Friday, April 9, 2010

ഭദ്രകാളീ കാവിലേക്ക് - 2

ഭാഗം ഒന്ന് ഇവിടെ

ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് ദേവദത്തന്‍ കണ്ണുതുറന്നത്. ഒരു വശത്തിരുന്ന് ബ്രഹ്മന്‍ നമ്പൂതിരിപ്പാട് വ്രണങ്ങളില്‍ പച്ചിലമരുന്നുകള്‍ ചതച്ച് കെട്ടുന്നു. ദേവന്‍ കണ്ണു തുറക്കുന്നത് കണ്ട് ബ്രഹ്മന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തെ നോക്കി മന്ദഹസിച്ചു.

താനിപ്പോഴും മരിച്ചിട്ടില്ല എന്നതും ബ്രഹ്മന്‍ നമ്പൂതിരിപ്പാടിന്റെ മരുന്നുപുരയില്‍ താനെങ്ങനെ എത്തി എന്നതും ദേവദത്തനെ അതിശയിപ്പിച്ചു. നീരു വന്നു വീര്‍ത്ത ഇടതു കാലിലെ ലേപനത്തില്‍ നിന്നും ബഹിര്‍ഗമിച്ച ഗന്ധം തികച്ചും മനം പുരട്ടിക്കുന്നു

ഞാന്‍ എങ്ങനെ?...

ദേവാ എല്ലാം ഞാന്‍ പറഞ്ഞു തരാം..ഇപ്പോള്‍ നീ സ്വസ്ഥമായി ഉറങ്ങൂ.

===================================================================


യുക്തിവാദി സംഘം ജില്ലാതല പ്രസിഡന്റ് ഹരിപ്രസാദ് ടൌണില്‍ നിന്ന തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇന്നും വളരെ വൈകിയിരിക്കുന്നു. ടൌണില്‍ നിന്നുള്ള അവസാന ബസ്സ്. ഇതും കൂടി കിട്ടിയില്ലായിരുന്നെങ്കില്‍ ഇന്നും ആ വൃത്തികെട്ട ലോഡ്ജ് തന്നെ ആശ്രയിക്കേണ്ടി വന്നേനെ.

പ്രസ് ക്ലബില്‍ നടന്നതെല്ലാം ആലോചിച്ചപ്പോള്‍ ഹരിയുടെ ചുണ്ടില്‍ ചിരിപൊട്ടി. സിദ്ധനാണെന്നു പറഞ്ഞ വന്നവന്റെ പപ്പും പൂടയും വരെ പറിച്ചെടുത്തു. കുറച്ചു കണ്‍കെട്ടു വിദ്യകള്‍ പഠിച്ചാ‍ല്‍ സിദ്ധനാകാമെന്നാണ് എല്ലാ‍വരുടെയും വിചാരം എന്നു തോന്നുന്നു. പക്ഷേ അയാളെ അത്രയ്ക്കും പരിഹസിക്കേണ്ടിയിരുന്നില്ല. നിറഞ്ഞ കണ്ണുകളോടെയാണ് അയാള്‍ അവിടെ നിന്നും ഇറങ്ങിയത്. പോകുമ്പോള്‍ ഒരു നിമിഷത്തേക്ക് തന്റെ നേരെ തിരിഞ്ഞു നോക്കിയിരുന്നു. എന്തായിരുന്നു ആ കണ്ണുകളിലെ ഭാവം? ദൈന്യതയോ അതോ രൌദ്ര്യമോ?

പുറത്തേയ്ക്ക് ഏന്തി നോക്കി. കുറ്റാകൂരിരുട്ട്. താഴേക്കാട് ആല്‍ത്തറ എത്തുമ്പോള്‍ വിളിക്കണമെന്ന് ഒരിക്കല്‍ കൂടി കണ്ടക്ടറെ ഓര്‍മ്മിപ്പിച്ചു.


