Monday, December 14, 2009

ഗെറ്റ് ഔട്ട് സ്കൂള്‍

“ഹെയ് വിശാല്‍ കമോണ്‍ ....ഗെറ്റ് ഡൌണ്‍..ഗുഡ് ബോയ്..ദി ഈസ് യുവര്‍ സ്കൂള്‍.. ഹൌ ഈസ് ഇറ്റ്?“

“നല്ലാരുക്ക് അമ്മാ”

“വിശാല്‍ ഐ ടോള്‍ഡ് യു.. ഡോണ്ട് സ്പീക്ക് ദാറ്റ് ലാങ്ഗേജ്ജ്”

“സോറി അമ്മാ”

“നോ സോറി മമ്മി...ടെല്‍”
ഇത് സ്കൂള്‍ പ്രവേശനങ്ങളുടെ(ഒന്നാം ക്ലാസ്)സമയമാണ്. ബാംഗ്ലൂരിലെ പ്രശസ്തമായ വിദ്യാലയങ്ങളുടെ മുമ്പിലെല്ലാം വാഹനങ്ങളുടെ നീണ്ട വരി കാണാം. വാഹനങ്ങളില്‍ പിള്ളേര്‍സുമായി ഇറങ്ങുന്ന മാതാപിതാക്കള്‍... അവരുടെ മുഖത്തുള്ള ടെന്‍ഷന്‍... കുട്ടികളുടെ ടെന്‍ഷന്‍... അഡ്മിഷന്‍ കിട്ടാതെ മക്കളെ ചീ‍ത്ത പറഞ്ഞ് പുറത്തേക്കു വരുന്നവര്‍. എത്രയെത്ര കാഴ്ചകള്‍..

ഇത്രയും പറയാന്‍ കാരണം ഒരു സുഹൃത്തിന്റെ മകനു സ്കൂള്‍ പ്രവേശനത്തിനു ഇന്റര്‍വ്യൂ (ഭയങ്കരം) ഇന്നായിരുന്നു. പക്ഷേ അഡ്മിഷന്‍ കിട്ടിയില്ല. കാരണം ഇംഗ്ലീഷിനു സ്റ്റാന്‍ഡേര്‍ഡ് പോരത്രേ. അപ്പോ പിന്നെ സ്കൂളില്‍ എന്തര് പഠിപ്പിക്കണ് പുള്ളേ എന്നു ചോദിക്കാര്‍ന്നില്ലേന്നു ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. ചന്തീലെ ചോപ്പു മാറാത്ത ഇത്തിക്കോളം പോന്ന പിള്ളേര്‍സിനോടു “കൌണ്ട് ഫ്രം വണ്‍ ടു ഹണ്ട്രഡ്”, “ടെല്‍ എബൌട്ട് യുവര്‍സെല്ഫ്”, “ഹു ഈസ് ടെക്സാസ് ഗവര്‍ണര്‍“ എന്നൊക്കെ ചോദിച്ചാല്‍ വണ്ടറിടിച്ച് നില്‍ക്കുകയെ വഴിയുള്ളൂ..

ഇവിടെ ചില സ്കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടണമെങ്കില്‍ മാതാപിതാക്കള്‍ മാസ്റ്റേര്‍സ് ആയിരിക്കണമത്രേ?. മാതൃഭാഷ സ്കൂളില്‍ മാത്രമല്ല, വീട്ടിലും പറയാന്‍ പാടില്ല. മാതൃഭാഷ അറിയാതെ നമ്മുടെ സംസ്കാരം എങ്ങനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയും എന്നുള്ളത് ചിന്തനീയമാണ്.

ഇത്തരം വിദ്യാലയങ്ങളുടെ ഉദ്ദേശ്യശുദ്ധി വളരെ വ്യക്തമാണ്. കുട്ടികളെ ഫില്‍റ്റര്‍ ചെയ്തെടുക്കുക. അതുവഴി വിജയം നൂറുശതമാനം എന്നത് എല്ലാവര്‍ഷവും ആവര്‍ത്തിക്കുക..പ്രശസ്തമാകുക. ഡൊണേഷന്‍ കൂട്ടുക.. ദാറ്റ്സ് ആള്‍.

ഡൊണേഷന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വെറും ഒരു ലക്ഷം. പിന്നെ ട്യൂഷ്യന്‍ ഫീസ്..ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ്...ടൈ ടേബിള്‍ ഫീസ്..എന്നുവേണ്ട കണ്ടതിനൊക്കെ ഫീസ്..

