Saturday, September 13, 2008

പോക്കറ്റില്ലാത്ത ലുങ്കിയും ഓണ ഫ്രൈഡ് റൈസും

സ്ഥലം: ഡാലസിലെ ഹോംവുഡ് സ്യൂട്ട്സ്. റൂം 101

വിഐപി ബനിയനും ലുങ്കിയും ധരിച്ച ഒരു യുവ കോമളാംഗന്‍ തന്നെ സന്ദര്‍ശിക്കുവാന്‍ വന്ന സുഹൃത്തിനെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരുന്നു. പുറത്തിറങ്ങി കൈ വീശീ ടാറ്റ കൊടുക്കുന്നു.

((((( ഠപ്പ് ))))) വാതില്‍ വന്നടഞ്ഞു. ഒരു നിമിഷം വാതില്‍ തുറക്കാനുള്ള സ്വൈപ്പിങ്ങ് കാര്‍ഡിനായി പോക്കറ്റിന്റെ സ്ഥാനത്തേക്ക് ആ ചെറുപ്പക്കാരന്റെ കൈ നീളുന്നു. ലുങ്കിക്ക് എവിടെ പോക്കറ്റ്?

ഒരു മിന്നായം പോലെ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ചില ദൃശ്യങ്ങള്‍ മനസില്‍ മിന്നിമാഞ്ഞു. ഇനി ആളെ മനസിലാകാതെ ഇവരെങ്ങാനും പിടിച്ചു പുറത്താക്കിയാല്‍ എങ്ങനെ നാട്ടില്‍ പോകും? എത്രകാലം തെണ്ടേണ്ടിവരും വിമാനക്കൂലി ഉണ്ടാക്കാന്‍? വിമാനക്കൂലി ഉണ്ടാക്കിയാല്‍ തന്നെ പാസ്പോര്‍ട്ടില്ലാതെ എങ്ങിനെ പോകും?


ചിന്തകള്‍ കാടുകയറിക്കൊണ്ടിരിക്കുമ്പോഴാണൊരു “ഹൈ” വിളീ. ഷീ‍ലയെ പോലെ കണ്ണിണകള്‍ വെട്ടിച്ച് തിരിഞ്ഞു നോക്കി. തൊട്ടടുത്ത റൂമിലെ ആലീസ് സ്ട്രോ. അപ്പ‍ന് സ്ട്രോ കച്ചവടമായിരുന്നോ എന്നു പലതവണ ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അന്യരാജ്യമല്ലേ എന്നു കരുതി ചോദിച്ചില്ല.


“ഹൈ”

“വാട്ട് ഹാപ്പെന്‍ഡ് മാന്‍.”

“എന്തിറ്റാവാനാ ഈ പണ്ടാറവാതില്‍ ലോക്കായി. തൊറക്കനുള്ള കീ ഉള്ളിലാ. ഞാന്‍ എന്തിട്ടാ ചെയ്യാ.“

“നോ പ്രോബ്ലം. കം വിത്ത് മി”

മുന്നില്‍ മദാമ്മകുട്ടി, തൊട്ടുപിന്നില്‍ ഈയുള്ളവനും കിരീടത്തില്‍ മോഹന്‍ലാലിന്റെ പുറകില്‍ കൊച്ചിന്‍‌ഹനീഫ നടക്കുന്നതുപോലെ ഹോട്ടല്‍ റിസ്പ്ഷനിലേക്ക് തിരിച്ചു. ഒരു കത്തീടെ കുറവേ ഉണ്ടായിരുന്നുള്ളൂ.

“ഈസ് ദിസ് ഇന്ത്യന്‍ സ്റ്റൈല്‍” മുണ്ടിലേക്ക് നോട്ടമിട്ട് സ്ട്രോ ചോദിച്കു.

