Saturday, October 11, 2014

ചില ഉന്മാദ ചിന്തകൾ


വിരൽ നഖങ്ങളുടെ നിസ്സാര വളർച്ച പോലും വല്ലാത്തൊരു അസ്വസ്ഥതയാണു തരുന്നത്. അതുകൊണ്ടു തന്നെയാണ് പഴ്സിൽ എപ്പോഴും ഒരു ബ്ലേഡ് കരുതുന്നതും.

തിളങ്ങുന്ന സൂ‍പ്പർ മാക്സ് ബ്ലേഡ് നഖത്തിനും തൊലിക്കുമിടയ്ക്കായി ചേർത്ത് വെച്ച് ഒട്ടുമേ രക്തം ചിന്താതെ അരിഞ്ഞ് അരിഞ്ഞ് എടുക്കുന്ന് ജോലി അത്രയധികം വൈദഗ്ധ്യം നിറഞ്ഞതാണ്. ഒരു നിമിഷത്തേ അശ്രദ്ധ കൈകളെ കീറിമുറിക്കും.രക്തം ചീറ്റിയൊഴുകും..നാം പരിഭ്രാന്തരായേക്കും.ഒരു പക്ഷേ രക്തം കണ്ട് മോഹാത്സ്യപ്പെടാനും രക്തസ്രാവം വഴി മരണപ്പെടാനും സാധ്യത ഉണ്ട്. പറഞ്ഞു വരുന്നത് യുദ്ധമേഖലയിൽ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരന്റെ അതേ അവസ്ഥയിലായിക്കും നാമപ്പോൾ..

എങ്കിലും ബ്ലേഡ് കൊണ്ടുള്ള നഖഛേദനം തരുന്ന ഉന്മാദം വല്ലാത്തതാണ്. ഓരോ തവണയും വെട്ടിക്കഴിയുമ്പോൾ ഞാൻ എന്റെ വിജയത്തിൽ സ്വയമേ ഒന്നു അഹങ്കരിക്കും.എൻഡോർഫിൻ ശരീരത്തിൽ നിറഞ്ഞൊഴുകും. ആഹ്ലാദത്തിന്റെ ഉത്തമശൃംഗത്തിൽ വിരാജിക്കും..ഹോ‍ാ

പലരും ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇത്രയും ചേർത്ത് നഖം വെട്ടുന്നതെന്ന്. അഴുക്കു നിറഞ്ഞ് അസുഖം പിടിക്കില്ലെന്നത് ഒരു കാര്യം.പക്ഷേ മനസ്സിന്റെ മനോനിലയിൽ നഖഛേദനത്തിനുള്ള പങ്കിനെക്കുറിച്ച് ഞാൻ പറഞ്ഞാൽ നിങ്ങൾ ചിരിച്ചേക്കും പക്ഷേ സത്യമതാണ്..

നീണ്ട നഖവുമായി ടൈപ്പു ചെയ്യുമ്പോൾ കീ ബോർഡിൽ കുത്തിക്കൊള്ളുന്ന നഖങ്ങളുടെ വേദന തലയിൽ സൃഷ്ടിക്കുന്ന പെരുപ്പായാണ് സംഗതികളുടെ തുടക്കം.

നഖങ്ങൾക്കു നീളം കൂടുന്നതോടെ ഭ്രാന്തമായ ഒരു ആവേശം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്തും വലിച്ചു കീറാനും മാന്തിപ്പൊളിക്കാനുമുള്ള ആവേശം..മുഖത്തിന്റെ ആകൃതി മാറുന്നതായും ദ്രംഷ്ടകൾ രൂപപ്പെടുന്നതായും തോന്നുന്നതായി പറഞ്ഞാൽ അതിൽ തികച്ചും അതിശയോക്തിയില്ല. വാൽ മുളയ്ക്കുന്നതും ഏകദേശം ആ സമയത്താണ്. പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിച്ച് അത് മറച്ചുവയ്ക്കാനുള്ള എന്റെ ശ്രമം തീർത്തും ശ്രമകരമാണെന്നതും അതേ സമയം തന്നെ അഭിനന്ദനാർഹമാണെന്നും നിങ്ങൾ മനസ്സിലാക്കണം. നടക്കുന്ന രീതി പോലും മാറിപ്പോകുന്നു. സമൂഹം പരിഹസിച്ചില്ലായിരുന്നെങ്കിൽ നാലുകാലിൽ നടന്നേനെ.

നഖഛേദനം നടന്നില്ലെങ്കിൽ കൂടി സമൂഹമാണെന്നെ ഒരു മനുഷ്യജീവിയുടെ സ്വഭാവ സവിശേഷതകളുമായി മുന്നോട്ടു പോകാൻ സഹായിക്കുന്നത്...

അമ്പരപ്പിക്കുന്ന ഒരു വസ്തുത ചെറുവിരൽ നഖങ്ങൾക്കാണ് മറ്റുള്ളവയെ അപേക്ഷിച്ച് വളർച്ച കൂടുതൽ. മറ്റുള്ളവരെക്കാൾ ചെറുതാണെന്നൊരു കോമ്പ്ലെക്സിൽ നിന്ന് ഉടലെടുത്തതാവാം.എയും ക്യൂവും പ്രസ് ചെയ്യുമ്പോൾ വല്ലാത്തൊരു അസ്വസ്ഥ്ത തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒന്നു വെട്ടിയിട്ടു വരാം

4 comments:

ശ്രീ said...

ശരി, ശരി... വൈകിക്കണ്ട. വേഗം പോയി വെട്ടിക്കോ...
:)

ചെറുത്* said...

ബ്ലേഡുകൊണ്ട് നഖം വെട്ടുന്നവൻ പട്ടാളക്കാരനാണേൽ അടക്കാകത്തികൊണ്ടും, വെട്ടരിവാൾകൊണ്ടും നഖം ചെത്തികളയുന്നവർ ആരായിരിക്കും? ചാവേറുകളൊ!!
ചെറുതിൻറെ അപ്പൂപ്പൻ നഖം വെട്ടിയിരുന്നത് അങ്ങനൊക്കെ ആയിരുന്നു :)

Sudheesh Arackal said...

താങ്കളുടെ എല്ല പോസ്റ്റുകളും വായിച്ചു.
ഇനിയും എഴുതു.
കഴിഞ്ഞ പോസ്റ്റിൽ മറ്റൊരാളോടു താങ്കൾ ഇപ്പൊളും ബ്ലോഗ്‌ വായിക്കാറുണ്ടോ എന്നു ചോദിച്ചത്‌ കണ്ടു.

manu said...

enjoyed reading this one too. keep going :)