Saturday, October 11, 2014

ഒരു പേരിലെന്തിരിക്കുന്നു കാര്യം?..

ഒരു പേരിലെന്തിരിക്കുന്നു കാര്യം?..


1. ഗൺഫ്യൂഷൻ ഗൺഫ്യൂഷൻ:

അപ്പന്റെം അമ്മേടേം പേരിന്റെ അക്ഷരങ്ങൾ ചേർത്ത് പേരിടുന്ന ഒരു പരുപാടി പണ്ടുണ്ടായിരുന്നു. അങ്ങനാണ് എല്ലാവരും തെറ്റി “ഗണേഷ് (Ga-ne-sh)“,
“ഗഹേഷ്(Ga-he-sh)” എന്നൊക്കെ വിളിക്കുന്ന “ജിഹേഷ് (Ge-he-sh)” എന്ന പേര് രൂഫപ്പെട്ടത്.

അമ്മേടെ “ജ“യും അപ്പന്റെ “ഹ”യും പിന്നെ ഒരു കാലത്തെ കോമൺ സഫിക്സായ “ഷ്”ഉം ചേർത്ത് ജിഹേഷ്. മലയാളത്തിൽ കുഴപ്പമില്ലെങ്കിലും ഇംഗ്ലീഷിൽ Ge-he-sh എന്നെഴുതുന്നത് പകുതി പേരും Ganesh എന്നാണു വായിക്കുക. ഗ്യാസ് കണക്ഷന്റെ ബുക്കിൽ Ga-ne-sh എന്നെഴുതിയത് തിരുത്തിക്കിട്ടാൻ പെട്ട പാട്.!!! നടന്ന് നടന്ന് രണ്ടു ചെരുപ്പ് തേഞ്ഞു.
വോട്ടർ ഐഡി കാർഡിൽ വന്നപ്പോൾ Ji-he-sh. അതും മാറ്റി.

വണ്ടി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ ഒരു നൂറു തവണ പറഞ്ഞു സ്പെല്ലിങ്ങ് തെറ്റിക്കരുതെന്ന്. തഥൈവ.
ഇതൊക്കെ തിരുത്താൻ ഇനിയും ഈ ജീവിതം ബാക്കി....

2. മത ഭ്രാന്തമാരുടെ ഇടയിൽ:
കന്നട പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ.ദക്ഷിണ വെയ്ക്കാൻ പറഞ്ഞു..10 ക്ലാസിനു1500 രൂഫ. വരമൊഴി സ്വന്തമായി പഠിച്ചിരുന്നതിനാൽ വാമൊഴിയായിരുന്നു മെയിൻ ടോപ്പിക്ക്. ഗുരുവിന് പഠിപ്പിക്കുന്നതിനേക്കാൾ താല്പര്യം മറ്റു മതസ്ഥരെ കുറ്റം പറയൽ.ജിഹേഷിന്റെ പേരിൽ നിന്നും മതം തിരിച്ചറിയാൻ കഴിയാതിരുന്ന പ്യാവം ഗുരു അറിഞ്ഞിരുന്നില്ല തന്റെ ശിഷ്യന്റെ മതത്തെയാണ് കുറ്റം പറയുന്നതെന്ന്. ജിഹേഷ് മതഭ്രാന്തനല്ലാത്തതിനാൽ ഗുരു രക്ഷപ്പെട്ടു.

ബാംഗ്ലൂർ നഗരത്തിൽ ഒരു സ്ഥലം വേടിക്കാൻ നടന്ന് കണ്ട് ഇഷ്ടപ്പെട്ട് വിലപേശി ഉറപ്പിച്ച് വെരിഫിക്കേഷനു ഡോക്യുമെന്റ്സ് എല്ലാം കൈപറ്റി അവസാനം ജിഹേഷിന്റെ മതം തിരിച്ചറിയുന്ന ഡെവലപ്പർ “തന്റെ മതക്കാർക്ക് കൊടുക്കില്ലടോ” എന്നു പറഞ്ഞ് കാർക്കിച്ചു തുപ്പുന്നു. എങ്കിൽ എന്റെ സുഹൃത്തിനെകൊണ്ട് വാങ്ങിപ്പിച്ച് പിന്നീട് ഞാൻ വേടിച്ചാലോ എന്നായി ഞാൻ. നിന്നെയിവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നു അങ്ങേരും..സ്ഥിതിഗതികൾ വഷളാകുന്നതിനുമുമ്പ് ഞാൻ സ്കൂട്ടായി.

3. അർത്ഥം:
അർത്ഥം ചോദിക്കുന്നവരോട് ബ്ബ ബ്ബ ബ്ബ അടിക്കുന്ന ഒരു കാലമുണ്ടായിരുന്നു ജിഹേഷിന്. പിന്നെ കഷ്ടപ്പെട്ടു കണ്ടു പിടിച്ചു
ജിഹേഷ് = ജിഹ്വ+ഈഷ് (‌ഈശ്വരൻ). അതായത് നാക്കിന്റെ ഈശ്വരൻ... അന്തമാതിരി ഒരു ഈശ്വരൻ ഇരുക്കാ ഇല്ലയാ... തെരിയാത് തമ്പീ‍ീ‍ീ..

അതുകൊണ്ടു തന്നെയാണ് മകൾക്ക് പേരിടുമ്പോൾ
1. അർത്ഥം നന്നായിരിക്കണം
2. അധികം കേൾക്കാത്ത കൺഫ്യൂഷൻ ഇല്ലാത്ത പുതുമയുള്ള പേരായിരിക്കണം
3. മതപരമാകരുത്...തിരിച്ചറിയപ്പെടരുത് എന്നു ചുരുക്കം
എന്നീ നിബന്ധനകൾ വച്ചത്...

തപ്പി തപ്പി നേപ്പാൾ, ബൂട്ടാൻ വഴി ടിബറ്റിലെത്തി. ടിബറ്റൻ പേരുകളിൽ നിന്ന് ഇഷ്ടപ്പെട്ട രണ്ടെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തു. അവസാന ഘട്ട വോട്ടിങ്ങിൽ നിന്നാണ് "ZAYA" “സായ“ എന്ന പേര് തിരഞ്ഞെടുത്തത്..
നിബന്ധനകൾ എല്ലാം മീറ്റ് ചെയ്യുന്നു..

1. അർത്ഥം : victorious women.... കിടിലൻ..
2. ഇതുവരെ ഞാൻ കേട്ടിട്ടില്ല.. വീട്ടുകാരും..നാട്ടുകാരും....വായിക്കുമ്പോഴും എഴുതുമ്പോഴും കൺഫ്യൂഷൻ ഇല്ലവേ ഇല്ലൈ
3. “സായ” എന്ന പേരിൽ നിന്ന് മതം ഒരുത്തനും തിരിച്ചറിയാൻ പറ്റില്ല.
and Hence "Zaya"


ദയവായി ശ്രദ്ധിക്കുക: ഇതൊരു ടിബറ്റൻ പേരാണ്. മതപരമാക്കാനുള്ള തന്ത്രപ്പാടിൽ ഇതര ഭാഷകളിലെ ഇതുമായി സ്വരബന്ധമുള്ള വാക്കുകൾ ചികഞ്ഞ് അർത്ഥം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിലൂടെ ജീവിതത്തിലെ മറ്റു പ്രധാനപ്പെട്ട കാര്യങ്ങൾക്കുള്ള സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.


2 comments:

ശ്രീ said...

"സായ"

പേരിനു പിന്നിലെ കഥ ഇഷ്ടായി. കണ്ടീഷന്‍സും.

[എന്റെ മോള്‍ക്ക് സാരംഗി എന്നാണ് പേരിട്ടിരിയ്ക്കുന്നത്]

Sherlock said...

ശ്രീ, താങ്ക് ഇപ്പോഴും ബ്ലോഗൊക്കെ നോക്കാറുണ്ടോ?