“നോ നോ ദിസ് ഈസ് കേരളാ സ്റ്റൈല്‍. മൈ നേറ്റീവ് പ്ലേസ്. ഫുള്‍ ഗ്രീനറി. വെരി നൈസ് പ്ലേസ്. ബാക്ക് വാട്ടര്‍, ഹൌസ് ബോട്ട്, ആയുര്‍വേദാ..ലൈക്ക് ദാറ്റ് എവരിതിങ്ങ് ഈസ് ദെര്‍” എന്നിലെ മലയാളി ഉണര്‍ന്നു.

മുണ്ട് മടക്കികുത്തി.

“സീ..വി സം ടൈം ടു ലൈക്ക് ദിസ് ആള്‍സോ. വെരി കം‌ഫര്‍ട്ടബിള്‍. വെരി ഗുഡ് എയര്‍ ഫ്ലോ”

“വൌ”


എന്നും കാണുമ്പോള്‍ വിഷ് ചെയ്യാറുള്ള റിസ്പ്ഷനിലേ ചേച്ചി അന്നുമാത്രം വിഷ് ചെയ്തില്ല, മാത്രമല്ല തുറിച്ചു നോക്കുകയും ചെയ്തു. എന്തായാലും പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്ത് തന്നു.


കാ‍ലചക്രം പിന്നെയും കറങ്ങി. ഒരു വര്‍ഷം കടന്നു പോയി.


സെപ്റ്റംബര്‍ 12 ബാംഗ്ലൂര്‍: ഓണപ്പുലരി

സഹമുറിയന്‍മാര്‍ ഓണമായി നാട്ടില്‍. എഴുന്നേറ്റപ്പോള്‍ ഒമ്പതുമണി. സകല കലാപരിപാടികളും കഴിഞ്ഞപ്പോള്‍ പത്തുമണി. ഉഡുപ്പി പാര്‍ക്കില്‍ പോയാല്‍ ബ്രേക്ക് ഫാസ്റ്റ് കിട്ടുമെങ്കിലും തിപ്പസാന്ദ്ര “ഗ്രാനീസില്‍ നൂറ്റമ്പതു രൂപ കൊടുത്തു ബുക്ക് ചെയ്ത ഓണസദ്യ മുതലിപ്പിക്കണമല്ലോ എന്നൊരു ചിന്ത അബോധമനസില്‍ന്റെ അകത്തളങ്ങളില്‍ ഉണ്ടായിരുനതിനാല്‍ ബ്രേക്ക്ഫാസ്റ്റ് രണ്ടു ബിസ്കറ്റിലും കട്ടന്‍ചായയിലും ഒതുക്കി.

കുറേ ബ്ലോഗുകളില്‍ കയറി അനോണികമെന്റിട്ടു ബോറഡിച്ചപ്പോള്‍ ശുദ്ധവായു ശ്വസിക്കാനായി പുറത്തുകടന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് “മുംഗാരു മളെ” എന്ന സിനിമയിലെ ഒരു മെലഡി കേള്‍ക്കാം. അതില്‍ ലയിച്ചു നിന്നു. ഒരു മന്ദമാരുതന്‍ എന്നെ തഴുകി വീ‍ട്ടിനുള്ളില്‍ കയറി.

((((( ഠപ്പ് ))))) എങ്കയോ കേട്ട ശബ്ദം. ഓര്‍മ്മകള്‍ ഒരു വര്‍ഷം പിറകോട്ടു പോയി. കൈകള്‍ താക്കോലിനായി പോക്കറ്റിന്റെ ഭാഗത്തേക്ക്. ലുങ്കിക്ക് എവിടെ പോക്കറ്റ്?

ഓടി ഹൌസ് ഓണറൂടെ വീട്ടീലേക്ക്. കന്നട ദൈവം രാജ്കുമാറിന്റെ സിനിമയില്‍‍ ലയിച്ചിരിക്കുകയാണ് കക്ഷി. ഒന്നു മുരടനക്കി. ക്രൂരമാ‍യി നോക്കിയിട്ട് എഴുന്നേറ്റ് പുറത്തുവന്നു. വിനയകുനീതനായി വന്നകാര്യം ഉണര്‍ത്തിച്ചു.