എന്തായാലും ഒരു കാര്യത്തില്‍ സമാധാനമുണ്ട്. സ്കൂളുകളില്‍ പിള്ളാര്‍ക്ക് മാത്രമെ ഇന്റര്‍വ്യൂ ഉള്ളൂ. മാതാപിതാക്കള്‍ക്ക് ഇല്ല. അതെങ്ങാനും ഉണ്ടെങ്കില്‍ ന്റെ പിള്ളാര്‍ക്ക് ഈ ജന്മത്ത് സ്കൂളില്‍ അഡ്മിഷന്‍ കിട്ടൂല്ല. മാത്രമല്ല എന്റെ ഇംഗ്ലീഷ് കേട്ട് ചിലപ്പോ വെടിവെച്ചു കൊന്നേക്കാനും സാധ്യത ഇല്ലാതില്ല.

Wednesday, November 25, 2009

ഉപ്പുചാക്ക് ചരിതം - ഫാഗം 3

ഭാഗം ഒന്ന് ഇവിടെയും, രണ്ട് ഇവിടെയും വായിക്കാംഎന്നത്തെയും പോലെ ആ ഞായറാഴ്ച്കയും ബാംഗ്ലൂര്‍ നഗരത്തില്‍ ഏകദേശം ആറുമണിയോടെ പ്രഭാതം പൊട്ടി വിടര്‍ന്നു. പിന്നെയും ആറുമണിക്കൂര്‍ കഴിഞ്ഞാണ് നിദ്രാ ദേവി ഞങ്ങളെ വിട്ടൊഴിഞ്ഞു പോയത്.

ഉഡുപ്പി പാര്‍ക്കില്‍ നിന്ന് മസാല ദോശ കഴിച്ചശേഷം എതിര്‍വശത്തുള്ള ടോട്ടല്‍ മാളിലെ സന്ദര്‍ശകരെ കടക്കണ്ണാല്‍ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉപ്പുചാക്ക് ആ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.. “വരൂ നമുക്ക് ബ്രിഗേഡില്‍ പോയി രാപാര്‍ക്കാം”

വിരസമായ ജീവിതത്തെ ഒന്നു ഉല്ലാസപ്രദമാക്കാം എന്നുള്ളത്കൊണ്ട് മാത്രം ഞങ്ങള്‍ ബ്രിഗേഡ് റോഡ് ലക്ഷ്യമാക്കി യാത്രയായി.

ദൊം‌ലൂര്‍ വച്ചാണ് ഹോണ്ട ആക്ടീവയില്‍ ഒരു സൌന്ദര്യധാമം ഞങ്ങളുടെ മുന്നില്‍ വന്നു കയറിയത്. അതുവരെ പുറകിലിരുന്ന് കോട്ടുവായിട്ടു കൊണ്ടിരുന്ന ഉപ്പുചാക്ക് ഹോണ്ട ആക്ടീവ കണ്ടതും കാക്കയുടെ ശബ്ദം കേട്ട തള്ളകോഴിയെപോലെ പെടുന്നനെ ആക്ടീവ് ആകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. മാത്രമല്ല പുറകില്‍ നിന്ന് ഇടക്കിടെ വന്നിരുന്ന “വേഗം വിട്രാ... വിട്രാ ശവീ” എന്ന പ്രയോഗങ്ങള്‍ അവസാനിക്കുകയും ചെയ്തു.


ട്രിനിറ്റി സര്‍ക്കിള്‍ കഴിഞ്ഞ് വലത്തോട്ടുള്ള തിരിയാനായി ടേണ്‍ ഇന്റിക്കേറ്റര്‍ ഇട്ട് മുന്നോട്ടു നീങ്ങിയ സൌന്ദര്യധാമം മെടോ റെയില്‍ പണിമൂലം വലത്തോട്ടുള്ള വഴി അടച്ച വിവരം മനസിലാക്കിയത് അവിടെ എത്തിയശേഷമായിരുന്നു... പെട്ടെന്നുള്ള ബ്രേക്കിങ്ങില്‍ ധാമം ആക്ടീവയില്‍ നിന്നും ഉരുണ്ടു പിരണ്ട് വീണു. ധാമം വലത്തോട്ടു പൊയ്ക്കോളും എന്നുള്ള ധാരണയില്‍ പിന്നാലെ കത്തിച്ച് വന്നിരുന്ന ഞാന്‍ പെട്ടെന്നാണ് ഡൈവ് ചെയ്യുന്ന ധാമത്തെ കണ്ടത്. ബ്രേക്ക് ആഞ്ഞു ചവിട്ടി...റോഡില്‍ ഉരഞ്ഞു ശബ്ദമുണ്ടാക്കി നീങ്ങിയ ബൈക്ക് ധാമത്തിന്റെ വാഹനത്തെ ഇടിച്ചു മറിഞ്ഞു.

എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു...കൈമുട്ടില്‍ നല്ല നീറ്റല്‍...ചെറുതായി ബ്ലഡ് വരുന്നുണ്ട്.. “ചോരകണ്ടതല്ലേ.. ഇപ്രാവശ്യം ഞാന്‍ കേറി മുട്ടും മോനേ“ വേദനക്കിടയിലും ഞാന്‍ ആത്മഗതിച്ചു. ആസ് യൂഷ്വല്‍ ഉപ്പ് ചാക്ക് പൊടി തട്ടി എഴുന്നേറ്റു. എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പതിവു പോലെ ചക്കച്ചുള കണ്ട ഈച്ച പോലെ ചുറ്റും ആള്‍ നിറഞ്ഞു.

എന്തു മനോഹരമായ സീന്‍. വീണുകിടക്കുന്ന സുന്ദരി. അവളെ ഇടിച്ചു തെറിപ്പിച്ച കശ്മലന്മാര്‍. ഈ ഭാഗത്താണ് നമ്മുടെ ഹീറോയുടെ രംഗപ്രവേശം.

നടുക്കു വകച്ചിലെടുത്ത മുടി , വലതു ചെവിയില്‍ വളച്ചിട്ടിരിക്കുന്ന തുരുമ്പു പിടിച്ച കമ്പി,കയ്യിലെ മസില്‍ കാണിക്കാന്‍ പാകത്തിലുള്ള ടീഷര്‍ട്ട്, പിന്നെ ദിപ്പ ഊരിപോകും എന്ന മട്ടിലുള്ള ജീന്‍സ്.. (വേണേല്‍ ഇവിടെ ഒരു സ്ലോ മോഷനു വകുപ്പുണ്ട്).

വന്ന പാടെ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ചു.. പിന്നെ കന്നഡയില്‍ എന്തരോ പുലമ്പി. മനസിലാക്കിയടത്തോളം ഞാന്‍ ധാമത്തെ ഇടിച്ചു തെറിപ്പിച്ചു എന്നാണ് ഈ ക്ണാപ്പനും ചുറ്റും കൂടി നില്‍ക്കുന്ന ക്ണാപ്പന്‍മാരും മനസിലാക്കിയിരിക്കുന്നത്.

“ടാ കോപ്പെ..കാര്യം അറിയാതെ ഒരു ജാതി കൊണഷ്ട് വര്‍ത്താന്‍ പറയല്ലേടാ പുല്ലേ” എന്നു പറയണമെന്നുണ്ടായിരുന്നു. എന്തു ചെയ്യാം കാ‍ലമിത്രയായിട്ടും കന്നഡ ഭാഷയില്‍ ബ്ബ ബ്ബ ബ്ബ. ഇംഗ്ലീഷില്‍ പറഞ്ഞിട്ടാണേല്‍ ആ “കന്നഡ മോനു“ മനസിലാകുന്നുമില്ല. അവസാനം മുറി കന്നഡയിലൂടെയും ആംഗ്യങ്ങളിലൂടെയും അഭിനയിത്തിലൂടെയും അവരെ കാര്യം പറഞ്ഞു മനസിലാക്കുന്നതില്‍ ഞാന്‍ വിജയം കൈവരിച്ചു. എന്നില്‍ ഒരു അഭിനേതാവ് ഒളിച്ചിരിപ്പുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാനന്നു മനസിലാക്കി.

എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ ഉപ്പു ചാക്കിനായി ഞാന്‍ ചുറ്റും കണ്ണോടിച്ചു

ശൂന്യ..ശൂന്യ.. ഉപ്പുചാക്കുമില്ല...ധാമവുമില്ല...ഹോണ്ട ആക്ടീവയുമില്ല.

ഫോണ്‍ വിളിച്ചിട്ടാണേല്‍ അവന്‍ എടുക്കുന്നുമില്ല. വേദനിക്കുന്ന കൈമുട്ടും വച്ച് തിരിച്ച് വണ്ടിയോടിച്ചു. വീട്ടിലെത്തി മുറിവു കഴുകി മരുന്നൊക്കെ വച്ച് വിശ്രമിക്കുമ്പോഴാണ് ഉപ്പു ചാക്കിന്റെ ഫോണ്‍ വന്നത്

