Thursday, January 3, 2008

ഒരു യാത്ര

ചറപറാന്നുള്ള മഴയും ഒടുക്കത്തെ തണുപ്പും. എവിടങ്ങാണ്ട് ന്യൂനമര്‍ദ്ദമാണെന്നും പറഞ്ഞാ ഈ മഴ. ഓഫീസില്‍ നിന്നും ഇറങ്ങുമ്പോ നൂലുപോലുണ്ടായിരുന്ന മഴ ഇപ്പോ നല്ല ശക്തമായി. അതോടോപ്പം തന്നെ റോഡിലെ തിരക്കും. മഴ പെയ്ത് കണ്ണാടിപോലെ കിടക്കുന്ന എയര്‍പ്പോര്‍ട്ട് റോഡിലൂടെ നിരങ്ങി നീങ്ങാന്‍ എന്തിനീ നൂറ്റമ്പത് സി സി വണ്ടി എന്നൊരു നിമിഷം ചിന്തിച്ചു. അന്നേ അച്ഛന്‍ പറഞ്ഞതാ ഒരു സൈക്കിള്‍ വാങ്ങാന്‍..കേട്ടില്ല അനുഭവിച്ചോ..

റൂമില്‍ എത്തുമ്പോഴേക്കും നനഞ്ഞു കുതിര്‍ന്നു. ജീന്‍സ് പിഴിഞ്ഞാല്‍ നാലംഗങ്ങളുള്ള കുടുംബത്തിനു ഒരു ദിവസത്തേക്ക് ആവശ്യമുള്ള വെള്ളം കിട്ടും. മറ്റു ജീന്‍സെല്ലാം നാട്ടില്‍ പോകുമ്പോ കഴുകാനായി പാക്കു ചെയ്തിരുന്നു. ആകെയുള്ളത് “പൂത്തു”ലഞ്ഞു കിടക്കുന്ന ഒരു നരച്ച ജീന്‍സു മാത്രം. ഉപയോഗിച്ചു നരച്ചതൊന്നുമല്ല..വേടിച്ചപ്പോഴേ അങ്ങനെയാ...

ഒന്നൊന്നരമാസത്തെ അഴുക്കു തുണികള്‍ നിറഞ്ഞ ബാഗെടുത്ത് തോളിലിട്ടു. വീട്ടില്‍ പോയിട്ടു വേണം കഴുകാന്‍. വാതില്‍ പൂട്ടി പുറത്തിറങ്ങി. മഴ അപ്പോഴും ചാറിക്കൊണ്ടിരിക്കുന്നു.

എയര്‍പ്പോര്‍ട്ട് റോഡ് നിറഞ്ഞ് വണ്ടികള്‍...വളരെ മന്ദഗതിയില്‍..ഒരൊറ്റ ഓട്ടോ പോലും നിര്‍ത്തുന്നില്ല.

“ഹലോ മഡിവാ‍ള”

“20 റുപ്പീസ് എക്സ്ട്രാ ബേക്കു”

“നൊ 20 റുപ്പീസ് ...ഒണ്‍ലി മീറ്റര്‍ ചാര്‍ജ്ജ്”

“ഒക്കെ സാര്‍..കുത്കൊളി”

മുക്കാല്‍ മണിക്കുറോണ്ടു മഡിവാളയില്‍ എത്തി. മീറ്ററില്‍ അറുപതു രൂപ. നൂറിന്റെ നോട്ടു കൊടുത്തപ്പോള്‍ ഇരുപതു രൂപ തിരിച്ചു തന്നു. കണക്കു ക്ലാസില്‍ പോകാത്ത ചേട്ടനാണെന്നു വിചാരിച്ച് ബാക്കി നാല്‍പ്പതു രൂപ തരാന്‍ പറഞ്ഞു.

ചോദിച്ചപ്പോ എന്റെ ശബ്ദം കുറച്ചു കൂടിപോയതാണോ, അതോ അങ്ങേരുടെ ചെവിക്ക് സെന്‍സിറ്റിവിറ്റി കൂടുതലായതാണോ എന്നറിഞ്ഞൂടാ..“ഹോയ്“ എന്നും പറഞ്ഞ് അങ്ങേര് പതുക്കെ എഴുന്നേറ്റു. താന്‍ മുടിഞ്ഞു പോകുമെടോ..തന്റെ ഓട്ടോയില്‍ ലുഫ്ത്താന്‍സയുടെ ഫുഡ് കൊണ്ടുപോകുന്ന വണ്ടിയിടിക്കുമെടോ എന്നൊക്കെ ശപിച്ച് അവിടന്നു സ്ഥലം കാലിയാക്കി.

ആറരയുടെ ബസ് കൃത്യമാ‍യി ഒരു മണിക്കുര്‍ വൈകി ഏഴരക്കു തന്നെ എത്തി. എയര്‍ ബസ്സാന്നൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തപ്പോ പറഞ്ഞെങ്കിലും വരണ വരവുകണ്ടാല്‍ ചരക്കുമായി വരുന്നു തമിഴന്‍ വണ്ടിയുടെ ചേല്. മുകളില്‍ മുഴുവന്‍ ലോഡ്.
വാതില്‍ തുറന്നതോടെ എല്ലാവരും അവിടെ തടിച്ചു കൂടി തിരക്കാക്കി. അല്ലേലും എവിടെപോയാലും നമ്മളിങ്ങനൊക്കെതന്നെയാലേ?