“വാതില്‍ അടഞ്ഞു പോയി. താക്കോല്‍ ഇല്ല. കയ്യില്‍ നയാ പൈസയില്ല. ആകെയുള്ളത് ഈയൊരു ഷര്‍ട്ടും ലുങ്കിയും മാത്രം. സഹമുറിയന്‍മാര്‍ അടുത്ത ആഴ്ച്കയേ വരൂ. വേറേ താക്കോല്‍ ഉണ്ടെങ്കില്‍ തന്നു സഹായിക്കണം”

ദയനീയ ഭാവം കണ്ടു മനസലിഞ്ഞിട്ടായിരിക്കണം, “നോഡ്തീനീ” എന്നു പറഞ്ഞ് വീ‍ട്ടിനുള്ളില്‍ കയറി പോയി. പ്രസവ വാര്‍ഡിനു മുന്നില്‍ ടെന്‍ഷനടിച്ചു ഉലാത്തുന്ന ഭര്‍ത്താക്കന്‍മാരെ പോലെ അങ്ങേരുടെ വീടിനു മുന്നില്‍ ഉലാത്തിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് അങ്ങേര് പുറത്തിറങ്ങി വന്നു. മുഖഭാവത്തില്‍ നിന്ന് കിട്ടിയില്ലാ എന്നതു വ്യക്തം.

“നീവു ഇല്ലി കുത്കൊളി. നാനു ഒന്തു കെലസാ മാഡ്തീനീ” ന്നു പറഞ്ഞ് അങ്ങേര് ആശാരിക്ക് ഫോണ്‍ ചെയ്തു. ഞാന്‍ ചുമ്മാ വാച്ചില്‍ നോക്കി. സമയം പന്ത്രണ്ടര. ചെറുതായിട്ട് വിശന്നു തുടങ്ങി

ഓണറുടെ വീട്ടില്‍ ആശാരി വന്നപ്പോള്‍ സമയം ഒരു മണി. അവിടന്ന് താ‍മസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ഒന്നേകാല്‍. വാതില്‍ തുറന്നപ്പോള്‍ സമയം രണ്ടുമണി. അങ്ങേരുടെ കണക്ക് സെറ്റില്‍ ചെയ്ത് പറഞ്ഞയച്ചപ്പോഴേക്കും രണ്ടേ കാല്‍. ഗ്രാനീസില്‍ എത്തിയപ്പോള്‍ സമയം രണ്ടര.

നോക്കുമ്പോള്‍ ബോര്‍ഡ്: സദ്യ ഓവര്‍. ഓണസദ്യ ബുക്കു ചെയ്ത് ലേറ്റായി എത്തിയ ചിലര്‍ ബഹളം വയ്ക്കുന്നു. വിശന്നിട്ടു കണ്ണുകാണുന്നില്ല. കാലത്തുകണ്ട കണീയെന്തായിരുന്നെന്നാലോചിച്ചോണ്ട് ഉടുപ്പീ പാര്‍ക്കിലോട്ടു വിട്ടു. ഒരു ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. ഫോണ്‍ ചിലക്കുന്നു. അനിയത്തിയാണ്.

“ചേട്ടാ സദ്യ കഴിച്ചോ? ഞങ്ങളെല്ലാരും കഴിച്ചു. ഇപ്രാവശ്യത്തെ പാലട കലക്കാനാരുന്നു. എന്തൊരു രസമാ”

“ഉവ്വോ..അപ്പോ പാലട വച്ചത് നിയല്ലാലേ. ഞാനേ പിന്നെ വിളിക്കാം ഇവിടെ പതിനാലു കൂട്ടം കറി കൂടി സദ്യ കഴിച്ചോണ്ടിരിക്കുവാ..എന്റെ കോണ്‍സണ്ട്രേഷന്‍ കളയല്ലേടീ‍“ ഫോണ്‍ കട്ടു ചെയ്തു.പാഠം: ലുങ്കിക്ക് പോക്കറ്റ് വയ്ക്കുക