“ ടാ.. ഞാനിപ്പോ സി.എം.എച്ച് ഹോസ്പിറ്റലിലാ...നിന്നെ അവരു ചോദ്യം ചെയ്യുന്ന സമയത്ത് ഞാന്‍ പോയി അവളുടെ വണ്ടിയൊക്കെ സ്റ്റാന്‍ഡിലാക്കി. പിന്നെ ഞാന്‍ തന്നെ നിര്‍ബ്ബന്ധിച്ച് ഇങ്ങോട്ടു കൊണ്ടുവന്നു. ഇപ്പോള്‍ മുറിവൊക്കെ ഡ്രെസ് ചെയ്തോണ്ടിരിക്കുവാ.. നിനക്കൊന്നും പറ്റിയില്ലല്ലോ...ഞാന്‍ എന്തായാലും വരാന്‍ വൈകുന്നേരമാകും..അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കണം.. ഇന്നു കഞ്ഞി വേണ്ട”

നന്ദി കൂട്ടുകാരാ നന്ദി... അവസരം മുതലാക്കുന്നതില്‍ നിന്നെ മറികടക്കാന്‍ ഈ അണ്ഡ കടാഹത്തില്‍ വേറൊരാളില്ല മഗാ.....( തൊടരും)

Saturday, September 5, 2009

ഉപ്പുചാക്കും ബൈക്കും പിന്നെ ഞാനും

ഉച്ചക്ക്, തിപ്പസാന്ദ്ര മോട്ടിസില്‍ നിന്ന് ഇഡ്ഡലി വലുപ്പമുള്ള പകുതിവെന്ത ചോറും പിടഞ്ഞോണ്ടിരിക്കുമ്പം ഫ്രൈ ചെയ്ത പോലുള്ള(ആ ഷെയ്പ്പാണു)നല്ല ഫ്രഷ് മത്തീം കഴിച്ച് വലിച്ചൂനീട്ടിയൊരു ഏമ്പക്കവും വിട്ട് 80 കിലോ വരുന്ന ഒരു ഉപ്പു ചാക്കും ബൈക്കില്‍ വലിച്ചു കേറ്റി ഓഫീസിലേക്കു തിരിച്ചു. ഇടക്കിടക്ക് ഉപ്പ് ചാക്കിരുന്ന് ഇളകി എന്റെ ബാലന്‍സ് തെറ്റിക്കുന്നുണ്ടായിരുന്നു. വയറുനിറച്ച് ഭക്ഷണം കുത്തിയിറക്കിയതല്ലേ...ഗ്യാസിന്റെ പ്രോബ്ളമായിരിക്കും എന്നൊക്കെ വിചാരിച്ച് ഞാന്‍ ക്ഷമിച്ചു.

സുരഞ്ജന്‍ ദാസ് റോഡില്‍ നല്ല തിരക്ക്. ഫസ്റ്റ് ഗിയറിലിട്ട് എടുക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ടോര്‍ക്കില്‍‍ ബാക്കിലുള്ള ഉപ്പുചാക്കിന്റെ കുടവയറ് വന്നെന്നെ ഇടിച്ചു താഴേക്കിടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സി വി രാമന്‍ നഗര്‍ റോഡിലേക്ക് പ്രവേശിച്ചതോടെ തിരക്കൊഴിഞ്ഞു. നല്ല വിശാലമായ റോഡ്. ദശാവതാരത്തിലെ “കാ കറുപ്പാനുക്കും” മൂളിക്കൊണ്ട് ആക്സിലറേറ്റര്‍ തിരിച്ചു..സ്പീഡ് കൂടി കൂടി വന്നു...60 - 70 - 75 - 80 ... സി വി രാമന്റെ പ്രതിമയുടെ അടുത്തുള്ള റൌണ്ടില്‍ വണ്ടി തിരിക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ സ്പീഡ് ഉണ്ടായിരുന്നെന്നു തോന്നുന്നു. ഡണ്‍ലപ്പിന്റെ പുതിയ 20 ഇഞ്ച് ടയറാണു ബാക്കിലെന്ന വിശ്വാസത്തില്‍ നല്ലപോലെ ചരിഞ്ഞ് വളവു തിരിഞ്ഞു.

ഇനിയുള്ളത് “ലോക്കിങ്ങ് ഡാന്‍സു“ പോലെയെ ഓര്‍മ്മയുള്ളൂ. കണ്ട്രോള്‍ പോയ ഞാന്‍/ബൈക്ക്...ശൂന്യാകാശ സഞ്ചാരികളെ പോലെ എയറില്‍ നില്‍ക്കുന്ന ഞാന്‍...തെറിച്ചു വീണ് ഉരുണ്ടു പിരണ്ടു പോകുന്ന ഞാന്‍...നിലത്തുവീണ് ഉരഞ്ഞ് തീപ്പൊരി പാറിച്ചോണ്ട് പോകുന്ന ബൈക്ക്.....പൊട്ടിച്ചിതറുന്ന മിററുകളുടെ ശബ്ദം...

എല്ലാം ഒന്നു ശാന്തമാകുന്നതുവരെ ഭൂമിദേവിയെ സാഷ്ടാംഗം നമസ്കരിച്ച് കിടന്നു. കുറച്ചു കഴിഞ്ഞ്, ഉറങ്ങുന്നതു പോലെ കിടന്ന് പെട്ടെന്നെന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോള്‍ തലപൊക്കി നോക്കുന്ന വിശ്വസ്തനായ ശ്വാനനേ പോലെ ഞാന്‍ തല ഉയര്‍ത്തി. ദോണ്ടേ അപ്പുറത്ത് നമ്മുടെ ഉപ്പുചാക്കു നിന്ന് മേല് പറ്റിയ പൊടിയൊക്കെ തട്ടിക്കളയുന്നു...ഒന്നു എഴുന്നേല്‍ക്കാന്‍ നോക്കി. വലതുകാല്‍ മുട്ട് ഭയങ്കര വേദന...അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒന്നു നോക്കിയപ്പോഴേക്കും ഉണ്ടായിരുന്ന ബോധം കൂടി പോയി. പിന്നെ റിസര്‍വിലുണ്ടായിരുന്ന കുറച്ച് ബോധം എടുത്ത് വീണ്ടും നോക്കി. ചുവന്ന ജീന്‍സ്..അവിടെം ഇവിടേം ഒക്കെ കീറിയിട്ടുണ്ട്. ഇതെപ്പ വേടിച്ച്? ഇതേത് ഫാഷന്‍? പിന്നെ മനസിലായി രക്തമാണെന്ന്..

ചക്കചുളയില്‍ ഈച്ച വന്നപോലെ പെട്ടെന്നാണു ആളുകൂടിയത്..കാണാന്‍ വര്‍ണ്ണാഭമായ കാഴ്ച്ചയാണല്ലോ.. അപ്പോഴേക്കും രണ്ടുപേര് ബൈക്കെടുത്ത് റോഡ് സൈഡിലേക്ക് മാറ്റി.രണ്ടുപേര്‍ വന്നു തൂക്കി എന്നെയും സൈഡാക്കി. ഞാന്‍ ബോധം കെടണോ അതോ വേണ്ടയോ എന്നൊക്കെ ആലോചിച്ചോണ്ടിരുന്നു. ഉപ്പുചാക്കാണേല്‍ കൈയ്യിലേ ഒരു പോറലും പൊക്കി പിടിച്ച് അവിടുള്ളോരോട് എല്ലാം വിസ്തരിച്ചോണ്ടിരിക്കുന്നു.

കാലുമ്മേ നോക്കിയാല്‍ കരച്ചില്‍ വരും..ഒടിഞ്ഞു എന്നുള്ളത് നൂറു ശതമാനം...നിലത്ത് കുത്താനും വയ്യ പൊക്കാനും വയ്യ..ഇനി എത്ര നാള്‍ പ്ലാസ്റ്ററിട്ട് കിടക്കണം..അങ്ങനെ വരുകാണേല്‍ നാട്ടില്‍ പോകാം..ഫ്ലൈറ്റില്‍ പോണോ അതോ ട്രെയിനില്‍ പോണോ..ഒരു മാസം എന്താ‍യാലും മെഡിക്കല്‍ ലീവ് എടുക്കാം..ഇനി ഒരു മാസം കഴിയുമ്പോള്‍ ശരിയായിട്ടില്ലാന്നു പറഞ്ഞ് വീ‍ണ്ടും ലീവ് നീട്ടാം...മനോരാജ്യം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു.

അപ്പോഴേക്കും നമ്മുടെ ഉപ്പ് ചാക്ക് വേറോരു സുഹൃത്തിനെ വിളിച്ച് കാറും പൈസയുമായി വരാന്‍ പറഞ്ഞു. ഞങ്ങളെ റോഡ് സൈഡിലിരുത്തി എല്ലാ‍വരും പിരിഞ്ഞു. കടുത്തവേദനയിലും വായിനോട്ടത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഇടക്കിടക്ക് ചിലരെല്ലാം വന്ന് വഴി ചോയിച്ചോണ്ടിരുന്നു. ശവങ്ങള്‍ക്ക് കണ്ണില്ലേ? ഇവിടൊരുത്തന്‍ ചോരയൊലിപ്പിച്ചിരി‍ക്കുന്നത് കണ്ടൂടേ? കുറച്ചു കഴിഞ്ഞപ്പോള്‍ ആ വഴിക്ക് ഒരു സഹപ്രവര്‍ത്തകന്‍ വരുന്നു..

“എന്താണിഷ്ടാ? ചോറും കഴിച്ച് നടക്കാനിറങ്ങിയതാണോ” അങ്ങേരുടെ ചോദ്യം

“എന്റെ ഗഢീ ദേ..ലങ്ങട് നോക്ക്” ബൈക്ക് ചൂണ്ടി “ദേ ദിങ്ങട് നോക്ക്” മുട്ടു ചൂണ്ടി .

“ഓ മൈ ഗോഡ്..വാട്ടീസ് ദിസ് മാന്‍..അപകടം കണ്ടതോടെ അങ്ങേര് മലയാളം മറന്നു.

“ഗഢീ ദിസ് ഈസ് മൈ പൊട്ടിയ മുട്ട്...ദാറ്റീസ് മൈ ബൈക്ക്” ദേഷ്യം പരിഹാസമായി ബഹിര്‍ഗമിച്ചു..മുട്ടില്‍ നിന്ന് ചോരയും...

അപ്പോഴേക്കം കാര്‍ സുഹൃത്ത് കാറുമായെത്തി. ചാക്കുകെട്ടും സഹയും ചേര്‍ന്നെന്നെ കാറില്‍ ലോഡ് ചെയ്തു.

“മണിപ്പാലീല്‍ പൂവാലേ?” കാര്‍ സുഹൃത്ത് ചോയിച്ചു

“എന്റെ ഗഢീ..ഞാന്‍ നിനക്കിതുവരെ ഉപദ്രവൊന്നും ചെയ്തട്ടില്ലില്ലോ. പിന്നെന്തിനാ മണിപ്പാല്?..പനിപിടിച്ച് പോയോനെ രണ്ടു ദിവസം നിരീക്ഷണത്തില്‍ വച്ച ടീമുകളാ..നിരീക്ഷണം മാത്രമല്ല...ചെസ്റ്റ് എക്സറേ, ലിവര്‍ സ്കാന്‍ പിന്നെ ഒരു തുള്ളി ബ്ലഡ് കിട്ട്യാ അതുവച്ച് ചെയ്യാന്‍ പറ്റുന്ന എല്ലാ ടെസ്റ്റുകളും നടത്തി, മൂന്നാം ദിവസം പാരസെറ്റമോള്‍ എഴുതിതന്നതും കൂടെ 9000 രൂപേടെ ബില്ലു നീട്ടിയതും അതുകണ്ട് പനി കൂടിതും ഒന്നും മറക്കാന്‍ പറ്റില്ല. നീ സി. എം .എച്ചിലേക്ക് വിടടെ”

സി. എം .എച്ചിലെത്തി. ഞാനും വീല്‍ ചെയറിലും ഉപ്പു ചാക്കു നടന്നും ക്വാഷ്വാലിറ്റിയില്‍ കയറി. ചെന്നപാടെ ഉപ്പ് ചാക്ക് വിളിച്ചു പറഞ്ഞു “വി ഹാഡ് ആന്‍ ആക്സിഡന്റ്”. തൊലഞ്ഞു..വീണൂന്നു പറഞ്ഞാല്‍ പോരേ.

ഹെഡ് നഴ്ശിന്റെ വക കൊസ്റ്റ്യന്‍ ചെയ്യല്‍. ആക്സിഡന്റ് എപ്പോള്‍ എവിടെ? ആര് ആരെ ഇടിച്ചു?

“അയ്യോ സിസ്റ്ററേ ആരും ആരേം ഇടിച്ചിട്ടില്ല. ഞങ്ങള് ആരുടെയും പ്രേരണയില്‍ വീണതല്ല..സ്വന്തമായി വീണതാ“

“ഷുവര്‍”

“ഷുവര്‍ ഷുവര്‍”

ബെഡ്ഡില്‍ കേറ്റി കിടത്തി ഡോക്ടര്‍ വന്ന് അവിടെം ഇവിടെം ഒക്കെ ഞെക്കി വേദന ഉണ്ടോന്നു ചോദിച്ചു. ഞെക്കുന്നതിന്റെ ഫോഴ്സ് കുറഞ്ഞതാ‍ണോ അതോ ഞെക്കുന്നതിനേക്കാള്‍ വേദന മുമ്പേ ഉള്ളതിനാലാണോ, ഒന്നും തോന്നിയില്ല. പൊട്ടിയ സ്തലത്ത് എന്തോ സ്പ്രേ അടിച്ചതും..സ്വര്‍ഗ്ഗം കണ്ടതും ഇപ്പഴും നല്ല ഓര്‍മ്മ.