സീറ്റ് നമ്പര്‍ പത്ത്. വിന്‍ഡോ സീറ്റ്. സഹസീറ്റില്‍ ഒരു ചേച്ചി. പക്ഷേ വണ്ണം കുറവായോണ്ട് ഒന്നര സീ‍റ്റിലായാ ഇരിക്കുന്നേ. ചുരുക്കി പറഞ്ഞാല്‍ എനിക്ക് അരസീറ്റ് മാത്രം. ഇനി രാത്രി ഉറക്കത്തിലെങ്ങാനും ഈ സൈഡിലോട്ടു ചാരിയാല്‍ പാണ്ടി ലോറി കേറിയ തവളേടെ അവസ്ഥയാകും

“ആര്‍ക്കെങ്കിലും ഒരു ലേഡീസ് സീറ്റ് വേണോ”

ചോദിക്കേണ്ട താ‍മസം തൊട്ടു പുറകിലുള്ള സീറ്റിലേ പെണ്‍കൊടി ചാടിയെഴുന്നേറ്റു.

“താങ്ക്സ് .. ഐ വാസ് ഫീലിങ്ങ് വെരി അണ്‍കം‌ഫോര്‍ട്ടബിള്‍”

“ഓ താങ്ക്‍സ് ഒന്നും വേണ്ടാ. ഇനിയെങ്കിലും മലയാളിയോട് മലയാളത്തില്‍ തന്നെ ഒന്നു സംസാരിച്ചാല്‍ മതി“

ഒരു സഹായം ചെയ്ത് മനഃസംതൃപ്തിയില്‍ പെണ്‍കൊടിയുടെ സീറ്റില്‍ ചെന്നിരുന്നു. സഹസീറ്റന്‍ മിസ്റ്റര്‍ മസില്‍കുമാര്‍ എന്നെ ക്രൂരമായി നോക്കി. എന്തായിരുന്നു ആ ക്രൂരമായ നോട്ടത്തിന്റെ മീനിങ്ങ്? ഞാനെന്തു തെറ്റാ ചെയ്തേ?

സീറ്റിലിരുന്നു ഷൂസ് അഴിച്ച്, എം പിത്രി പ്ലേയര്‍ ഓണാക്കി. ഇയര്‍ ഫോണ്‍ ഫിറ്റു ചെയ്തു. ഹാന്‍ഡ് റെസ്റ്റില്‍ കൈവയ്ക്കാന്‍ നോക്കിയിട്ടു മസില്‍ ചേട്ടന്‍ സ്ഥലം തരുന്നില്ല. കുറേ നേരം തിക്കി നോക്കി..നോ രക്ഷ..ഞാനാരാ മോന്‍... ഹാന്‍ഡ് റെസ്റ്റില്ലാതെയും പോകാന്‍ എനിക്കറിയാം...

എട്ടു മണിക്കു ബസ്സ് പുറപ്പെട്ടു. സാദാരണ വൈകീട്ട് എട്ടുമണിക്കു പുറപ്പെട്ടാല്‍ ഒരു ഏഴര-എട്ടു മണിക്ക് ചാലക്കുടി എത്താറുണ്ട്. ഏഴുമണി ഉണരാന്‍ പാകത്തില്‍ അലറാം വെച്ചു. സ്ഥിരമായി ഒമ്പതു മണിക്ക് എഴുന്നേല്‍ക്കുന്നോര്‍ക്ക് അലാറമില്ലാതെ പറ്റില്ല.


ട്രിങ്ങ്...ട്രിങ്ങ്...ടിങ്ങ്..ട്രിങ്ങ്..

ഏഴുമണി..കണ്ണു തിരുമ്മി പുറത്തോട്ടു നോക്കി..കുറച്ച് അപരിചിതമായ വഴികള്‍..ദേ ഒരു ബോര്‍ഡ്.

വെല്‍ക്കം ടു പനമ്പിള്ളി നഗര്‍..

“ചേട്ട്‌സ് ചാലക്കുടി കഴിഞ്ഞോ”..

“അതു കഴിഞ്ഞിട്ട് ഒരു അരമണിക്കുറായി”

അയ്യോ..ചാടി ഓടി മുന്നിലെത്തി. ഡ്രൈവര്‍ ചേട്ടാ ഡ്രൈവര്‍ ചേട്ടാ..എന്റെ സ്റ്റോപ്പ് കഴിഞ്ഞുപോയി ഒന്നു തിരിച്ചു കൊണ്ടുവിടുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തിനാ വെളുപ്പാന്‍ കാലത്തു തന്നെ നല്ല നാടന്‍ തെറി കേള്‍ക്കുന്നേ.

കാര്യം പറഞ്ഞപ്പോ അടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കാമെന്നു പറഞ്ഞു.പാതി ഉറക്കത്തില്‍ നില്‍ക്കുന്ന എനിക്ക് എവിടെ ഇറങ്ങിയാല്‍ എന്ത്. അവസാ‍നം അത്താണിയില്‍ നിര്‍ത്തിതന്നു. നന്ദിയോടെ ആ മുഖത്തേക്കു നോക്കിയിട്ട് ബസ്റ്റോപ്പിലേക്ക് നടന്നു. പിന്നെയൊരു പ്രയാണമായിരുന്നു ഒരു തൃശൂര്‍ ഫാസ്റ്റില്‍ കയറി ചാലക്കുടിയിലേക്ക്. പിന്നെ അവിടെ നിന്ന് ഒരു ഓട്ടോയില്‍ വീട്ടിലേക്കും.

എന്താണ്ടൊക്കെ കബി നഹി ഘദം ഹോ ജാത്തീ ഹേ.....