‍സിംഗറിലെ പെര്‍ഫോര്‍മന്‍സ് റൌന്‍ഡിലേക്ക് ശ്രദ്ധ തിരിച്ചു. പിടിപ്പതു പണിമൂലം ക്ഷീ‍ണിതനായിരുന്ന അപ്പന്‍ ടി വിയുടെ റിമോട്ട് ഉപ്പ്ചാക്കിനു കൈമാറി ഉറങ്ങാന്‍ പോയി. കുറച്ചു കഴിഞ്ഞതോടെ കസിന്‍സ് ഓരോന്നായി പോയിതുടങ്ങി. പിന്നെയും പത്തു മിനിറ്റു കഴിഞ്ഞ് “അളിയാ ഓള്‍ ദി ബെസ്റ്റ്” എന്നു പറഞ്ഞ് തോളില്‍ തട്ടി അളിയനും പോയി. അപ്പോഴും പൂര്‍ണ്ണമായും ടി വിയില്‍ ശ്രദ്ധയൂന്നി തനിക്ക് “ആക്രാന്തമൊന്നുമില്ല” എന്നു പ്രൂവു ചെയ്യാനുള്ള ശ്രമം തുടര്‍ന്നു പോന്നു. മിക്ക ദിവസങ്ങളിലും ടി വി കണ്ട് വളരെ വൈകി കിടക്കാറുള്ളതുകൊണ്ട് ആര്‍ക്കും ഒന്നും തോന്നിയതുമില്ല.

എല്ലാവരും പോയപ്പോഴാണ് “ഇനി ആരെക്കാണിക്കാന്‍” എന്ന ചിന്ത ഉപ്പുചാക്കിനുണ്ടായത്. മുന്‍‌വാതില്‍ തുറന്നു മുറ്റത്തിറങ്ങി പതിവായി മൂത്രശങ്ക തീര്‍ക്കുന്ന തെങ്ങിന്‍ ചുവട്ടിലേക്കു മുമ്പൊന്നുമില്ലാത്ത ഒരു ആവേശത്തോടെ നടക്കുമ്പോള്‍ ആ തലയ്ക്കുള്ളില്‍ ഏതാണ്ടൊക്കെ സിനിമയിലെ ഏതാണ്ടൊക്കെ രംഗങ്ങള്‍ മാറിത്തെളിയുകയായിരുന്നു.

പക്ഷേ..... മൂത്രശങ്ക തീര്‍ക്കാന്‍ കുന്തിച്ചിരുന്നത് ബിരിയാണിയുടെ എച്ചില്‍ തിന്നാന്‍ വന്ന പട്ടിക്കുട്ടത്തിന്റെ മുന്നിലായിപോയത് വിധിയുടെ വിളയാട്ടമാകാം. തങ്ങളുടെ പങ്കെടുക്കാന്‍ വന്ന മനുഷ്യമൃഗത്തെ കണ്ട് പട്ടിക്കൂട്ടം വയലന്റാകുകയും അസാമാന്യ ബാസ്സോടെ കുരയ്ക്കുകയും ചെയ്തു.

മധുരമനോഹര സ്വപ്നവും കണ്ട് മനോരാജ്യത്തില്‍ മുങ്ങി അനുസ്യൂതമായി മൂത്രിച്ചോണ്ടിരുന്ന ഉപ്പുചാക്കിന്റെ മെഷീന്‍ സ്റ്റോപ്പായത് സെക്കന്റിന്റെ ആയിരത്തിലൊരംശം സമയം കൊണ്ടാണ്. ഭയചകിതനായ ഉപ്പുചാക്കിന്റെ ശരീരത്തില്‍ അഡ്രിനാലിന്റെ പ്രവര്‍ത്തനം ശക്തമായതും എഴുന്നേറ്റ് ഒരു ഓട്ടമായിരുന്നു, പട്ടിക്കുട്ടം പിന്നാലേയും. പക്ഷേ വീട്ടിലേക്ക് ഓടിക്കയറുന്നതിനുപകരം വീടിനു സൈഡിലുള്ള വാഴത്തോട്ടത്തിലേക്കാണ് ഓടിക്കയറിയത്. അതിനുള്ളില്‍ കള്ളനും പോലീസും കളിക്കുനതിനിടയില്‍ ഉപ്പുചാക്കിന്റെ കാലിലേയ്ക്ക് എയിം ചെയ്ത് പട്ടിക്ക് കിട്ടിയത് ഉടുമുണ്ടായിരുന്നു. ഉടുമുണ്ട് കിട്ടിയതോടെ ഉപ്പുചാക്കിനെ ഉപേക്ഷിച്ച പട്ടിക്കുട്ടത്തിനിടയില്‍ നിന്ന് ജീവനും കൊണ്ടോടി വീ‍ട്ടില്‍ കയറി വാതിലടച്ചു. പിന്നെ പമ്മി പമ്മി മണിയറയിലേക്ക് കയറി. അരണ്ട വെളിച്ചത്തില്‍ ഉടുമുണ്ടു തേടി അലമാര തിരഞ്ഞ ഉപ്പുചാക്കിന്റെ കൈ തട്ടി പെര്‍ഫ്യൂം കുപ്പി മറിഞ്ഞു വീണതും, കണവനെ കാത്തു കാത്തിരുന്ന് ഉറങ്ങിപോയ പുതുപ്പെണ്ണ് ഞെട്ടിയുണര്‍ന്നു.

...അരണ്ട വെളിച്ചത്തില്‍ വി.ഐ.പി അഡ്രാവി മാത്രമിട്ടു നില്‍ക്കുന്ന ഒരു രൂപം....

90 ഡെസിബലിലുള്ള ഒരു അലര്‍ച്ച ആ വീടിനെ പിടിച്ചു കുലുക്കി.

മണിയറയ്ക്കുമുമ്പില്‍ തടിച്ചു കൂടിയ വീട്ടുകാര്‍ക്കിടയിലേക്ക് പുതപ്പും ഉടുത്ത് ഇറങ്ങി വന്ന ഉപ്പുചാക്കിനെയും മരുമകളെയും കണ്ട് തിരിഞ്ഞു നടക്കുമ്പോള്‍ അമ്മ അപ്പനോട് പറഞ്ഞത്രേ


“നിങ്ങടെ മോന്‍ തന്നെ!”


-------
ലൊക്കേഷനില്‍ ഇല്ലാതിരുന്നിട്ടുകൂടി കാര്യങ്ങള്‍ ഇത്രയും വിശദമായി നിങ്ങള്‍ക്കെത്തിക്കാന്‍ എന്നെ സഹായിച്ച ഉപ്പുചാക്കിന്റെ അളിയന് റൊമ്പ നന്ദ്രി. സഹായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു