Thursday, March 10, 2011

മരണം

എവിടെയാണോ എപ്പോഴാണോ മരണമെത്തുക എന്നു പറയാന്‍ ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കാമായിരുന്നു. അതുമല്ലെങ്കില്‍ മരണപ്പെടുന്ന ആളിനെ അവസാനമായി ഒരു വട്ടമെങ്കിലും കാണാനുള്ള ഒരുക്കമെങ്കിലും നടത്താമായിരുന്നു.. എന്തു ചെയ്യാം?...

അരമണിക്കൂര്‍ മുമ്പാണ് അച്ഛന്‍ വിളിച്ചത്.. അമ്മയുടെ അച്ഛന്‍ മരിച്ചതും പറഞ്ഞ്. പിന്നെ ഇത്രയും നേരം പല ട്രാവത്സുകളില്‍ വിളിച്ച് അവസാന ബസ്സ് പുറപ്പെടുന്ന സമയം ആരായുകയായിരുന്നു. എല്ലായിടത്തും അവസാന ബസ്സ് 10 നാണ്. ചിലത് 10.30 നും. താമസിക്കുന്ന സ്ഥലത്തു നിന്ന് മഡിവാളയിലെത്താന്‍ മിനിമം അരമണിക്കൂര്‍ എങ്കിലും എടുക്കും. ട്രെയിന്‍ എല്ലാം പോയ് കഴിഞ്ഞു. ഇനി അടുത്ത ട്രെയിന്‍ കാലത്ത് 6.15ന്. അതില്‍ കയറിയാല്‍ വീട്ടിലെത്തുമ്പോള്‍ നാളെ വൈകുന്നേരം നാലുമണിയെങ്കിലും ആ‍വും. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.. ഇനി ക്യാബ് ബുക്ക് ചെയ്ത്പോകാമെന്നു വെച്ചാല്‍ തന്നെ കാറിലുള്ള രാത്രിയാത്ര തികച്ചും അപകടകരം. ചുരുക്കിപറഞ്ഞാല്‍ അച്ഛാച്ചനെ അവസാനമായി ഒരു നോക്കു കാണാന്‍ പറ്റില്ലെന്നു ചുരുക്കം.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടില്‍ വന്നു പോകുന്ന ഗള്‍ഫിലുള്ള പല കസിന്‍സിന്റെയും മുന്നില്‍ പലപ്പോഴും ഞാന്‍ അഹങ്കരിച്ചിട്ടുണ്ട്. എനിക്കെപ്പോ വേണമെങ്കിലും നാട്ടില്‍ വന്നു പോകാം വെറും 11 മണിക്കൂര്‍ ബസ്സിലിരുന്നാല്‍ മതി എന്നൊക്കെ പറഞ്ഞ്. പക്ഷേ ഇപ്പോള്‍ തോന്നുന്നു വെറും ഒരു മണിക്കുര്‍ അകലത്തിലായിരുന്നാല്‍ കൂടി സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ അതൊന്നും നടന്നെന്നു വരില്ല.

ജീവിച്ചിരുന്നപ്പോള്‍ അച്ഛാച്ചനുമായി അത്രയൊന്നും അടുപ്പമുണ്ടായിരുന്നില്ല. വല്ലപ്പോഴും കാണും. എന്തെങ്കിലും കൊടുക്കും അത്രമാത്രം. ഒരു പക്ഷേ അച്ചാച്ചന്‍ എന്ന സ്ഥാനത്തു നിന്നു കിട്ടേണ്ടിയിരുന്ന സ്നേഹം കിട്ടാതിരുന്നതു കൊണ്ടാകണം. ഒരിക്കല്‍ പോലും സ്നേഹത്തോടു കൂടി സംസാരിക്കുകയോ പേരക്കുട്ടി എന്ന രീതിയില്‍ എന്തെങ്കിലും തരികയോ ചെയ്തിട്ടില്ല.

പക്ഷേ ഇപ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ അറിയുന്നു. എന്റെ മനസില്‍ ഉണ്ടായിരുന്ന വെറുപ്പ് മഞ്ഞുരുകുന്നതുപോലെ ഉരുകുന്നതും ഞാന്‍ അറിയുന്നു. അമ്മയെ വിളിച്ചപ്പോള്‍ അമ്മയുടെ സംസാരത്തിലുണ്ടായ നിസംഗത എന്നെ അതിനെക്കാളേറെ വീര്‍പ്പുമുട്ടിക്കുന്നു.


ഇപ്പോള്‍ അച്ഛന്‍ വീണ്ടും വിളിച്ചിരുന്നു. രാവിലെ 11.30 നോടെ എടുക്കുമെന്നു പറഞ്ഞ്.


എന്നോട് പൊറുക്കണം... എനിക്ക് വരാന്‍ കഴിയില്ല.... ഏതെങ്കിലും രീതിയിലുള്ള തെറ്റ് എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു തരിക....

2 comments:

ശ്രീ said...

എന്തു പറയാന്‍?

ഇതേ അവസ്ഥ ഞാനുമനുഭവിച്ചതാണ്. ഇന്നേക്ക് കൃത്യം 2 വര്‍ഷം മുന്‍പ്, അച്ഛമ്മ മരിച്ചപ്പോള്‍. പിന്നെ സഞ്ചയനത്തിന് അപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തു.

B Shihab said...

ok,good