ആല്‍ത്തറ സ്റ്റോപ്പില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു. വഴി വിജനമായിരുന്നു. കറുത്തവാവിനെ തോല്‍പ്പിക്കുമാറ് കനത്ത ഇരുട്ട്. നക്ഷത്രങ്ങള്‍ ഒന്നു പോലുമില്ലാത്ത ആകാശം. ഒരിലപോലും അനങ്ങുന്നില്ല. രാമേട്ടന്റെ കടയുടെ അവശിഷ്ടങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ ഹരി ഒരു നിമിഷം അദ്ദേഹത്തെ കുറിച്ചോര്‍ത്തു . കടയുടെ കഴുക്കോലില്‍ തൂങ്ങിയാടുന്ന ശരീരം ഇപ്പോഴും ഓര്‍മ്മയുണ്ട്. അപമൃത്യു ആണെന്ന് ചില അന്ധവിശ്വാസികള്‍ പറയുന്നുണ്ടെങ്കിലും അതൊരു ആത്മഹത്യയായി മാത്രമേ തനിക്കു തോന്നുന്നുള്ളു. പക്ഷേ ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് കാര്യമാണ് രാമേട്ടനുണ്ടായിരുന്നത്?

വീണ്ടും മുന്നോട്ടു നടന്നു. വല്ലച്ചിറ കഴിഞ്ഞപ്പോള്‍ അകലെ വീട്ടില്‍ നിന്ന് വെളിച്ചം കണ്ടു തുടങ്ങി. രാത്രിയേറെ ആയിട്ടും ഇപ്പോഴും തന്നെ കാത്തിരിക്കുകയാണ് പാവം അമ്മ.

ഒരിളം കാറ്റ് ഹരിയെ തഴുകിയൊഴുകി പോയി. കാറ്റിന്റെ രൌദ്ര്യം ഏറിയതും ആരോ എടുത്തെറിഞ്ഞ പോലെ ചിറപൊക്കത്തെ മഹാഗണി കടയോടെ പുഴകി വഴിക്കു കുറുകെ വീണതും നിമിഷങ്ങള്‍ കൊണ്ടു കഴിഞ്ഞു.

ആകാശത്ത് നക്ഷത്രങ്ങള്‍ വിരിയുന്നതും പാലപ്പൂവിന്റെ മണം അന്തരീക്ഷത്തില്‍ നിറയുന്നതു ഹരി അറിഞ്ഞു. മറിഞ്ഞു കിടക്കുന്ന മഹാഗണിയുടെ പുറകില്‍ നിന്നും രക്തപങ്കിലമായ രണ്ടു കണ്ണുകള്‍ തെളിഞ്ഞു വന്നു .

“‘ദൈവമേ, രക്ഷിക്കണേ “

ജീവിതത്തില്‍ ആദ്യമായി ദൈവത്തെ വിളിച്ചപേക്ഷിച്ചു കൊണ്ട് വീടു ലക്ഷ്യമാക്കി ഓടി.

ആല്‍മരത്തിലെ ഓരോ ഇലയെയും പ്രകമ്പനം കൊള്ളിക്കുമാറ്, ക്രൂരമായൊരു അട്ടഹാസം അന്തരീക്ഷത്തില്‍ മുഴങ്ങി.


തുടരും

6 comments:

കൂതറHashimܓ said...

ആദ്യ ഭാഗത്തിന്റെ അത്രക്ക് ഇഷ്ട്ടായില്ലാ..

nandakumar said...

കൊള്ളാം, യുക്തിവാദവും മിക്സ് ചെയ്തിട്ടുണ്ടോ? ആദ്യഭാഗത്തിനേക്കാള്‍ പിരിമുറുക്കമുണ്ട്. രണ്ടു ഒരുമിച്ച് ചേര്‍ത്ത് ഒറ്റഭാഗമാക്കാമായിരുന്നു.കുറച്ചു കൂടി നീളത്തിലുള്ള പോസ്റ്റാക്കു

jayanEvoor said...

ഉം....

ബാ‍ക്കി വരട്ടെ...
അഭിപ്രായം ഒടുവിൽ പറയാം!

Sherlock said...

ഹാഷിം, നന്നാക്കാന്‍ ശ്രമിക്കാം..

നന്ദേട്ട്സ്, ആക്കാമായിരുന്നു..ഇനി നോക്കാം

ജയന്‍ ഏവൂര്‍, ശരി :)

കടത്തനാടൻ said...

ഇതിന്റെ ബാക്കിക്കായി മൂന്നു വർഷമായി കാത്തിരിക്കുന്നു

സുധി അറയ്ക്കൽ said...

ഹാപ്പി കാത്തിരിക്കൽസ്‌.