ഉപ്പുചാക്കിനു ടെറ്റനസ് ഇഞ്ചകഷന്‍ കൊടുക്കാന്‍ ചെന്നതും പാന്റ് പകുതി ഊരി ബെഡ്ഡില്‍ കേറി കമിഴ്ന്നു കിടന്നു. ഇഞ്ചക്ഷന്‍ എടുക്കാന്‍ വന്ന സിസ്റ്റര്‍ കയ്യിലെടുത്താല്‍ മതിയെന്നു പറഞ്ഞപ്പോള്‍ ഉപ്പു ചാക്കിന്റെ മുഖത്തുണ്ടായ ഭാവമാറ്റം...ഹോ...ഈ ജന്മത്തില്‍ അവനെ ഒതുക്കാന്‍ ഈയൊരു സംഭവം മാത്രം മതി..ദൈവമായിട്ടാണ് ഇതെനിക്ക് കാണിച്ചുതന്നത് :)

തിരിച്ചും മറിച്ചും കാലു പരിശോധിച്ച ഡോക്ടര്‍ നെറ്റി ചുളിച്ച് എന്തോ ആലോചിച്ച് വേഗം എക്സറേ എടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ” ഒടിഞ്ഞു മച്ചാ”

പക്ഷേ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞാനും ഒപ്പം ഡോക്ടറും അത്ഭുതപ്പെട്ടുപോയി. അതുവരെ വീല്‍ ചെയറീന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിച്ചോണ്ട് ഡോക്ടര്‍ പറയുവാ

“നോ ഫ്രാക്ചര്‍ മേന്‍...യു ക്യാന്‍ ഗെറ്റ് ബാക്ക് ടു യുവര്‍ വര്‍ക്ക്”. സത്യമായും ഫീലിങ്ങ്സ് ആയിപോയി...


വാല്‍ക്കഷണം :ഇപ്പോ ചില ശ‌വങ്ങള്‍ ഞാന്‍ വീണ സ്ഥലത്തിന് പുതിയ പേരിട്ടിരിക്കുന്നു - “ജിഹേഷ് കോര്‍ണ്ണര്‍” ന്ന് :(

3870

Wednesday, August 5, 2009

ചൊറയായി മീറ്റ്

ആദ്യമായി ചെറായി മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. ഇനിയും ഇത്തരത്തിലുള്ള സൌഹൃദകൂട്ടായമകള്‍ ഉണ്ടാകണം.

ഇനി എന്റെ മനസിലെ ചില സംശയങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പലരുമായും സംസാരിച്ചതില്‍ നിന്ന് ഈ സംശയങ്ങള്‍ എനിക്കുമാത്രമുള്ളതല്ലാ എന്നാണറിയാന്‍ കഴിഞ്ഞത്. തുറന്നു പറയാനുള്ള മടികൊണ്ടും, പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നൊക്കെ കരുതുന്ന ഒട്ടേറെ പേര്‍ ഇവിടെയുണ്ട്. ഇത് മീറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ഒരു പോസ്റ്റല്ല, മറിച്ച് മീറ്റിനെകുറിച്ചു മാത്രമുള്ള പോസ്റ്റുകളെ കൊണ്ട് അഗ്രിഗേറ്ററുകള്‍ നിറഞ്ഞു തുളുമ്പുന്നതു കാണുമ്പോഴുള്ള വിഷമം കൊണ്ട് പോസ്റ്റു ചെയ്യുന്നതാണ്.
മലയാളം ബ്ലോഗിങ്ങെന്നാല്‍ കുറെ ഈറ്റും മീറ്റുമാണോ എന്നു ഞാന്‍ സംശയിച്ചു പോകുന്നു. കഴിഞ്ഞ് കുറെ ആഴ്ച്ചകളായി അഗ്രിഗേറ്റര്‍ തുറന്നാല്‍ കാണുന്ന ഏകവാക്കാണ് “ചെറാ‍യി“ . വെറും ഒരു ബ്ലോഗേര്‍സ് മീറ്റിന്റെ പോസ്റ്റുകള്‍ മറ്റു പോസ്റ്റുകളെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ. ഒരു പുതിയ ബ്ലോഗറുടെ കാഴ്ച്ചപ്പാടില്‍ കുറെ ഈറ്റും മീറ്റും അതിനെക്കുറിച്ചുള്ള പോസ്റ്റുകളുമാണ് മലയാളം ബ്ലോഗിങ്ങ്.ഇതിനു മുമ്പും ഇവിടെ പല ബ്ലോഗേര്‍സ് മീറ്റ് നടന്നിട്ടുണ്ട്. അതൊന്നും ഇങ്ങനെ കൊട്ടിഘോഷിച്ചിട്ടില്ല. ചെറായി മീറ്റിനെക്കുറിച്ചുള്ള ഒരു പോസ്റ്റിലെ കമന്റ് ശ്രദ്ധിക്കുക

അഭിനന്ദനങ്ങള്‍.... ചെറായിയെ ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.... ആശയ ധ്രുവീകരണങ്ങള്‍ക്ക് അപ്പുറം പരസ്പരം സ്നേഹത്തിന്റെ നൂലുകളാല്‍ ബന്ധിച്ചിടുവാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ചെറായി മീറ്റ് പ്രേരണ നല്‍കുമെന്നത് ഉറപ്പ്....

ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമാക്കാന്‍ മാത്രം എന്താണ് അവിടെ സംഭവിച്ചതെന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കു പിടികിട്ടിയില്ല. എന്റെ തലയ്ക്കകത്ത് ഒന്നുമില്ല എന്നത് വേറെ കാര്യം

അവിടെ വന്നതിന്റെ ആകെയൊരു ഗുണം കാണാന്‍ ആഗ്രഹിച്ചിരുന്ന ചിലരെ കാണാന്‍ സാധിച്ചു എന്നതു തന്നെയാണ്. പോങ്ങുമൂടന്‍, ചിത്രകാരന്‍, സജീവേട്ടന്‍, സുല്‍ തുടങ്ങിയവരെ. മുടിയും ദീക്ഷയുമൊക്കെ വളര്‍ത്തി പൈജാമയും മുണ്ടുമൊക്കെ ഉടുത്ത് ഒരു തുണി സഞ്ചിയുമായി നില്‍ക്കുന്ന ഒരു രൂപമാണ് ചിത്രകാരനെക്കുറിച്ച് എന്റെ മനസില്‍ ഉണ്ടായിരുന്നത്. അതുമാറിക്കിട്ടി. പരസ്പര സ്നേഹത്തിന്റെ നൂലുകള്‍ ഒന്നും അവിടെ കണ്ടെത്താ‍നായില്ല എന്നത് എന്റെ കഴിവില്ലായ്മയായിരിക്കാം

ഇനിയെങ്കിലും ഇതിനെ ക്കുറിച്ചുള്ള പൊസ്റ്റുകള്‍ക്ക് വിരാമമിടുക. സത്യമായും ചെറായി മീറ്റ് ചൊറയായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മലയാളം ബ്ലോഗിങ്ങിന്റെ സുവര്‍ണ്ണകാലഘട്ടം നഷ്ടപ്പെട്ടു എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. 2006-2007 കാ‍ലഘട്ടത്തില്‍ അഗ്രിഗേറ്ററുകളിലെ ഓരോ ലിങ്കും ക്ലിക്കി എത്തുന്നത് വായനയുടെ ഒരു ലോകത്തേയ്ക്കായിരുന്നു. ഒരിക്കല്‍ പോലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. പഴയ പ്രതിഭകള്‍ അപ്രത്യക്ഷമായതും പുതിയ പ്രതിഭകളുടെ അഭാവവും ശരിക്കും ഫീല്‍ ചെയ്യുന്നു.വീണ്ടും വീണ്ടും വായിക്കാന്‍ പ്രലോഭിപ്പിക്കുന്ന കാമ്പുള്ള പോസ്റ്റുകള്‍ കൊണ്ട് അഗ്രിഗേറ്ററുകളെ
നിങ്ങള്‍ വീര്‍പ്പുമുട്ടിക്കുക എന്നുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.


വാല്‍ക്കഷണം: ജുലൈ 26 ചെറായിയില്‍ സംഭവിച്ചത്

1: ഹലോ
2: ഹലോ

1: ഞാന്‍ -- എന്ന ബ്ലോഗറാണ്. ഒരു മാസമേ ആയിട്ടുള്ളൂ ബ്ലോഗറായിട്ട്
2: ഞാന്‍ വിശാലമനസ്ക്കന്‍. കൊടകരയാണ് വീട്

1: പക്ഷേ എനിക്കോര്‍മ്മയുള്ള മുഖം ഇതുപോലെയല്ലല്ലോ?
2: അതു ഞാന്‍ തലയില്‍ ആ ചുവന്ന മുണ്ടിട്ടതുകൊണ്ട് തോന്നുന്നതാ

1: പരിചയപ്പെട്ടതില്‍ സന്തോഷം... ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കാം
2: ശരി ചുള്ളന്‍..